ശിവമൊഗയില്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ

Posted on: April 4, 2018 6:14 am | Last updated: April 4, 2018 at 12:04 am

ബെംഗളൂരു: ബി ജെ പി സംസ്ഥാന പ്രസിഡന്റും പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ ബി എസ് യെദ്യൂരപ്പയുടെ തട്ടകത്തില്‍ റോഡ് ഷോയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അഞ്ചാം ഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് രാഹുല്‍ ഇന്നലെ സംസ്ഥാനത്തെത്തിയത്. യെദ്യൂരപ്പയുടെ തട്ടകമായ ശിവമൊഗയിലും ചിത്രദുര്‍ഗ, തുമക്കുര്‍, രാമനഗര്‍ എന്നീ ജില്ലകളും കേന്ദ്രീകരിച്ചാണ് രാഹുലിന്റെ രണ്ട് ദിവസത്തെ പര്യടനം.

ഇന്നലെ ശിവമൊഗ ഉള്‍പ്പെടുന്ന മധ്യകര്‍ണാടകയില്‍ രാഹുല്‍ നടത്തിയ പടയോട്ടം അണികള്‍ക്ക് ആവേശമായി. ദാവന്‍ഗരെയില്‍ ഹൊണ്ണല്ലി, ഹരിഹര, ബത്തി നഗരങ്ങളിലായിരുന്നു ഇന്നലെത്തെ പര്യടനം. പ്രത്യേകം തയ്യാറാക്കിയ ബസില്‍ രാഹുല്‍ നടത്തിയ റോഡ് ഷോക്ക് അഭിവാദ്യം അര്‍പ്പിക്കാനും നേരില്‍ കാണാനും ആയിരക്കണക്കിന് ആളുകളാണ് റോഡിന് ഇരുവശവും തടിച്ചുകൂടിയത്.

ഇന്നലെ രാവിലെ ഹുബ്ബള്ളിയില്‍ എത്തിയ രാഹുല്‍ഗാന്ധിയെ മുഖ്യമന്ത്രി സിദ്ധരാമയ്യ, കെ പി സി സി പ്രസിഡന്റ് ഡോ. ജി പരമേശ്വര തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. പിന്നീട് ശിവമൊഗയിലേക്ക് പോയി. ഹൊന്നാലി, ഹരിഹാര എന്നിവിടങ്ങളില്‍ വിവിധ പ്രചാരണ പരിപാടികളില്‍ പങ്കെടുത്ത രാഹുല്‍ വൈകീട്ട് ദാവന്‍ഗരെയില്‍ നടന്ന പൊതുയോഗത്തിലും സംസാരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതിക്കാരെ പ്രോത്സാഹിപ്പിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. അഴിമതി കേസില്‍ ജയിലില്‍ കിടന്ന യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണം ഇതിനുദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദി മുതല്‍ അമിത്ഷാ വരെ ബി ജെ പിയിലെ എല്ലാവരും അഴിമതിയെ പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ന് ചിത്രദുര്‍ഗ ജില്ലയിലെ ഹൊലല്‍ക്കെരെയില്‍ രാഹുല്‍ പര്യടനം നടത്തും. ലിംഗായത്തുകള്‍ക്ക് വേരോട്ടമുള്ള പ്രദേശമാണിത്. 111 വയസ്സുള്ള ലിംഗായത്തുകളുടെ ആചാര്യന്‍ സിദ്ധഗംഗ മഠം ശിവകുമാര സ്വാമിയെ സന്ദര്‍ശിക്കും. തുടര്‍ന്ന് തുമകൂറില്‍ റോഡ് ഷോയിലും പങ്കെടുക്കും. വൈകീട്ട് ന്യൂഡല്‍ഹിക്ക് തിരിക്കും. ഏഴിന് വീണ്ടും സംസ്ഥാനത്തെത്തുന്ന രാഹുല്‍ കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സ്, ബംഗാര്‍പേട്ട് എന്നിവിടങ്ങളിലെ പരിപാടികളില്‍ സംബന്ധിക്കും. എട്ടിന് ജനാശിര്‍വാദ യാത്രയുടെ സമാപന സമ്മേളനം ബെംഗളൂരു പാലസ് മൈതാനിയില്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി അഞ്ച് ലക്ഷത്തോളം പ്രവര്‍ത്തകര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് കെ പി സി സി പ്രസിഡന്റ് ഡോ. ജി പരമേശ്വര അറിയിച്ചു. ഉത്തര കര്‍ണാടക, മൈസൂരു മേഖല, തീരദേശ ജില്ലകള്‍ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച യാത്രക്ക് രാഹുല്‍ ഗാന്ധിയാണ് നേതൃത്വം നല്‍കിയത്. മന്ത്രിമാര്‍ക്കും എം എല്‍ എമാര്‍ക്കും കോര്‍പ്പറേറ്റര്‍മാര്‍ക്കുമാണ് സമാപന സമ്മേളനത്തിന്റെ നടത്തിപ്പ് ചുമതല.

ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത്ഷായും ഇന്നലെ സംസ്ഥാനത്തെത്തി. ദര്‍വാഡ്, ഹാവേരി, ബാഗല്‍കോട്ട് മേഖലകളിലായിരുന്നു ഷായുടെ പര്യടനം. ബാഗല്‍കോട്ട് ശിവയോഗി മന്ദിരത്തിലെ 250 ഓളം ലിംഗായത്ത് സന്യാസിമാരുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തി.