Connect with us

Kannur

ആകാശ് നിരപരാധിയെന്ന് പിതാവ്; അറസ്റ്റ് സ്‌റ്റേഷനിലേക്ക് പോകും വഴി

Published

|

Last Updated

കണ്ണൂര്‍: എടയന്നൂരിലെ ശുഐബ് വധക്കേസില്‍ അറസ്റ്റിലായ ആകാശ് തില്ലങ്കേരിയും സുഹൃത്തായ റിജിന്‍ രാജും നിരപരാധികളെന്ന് ആകാശിന്റെ പിതാവ് വഞ്ഞേരി രവി. കൊല നടക്കുന്ന സമയത്ത് ഇരുവരും ക്ഷേത്രത്തിലായിരുന്നുവെന്നും ഇരുവരെയും അറസ്റ്റ് ചെയ്തത് പോലീസ് സ്‌റ്റേഷനിലേക്ക് പോകുന്ന വഴിയാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയെ സമീപിച്ചപ്പോള്‍ നിരപരാധിത്വം കോടതിയില്‍ തെളിയിക്കാന്‍ പറഞ്ഞതായും പ്രാദേശിക സിപിഎം നേതാവ് കൂടിയായ രവി പറഞ്ഞു.

മകനെ കോടതി വെറുതെ വിടുമെന്നാണ് വിശ്വാസം. ബിജെപി പറയുന്നതനുസരിച്ചാണ് കണ്ണൂരിലെ പോലീസ് പ്രവര്‍ത്തിക്കുന്നത്. ആകാശ് ഒളിവില്‍ പോയത് ഈ കേസുമായി ബന്ധപ്പെട്ടല്ല. മറിച്ച് വീടിന് സമീപത്ത് നിന്ന് ബോംബുകള്‍ കണ്ടെടുത്തിരുന്നു. ഇതിന് പിന്നില്‍ ആകാശ് ആണെന്ന് ബിജെപി പ്രചാരണം അഴിച്ചുവിട്ടു. തുടര്‍ന്നാണ് ആകാശ് ഒളിവില്‍ പോയത്. പോലീസ് വിളിച്ചതു പ്രകാരമാണ് ആകാശും സുഹൃത്തും മാലൂര്‍ പോലീസ് സ്‌റ്റേഷനിലേക്ക് പോയത്. പോകുന്ന വഴി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും പിതാവ് പറയുന്നു.

നേരത്തെ, ആകാശ് പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയതാണെന്ന് സിപിഎമ്മും, കീഴടങ്ങിയതല്ല, കീഴടങ്ങും മുമ്പ് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പോലീസും വ്യക്തമാക്കിയിരുന്നു.

Latest