അസം ജനസംഖ്യയില്‍ മുസ്‌ലിംകള്‍ വര്‍ധിക്കുന്നു; വിവാദ പരാമര്‍ശവുമായി സൈനിക മേധാവി

  • ബിപിന്‍ റാവത്തിന്റേതു രാഷ്ട്രീയമായ പ്രസ്താവനയാണെന്നും അതു ഞെട്ടിക്കുന്നതാണെന്നും ബദ്രുദ്ദീന്‍ അജ്മല്‍.
  • റാവത്തിന്റെ പ്രസ്താവന വിവാദമാക്കേണ്ട കാര്യമില്ലെന്നു സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.
Posted on: February 22, 2018 7:24 pm | Last updated: February 23, 2018 at 9:15 am

ന്യൂഡല്‍ഹി: അസം ജനസംഖ്യയില്‍ മുസ്‌ലിംകള്‍ വര്‍ധിക്കുന്നുവെന്ന വിവാദ പരാമര്‍ശവുമായി സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ഇന്നലെ(ബുധനാഴ്ച) ഡല്‍ഹിയില്‍ നടന്ന സെമിനാറിലാണു റാവത്തിന്റെ വിവാദ പരാമര്‍ശമുണ്ടായത്.

അസം മേഖലയിലെ ജനസംഖ്യാ തന്ത്രത്തെ ഇനി മാറ്റാനാകുമെന്നു തോന്നുന്നില്ല. ആദ്യം അഞ്ച് ജില്ലയായിരുന്നു, പിന്നീട് എ്ടും ഒന്‍പതുമായി. ഏതു സര്‍ക്കാര്‍ ഭരിച്ചാലും ഇതുതന്നെയാണ് അവസ്ഥയെന്നും മുസ്‌ലിം ഭൂരിപക്ഷമുള്ള ജില്ലകള്‍ അസമില്‍ വര്‍ധിക്കുന്നതിനെക്കുറിച്ച് റാവത്ത് വ്യക്തമാക്കി.

ബംഗ്ലാദേശില്‍നിന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള ജനങ്ങളുടെ ഒഴുക്ക് ചൈനീസ് പിന്തുണയോടെ പാക്കിസ്ഥാന്‍ നടത്തുന്ന നിഴല്‍യുദ്ധത്തിന്റെ ഭാഗമാണ്. ഈ മേഖല കയ്യടക്കാനാണ് അവരുടെ ശ്രമം. ബംഗ്ലാദേശില്‍നിന്നുള്ളവരുടെ കടന്നുവരവ് പരിശോധിക്കാന്‍ പൗരന്മാരുടെ ദേശീയ റജിസ്റ്റര്‍ തയാറാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അസമില്‍ എഐയുഡിഎഫ് എന്ന ഒരു പാര്‍ട്ടിയുണ്ട്. അവരുടെ വളര്‍ച്ച ശ്രദ്ധിച്ചാല്‍ അറിയാം, ബിജെപി വര്‍ഷങ്ങളെടുത്തു വളര്‍ന്നതിനെക്കാള്‍ വേഗത്തിലാണ് അതിന്റെ വളര്‍ച്ച. 1984 ലെ പൊതു തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് രണ്ടു സീറ്റേ ലഭിച്ചിരുന്നുള്ളൂ. അസമില്‍ വളരെ വേഗത്തിലാണ് എഐയുഡിഎഫ് വളരുന്നതെന്നും റാവത്ത് പറഞ്ഞു. 2005 ല്‍ രൂപീകരിക്കപ്പെട്ട എഐയുഡിഎഫിന് പാര്‍ലമെന്റില്‍ മൂന്ന് അംഗങ്ങളും അസം നിയമസഭയില്‍ 13 അംഗങ്ങളുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, റാവത്തിന്റെ പ്രസ്താവന വിവാദമാക്കേണ്ട കാര്യമില്ലെന്നു സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.

എന്നാല്‍ ബിപിന്‍ റാവത്തിന്റേതു രാഷ്ട്രീയമായ പ്രസ്താവനയാണെന്നും അതു ഞെട്ടിക്കുന്നതാണെന്നും ബദ്രുദ്ദീന്‍ അജ്മല്‍ ട്വീറ്റ് ചെയ്തു.

ബിജെപിയേക്കാള്‍ മറ്റൊരു പാര്‍ട്ടി വളരുന്നതിനെ സൈനിക മേധാവി എന്തിനാണ് ഭയക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.