അഞ്ച് വര്‍ഷത്തിനിടെ ദുബൈയില്‍ ഇന്ത്യന്‍ നിക്ഷേപം 8,300 കോടി ദിര്‍ഹം

Posted on: February 28, 2018 6:09 pm | Last updated: February 28, 2018 at 6:09 pm
ദുബൈ പ്രോപ്പര്‍ട്ടി ഫെസ്റ്റിവല്‍ സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍

ദുബൈ: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യന്‍ നിക്ഷേപകര്‍ ദുബൈ റിയല്‍ എസ്റ്റേറ്റ് രംഗത്ത് നിക്ഷേപമിറക്കിയത് 8,300 കോടി ദിര്‍ഹമെന്ന് കണക്കുകള്‍. ദുബൈ ലാന്‍ഡ് ഡിപാര്‍ട്‌നെന്റിന്റെ കീഴില്‍ ഏപ്രില്‍ ഒമ്പതിന് ആരംഭിക്കുന്ന പ്രോപ്പര്‍ട്ടി ഫെസ്റ്റിവെല്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിനോടനുബന്ധിച്ചു പുറത്തു വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

2017ല്‍ ഇന്ത്യന്‍ നിക്ഷേപം 1,500 കോടി ദിര്‍ഹമായിരുന്നു. 2016ലേത് 1,200 കോടിയും. അതേസമയം 2,000 കോടി ദിര്‍ഹമോടെ 2015ലാണ് ഏറ്റവും അധികം ഇന്ത്യക്കാരുടെ നിക്ഷേപം ദുബൈയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്ക് ഒഴുകിയെത്തിയതെന്ന് ഡിപ്പാര്‍ട്‌മെന്റിന്റെ റിപോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

യു എ ഇയിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണ്. ഈ സവിശേഷതയോടൊപ്പം രാജ്യത്തെ ഒട്ടനവധി വ്യാപാര സംരംഭങ്ങളുടെ സിംഹ ഭാഗവും ഇന്ത്യക്കാരുടേതാണെന്നത് ശ്രദ്ധേയമാണെന്നും രാജ്യത്തെ നിക്ഷേപ സൗഹൃദ അന്തരീക്ഷമാണ് ഇന്ത്യന്‍ നിക്ഷേപകരെ കൂടുതല്‍ ആകര്‍ഷിക്കുന്നതെന്നും റിപോര്‍ട് അടിവരയിടുന്നു.
ശോഭ ഗ്രൂപ്, ഡാന്യൂബ് പ്രോപ്പര്‍ടീസ്, ജമിനി പ്രോപ്പര്‍ട്ടി ഡവലപ്പേഴ്സ്, ഇന്‍ഡിഗോ പ്രോപ്പര്‍ട്ടീസ്, റോക്കി റിയല്‍ എസ്റ്റേറ്റ്, സിറ്റി ടവര്‍ റിയല്‍ എസ്റ്റേറ്റ് തുടങ്ങിയവയാണ് ദുബൈയിലെ പ്രമുഖ ഇന്ത്യന്‍ നിക്ഷേപകര്‍.