Connect with us

International

ശമ്പളം മുടങ്ങി; വടക്കന്‍ ഇറാഖില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തെരുവിലിറങ്ങി

Published

|

Last Updated

ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് വടക്കന്‍ ഇറാഖിലെ കുര്‍ദ് സ്വയംഭരണ മേഖലയില്‍ പ്രതിഷേധത്തിലേര്‍പ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പോലീസ് നീക്കം ചെയ്യുന്നു

ഇര്‍ബില്‍: ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് വടക്കന്‍ ഇറാഖില്‍ ആയിരക്കണക്കിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. അധ്യാപകര്‍, ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരാണ് ശമ്പളം വൈകിയതിനെ തുടര്‍ന്ന് സമരത്തിനിറങ്ങിയത്. ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് ഈ മാസം തുടക്കത്തില്‍ കുര്‍ദ് മേഖലയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പണിമുടക്കിലേര്‍പ്പെട്ടിരുന്നു. പ്രതിഷേധം വ്യപകമാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ബുധനാഴ്ച ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രതിഷേധക്കാരുടെ ആവശ്യം പരിഗണിക്കാമെന്നും നിലവിലെ ശമ്പള ഘടനയില്‍ മാറ്റം വരുത്തുമെന്നും കൂടിക്കാഴ്ചയില്‍ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നതാണ്.

2014ന് മുമ്പ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം നല്‍കിയിരുന്നത് ബഗ്ദാദിലെ സെന്‍ട്രല്‍ സര്‍ക്കാറായിരുന്നു. എന്നാല്‍ ബഗ്ദാദിലെ സര്‍ക്കാറുമായുള്ള ചില അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്നും ഇസില്‍വിരുദ്ധ യുദ്ധം ശക്തിപ്പെട്ടതിനെ തുടര്‍ന്നും ഈ രീതി പിന്നീട് കുര്‍ദ് സര്‍ക്കാര്‍ അവസാനിപ്പിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ നിലവില്‍ കുര്‍ദ് മേഖലയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ശമ്പളത്തിന്റെ 25 ശതമാനം മാത്രമാണ് കൈപറ്റുന്നത്.

അതിനിടെ, പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ നിരവധി മാധ്യമപ്രവര്‍ത്തകരെ സര്‍ക്കാറിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. ഇതിന് പുറമെ പ്രതിഷേധവുമായി എത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.