എന്തൊരു ഗോള്‍ !

  • ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ബൈസിക്കിള്‍ കിക്ക് ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച ഗോളുകളിലൊന്ന്
  • 1962 ഫെബ്രുവരിക്ക് ശേഷം റയല്‍ മാഡ്രിഡ് ആദ്യമായി യുവെന്റസിന്റെ ഗ്രൗണ്ടില്‍ ജയിച്ചു
  • യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡും ബയേണ്‍ മ്യൂണിക്കും ക്വാര്‍ട്ടറിന്റെ ആദ്യ പാദം ജയിച്ചു
Posted on: April 5, 2018 6:06 am | Last updated: April 4, 2018 at 10:41 pm
ക്രിസ്റ്റ്യാനോയുടെ ബൈസിക്കിള്‍ കിക്ക് ഗോള്‍

ടുറിന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തിലെ വിസ്മയഗോളുകളിലൊന്ന് പിറന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വായുവില്‍ മലക്കം മറിഞ്ഞ് നേടിയ മനോഹരമായ ബൈസിക്കിള്‍ കിക്കില്‍.

ലോകഫുട്‌ബോളിലെ മികച്ച ഗോള്‍കീപ്പറായ യുവെന്റസിന്റെ ജിയാന്‍ ലൂജി ബുഫണിനെ കാഴ്ചക്കാരനാക്കി ക്രിസ്റ്റ്യാനോ നേടിയ രണ്ട് ഗോളുകളുടെ ബലത്തില്‍ റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിന്റെ ആദ്യപാദം 3-0ന് ജയിച്ചു.

യുവെന്റസിന്റെ തട്ടകത്തിലാണ് മൂന്ന് ഗോളുകളും എന്നത് റയലിന്റെ സെമി സാധ്യതകള്‍ വര്‍ധിപ്പിച്ചു. റിട്ടേണ്‍ ലെഗില്‍ യുവെന്റസ് മൂന്ന് ഗോളുകളുടെ കടം വീട്ടിയാല്‍ മാത്രമേ മത്സരഗതിയില്‍ മാറ്റം വരൂ. മൂന്നാം മിനുട്ടിലും അറുപത്തിനാലാം മിനുട്ടിലുമാണ് ക്രിസ്റ്റ്യാനോയുടെ സ്‌കോറിംഗ്. എഴുപത്തിരണ്ടാം മിനുട്ടില്‍ മാര്‍സലോയാണ് മൂന്നാം ഗോള്‍ നേടിയത്.

യുവെ ആരാധകര്‍
കൈയ്യടിച്ചു

എതിര്‍ ടീമിന്റെ കളിക്കാരനെ ശത്രുവിനെ പോലെ കാണുന്നവരാണ് യുവെന്റസ് ആരാധകര്‍. എന്നാല്‍, ക്രിസ്റ്റിയാനോ റൊണാള്‍ഡോ ബൈസിക്കിള്‍ കിക്ക് ഗോളില്‍ വിസ്മയിപ്പിച്ചപ്പോള്‍ യുവെ ആരാധകര്‍ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചു. റയല്‍ സൂപ്പര്‍ സ്റ്റാര്‍ ഗോള്‍ ആഹ്ലാദം കാണിക്കുമ്പോഴെല്ലാം അവര്‍ നിര്‍ത്താതെ കൈയ്യടിച്ചു. തനിക്ക് നല്‍കിയ അംഗീകാരത്തിന് ക്രിസ്റ്റിയാനോ കൈകൂപ്പ് നന്ദി അറിയിച്ചു.

ചരിത്രമായി ക്രിസ്റ്റ്യാനോ ഗോളടി..

ചാമ്പ്യന്‍സ് ലീഗില്‍ തുടരെ പത്ത് മത്സരങ്ങളില്‍ സ്‌കോര്‍ ചെയ്യുന്ന ആദ്യ താരമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ. രാജ്യത്തിനും ക്ലബ്ബിനുമായി കഴിഞ്ഞ 13 മത്സരങ്ങളില്‍ ക്രിസ്റ്റിയാനോ നേടിയത് 25 ഗോളുകള്‍. മുപ്പത്തിമൂന്നാം വയസിലും യുവ സ്‌ട്രൈക്കര്‍മാരെ അതിശയിപ്പിക്കുന്ന വേഗവും അതിവേഗത്തിലുള്ള പ്രതികരണ ശേഷിയുമാണ് ക്രിസ്റ്റ്യാനോ പ്രകടിപ്പിക്കുന്നത്.

ഡാനി കര്‍വായാല്‍ നല്‍കിയ ക്രോസ് ബോള്‍ മുന്നോട്ട് ഓടി പൊസിഷന്‍ ചെയ്താണ് ക്രിസ്റ്റ്യാനോ ബൈസിക്കിള്‍ കിക്ക് ചെയ്തത്. ഇതാകട്ടെ, ഗോളി ബുഫണിന് യാതൊരു അവസരവും നല്‍കാതെ വലയുടെ മൂലയില്‍ തുളച്ചു കയറി. റയലിനായി കഴിഞ്ഞ ഒമ്പത് മത്സരങ്ങളില്‍ നിന്ന് പത്തൊമ്പത് ഗോളുകള്‍ നേടിയ ക്രിസ്റ്റിയാനോ ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തിലെ ആള്‍ ടൈം ടോപ് സ്‌കോററാണ്. 119 ഗോളുകളാണ് പോര്‍ച്ചുഗീസ് പ്ലെയറുടെ പേരിലുള്ളത്. മെസിയെക്കാള്‍ പത്തൊമ്പത് ഗോളുകള്‍ മുന്നില്‍.

കഴിഞ്ഞ പത്ത് ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ പതിനാറ് ഗോളുകളാണ് ക്രിസ്റ്റിയാനോ നേടിയത്. പതിനാല് ഗോളുകളും ഈ സീസണില്‍. രണ്ട് ഗോളുകള്‍ കഴിഞ്ഞ സീസണില്‍ ഫൈനലില്‍ യുവെന്റസിനെതിരെ നേടിയത്.

റിബറി തിളങ്ങി…

ഒരു ഗോളിന് പിറകില്‍ നിന്ന ശേഷം സെവിയ്യക്കെതിരെ ബയേണ്‍ മ്യൂണിക് തിരിച്ചുവരവ് നടത്തുകയായിരുന്നു. മുപ്പത്തിരണ്ടാം മിനുട്ടില്‍ സറാബിയയാണ് സെവിയ്യയെ മുന്നിലെത്തിച്ചത്. അഞ്ച് മിനുട്ടിനുള്ളില്‍ ബയേണിന് സമനില ഗോള്‍. ജീസസ് നവാസിന്റെ സെല്‍ഫ് ഗോളായിരുന്നു ബയേണിനെ തുണച്ചത്. അറുപത്തെട്ടാം മിനുട്ടില്‍ തിയഗോ അല്‍കന്റാരയാണ് ജര്‍മന്‍ ക്ലബ്ബിന്റെ വിജയം കുറിച്ചത്. ഫ്രഞ്ച് പ്ലേ മേക്കര്‍ ഫ്രാങ്ക് റിബറിയാണ് ബയേണിന്റെ രണ്ട് ഗോളുകള്‍ക്ക് പിറകിലും. സ്‌പെയ്‌നില്‍ നേടിയ എവേ ഗോളുകള്‍ ബയേണിന് സെമി സാധ്യത നല്‍കുന്നു.