Connect with us

Kerala

വയനാട്ടിലെ മിച്ചഭൂമി തട്ടിപ്പ്: ഡെ. കലക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

Published

|

Last Updated

തിരുവനന്തപുരം: വയനാട്ടിലെ കോട്ടത്തറ വില്ലേജിലെ മിച്ച ഭൂമി തട്ടിപ്പിനെക്കുറിച്ച് അന്വേഷണത്തിന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ ഉത്തരവിട്ടു. ലാന്‍ഡ് റവന്യൂ കമ്മീഷണറാണ് അന്വേഷിക്കുക. സംഭവത്തില്‍ വയനാട് ഡെപ്യൂട്ടി കലക്ടര്‍ ടി സോമനാഥനെ സസ്‌പെന്‍ഡ് ചെയ്തു. വയനാട്ടില്‍ കോട്ടത്തറ വില്ലേജിലെ നാലേക്കര്‍ മിച്ച ഭൂമി കൈവശപ്പെടുത്താന്‍ ഭൂ മാഫിയ കൈക്കൂലി കൊടുക്കുന്നതടക്കമുള്ള ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി.

സംഭവത്തില്‍ ജില്ലാ കലക്ടര്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി. സമഗ്രമായ അന്വേഷണം നടത്തുമെന്നും ഇതിന് ശേഷം തുടര്‍ നടപടിയുണ്ടാകുമെന്നും റവന്യൂ മന്ത്രി അറിയിച്ചു. റവന്യൂ വകുപ്പിലും മന്ത്രിയുടെ ഓഫീസിലും കിട്ടുന്ന എല്ലാ പരാതികളും നിവേദനങ്ങളും ജില്ലാ -താലൂക്ക് ആസ്ഥാനങ്ങളില്‍ തുടര്‍ നടപടികള്‍ക്കായി അയക്കാറുണ്ട്. അന്വേഷണത്തില്‍ കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ മുഖം നോക്കാതെയുള്ള നടപടി സ്വീകരിക്കും. റവന്യൂ മന്ത്രിയുടെ ഓഫീസ് അസാധാരണമായ ഒരു ഇടപെടലും നടത്തിയിട്ടില്ല. വകുപ്പിലും മന്ത്രിയുടെ ഓഫീസിലും കിട്ടുന്ന എല്ലാ പരാതികളും നിവേദനങ്ങളും ജില്ലാ-താലൂക്ക് ആസ്ഥാനങ്ങളില്‍ തുടര്‍ നടപടികള്‍ക്കായി അയക്കാറുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഒരു വിഷയത്തില്‍ നിശ്ചിത തീരുമാനം കൈക്കൊള്ളണമെന്ന കല്‍പ്പന എം എന്‍ സ്മാരകത്തില്‍ നിന്നോ ഒരു പാര്‍ട്ടി ഓഫീസുകളില്‍ നിന്നോ ഉണ്ടാകാറില്ല. കേരളത്തിലെവിടെ നിന്നും വരുന്നവര്‍ പാര്‍ട്ടി ആസ്ഥാനങ്ങളില്‍ എത്താറുണ്ട്. സെക്രട്ടേറിയറ്റിലും മറ്റും കയറാനുളള പാസ് സംഘടിപ്പിക്കാനും മറ്റുമായാണ് ഇങ്ങനെ വരുന്നത്. ഇതില്‍ അസ്വഭാവികമായി ഒന്നുമില്ല. ഏത് രീതിയിലുള്ള അന്വേഷണമാണ് വേണ്ടതെന്ന് കൂടിയാലോചിച്ച് തീരുമാനിക്കും. പുറത്തു വന്ന വാര്‍ത്ത സംബന്ധിച്ച് എന്തെങ്കിലും അന്തര്‍ നാടകം നടന്നിട്ടുണ്ടൊ എന്ന കാര്യവും പരിശോധിക്കും. ഡെപ്യൂട്ടി കലക്ടര്‍ പണം വാങ്ങുന്ന ദൃശ്യങ്ങളെക്കുറിച്ചും അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍ ഇക്കാര്യത്തില്‍ നടപടിയല്ല, നിജ സ്ഥിതി എന്താണെന്ന് ആദ്യം അറിയട്ടെ എന്നും അതിനെ പറ്റി അന്വേഷിക്കുമെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.

എം എന്‍ സ്മാരകത്തിലിരുന്ന് ആരും കാശ് വാങ്ങിച്ചിട്ടില്ല. ഓഫീസിലേക്ക് പലവിധ കാര്യങ്ങള്‍ക്കായി ജനങ്ങള്‍ക്ക് വരാമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി തലത്തില്‍ അന്വേഷണം ഉണ്ടാകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതൊന്നും ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്നായിരുന്നു കാനത്തിന്റെ മറുപടി. അതേസമയം, റിപ്പോര്‍ട്ട്്് പുറത്തു വന്നതോടെ സി പി ഐ പ്രതിരോധത്തിലായി. സി പി ഐയില്‍ കാനം രാജേന്ദ്രന്റെ പക്ഷത്തെ എതിര്‍ക്കുന്നയാളാണ് ആരോപണ വിധേയനായ വയനാട് ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര.

കഴിഞ്ഞ ജില്ലാ സമ്മേളനത്തില്‍ വിജയന്‍ ചെറുകരയെ ഒഴിവാക്കാന്‍ കാനത്തിന്റെ നേതൃത്വത്തിലുളള പക്ഷം ശ്രമിച്ചിരുന്നു. എന്നാല്‍ അതിനെ അതിജീവിച്ച്്് വിജയന്‍ ചെറുകര ജില്ലാ സെക്രട്ടറിയാവുകയായിരുന്നു. സംഭവത്തില്‍ ഇനി കാനം രാജേന്ദ്രന്റെ നിലപാടാവും നിര്‍ണായകമാവുക.
ആരോപണങ്ങളെ നിഷേധിച്ച് വിജയന്‍ ചെറുകര വാര്‍ത്താസമ്മേളനം നടത്തിയതും പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ്.