കാഞ്ചി കാമകോടി മഠാധിപതി ജയേന്ദ്ര സരസ്വതി അന്തരിച്ചു

Posted on: February 28, 2018 10:38 am | Last updated: February 28, 2018 at 12:23 pm

കാഞ്ചീപുരം: കാഞ്ചി കാമകോടി മഠാധിപതി ജയേന്ദ്ര സരസ്വതി (83) അന്തരിച്ചു. കാഞ്ചീപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ശ്വാസകോശ രോഗങ്ങളെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാഞ്ചി കാമകോടി പീഠത്തിന്റെ 69ാമത്തെ മഠാധിപതിയാണ്

ജയേന്ദ്ര സരസ്വതി. ചന്ദ്രശേഖര സരസ്വതിയുടെ പിന്‍ഗാമിയായി 1994ല്‍ ആണ് ഇദ്ദേഹം മഠാധിപതിയായി ചുമതലയേറ്റത്. 1954 മുതല്‍ നാല്‍പ്പത് വര്‍ഷത്തോളം കാഞ്ചി മഠത്തിന്റെ ഇളയ മഠാധിപതിയായിരുന്നു. 2005ല്‍ കാഞ്ചി മഠത്തിന്റെ ഓഡിറ്ററായിരുന്ന ശങ്കരരാമന്റെ വധവുമായി ബന്ധപ്പെട്ട കേസില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. 2013ല്‍ അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.

1935 ജൂലൈ 18നാണ് സുബ്രഹ്മണ്യനെന്ന ജയേന്ദ്ര സരസ്വതി ജനിച്ചത്. വേദാധ്യയനം കഴിഞ്ഞു 19ാം വയസ്സില്‍ സുബ്രഹ്മണ്യന്‍ ജയേന്ദ്ര സരസ്വതിയായി സന്യാസജീവിതത്തിലേക്ക് പ്രവേശിച്ചു. 1954 മാര്‍ച്ച് 22നാണ് ആദിശങ്കരന്‍ ഭാരതപര്യടനം കഴിഞ്ഞു വന്നു വിശ്രമിച്ച കാഞ്ചിയിലെ മുക്തിമണ്ഡപത്തില്‍ ഗുരുവില്‍നിന്നു ജയേന്ദ്ര സരസ്വതി മന്ത്രദീക്ഷ സ്വീകരിച്ചത്. ആദിശങ്കരനുശേഷം ആദ്യമായി കൈലാസവും മാനസസരോവറും സന്ദര്‍ശിച്ച കാഞ്ചി മഠാധിപതിയാണ് ജയേന്ദ്രസരസ്വതി.