Connect with us

Articles

നഷ്ടത്തില്‍ ഓടുമ്പോഴും സേവനത്തില്‍ പിന്നോട്ടില്ല

Published

|

Last Updated

നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ തന്നെ കെ എസ് ആര്‍ ടി സിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമെന്ന തീരുമാനത്തിലാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും ധനമന്ത്രിയും ഗതാഗതമന്ത്രിയും നല്‍കുന്ന ഉറപ്പിലാണ് കോര്‍പ്പറേഷന്റെ പ്രതീക്ഷ. വരുന്ന സാമ്പത്തിക വര്‍ഷത്തിലെ ഓരോ ഘട്ടത്തിലും കോര്‍പ്പറേഷന്റെ വരവും ചിലവും തമ്മിലുള്ള വിടവ് എത്രയാണെന്നത് മുന്‍കൂട്ടി തന്നെ നിശ്ചയിച്ചിട്ടുണ്ട്. ഈ വിടവ് നികത്തി മുന്നോട്ട് പോകാനുള്ള നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ഇതിനായാണ് ബജറ്റില്‍ കെ എസ് ആര്‍ ടി സിക്കായി 1000 കോടി വകയിരുത്തിയിട്ടുള്ളത്. കെ എസ് ആര്‍ ടി സിയുടെ ഭരണ സംവിധാനത്തില്‍ അഴിച്ചു പണി നടത്തി മൂന്ന് ലാഭകേന്ദ്രങ്ങളായി കെ എസ് ആര്‍ ടി സിയെ പുനഃസംഘടിപ്പിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ഇതനുസരിച്ച് കെ എസ് ആര്‍ ടി സിയെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മേഖലകളാക്കി വിഭജിച്ച് ഭരണം നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്.
നഷ്ടത്തിലാണ് സഞ്ചാരമെങ്കിലും യാത്രക്കാര്‍ക്ക് മികച്ച യാത്രാനുഭവം നല്‍കുക എന്നതില്‍ നിന്ന് പിന്നാക്കം പോകാന്‍ കെ എസ് ആര്‍ ടി സി തീരുമാനിച്ചിട്ടില്ല. ഇതിന്റെ ഭാഗമായാണ് കെ എസ് ആര്‍ ടി സി ഈ വര്‍ഷം പുതിയ 1000 ബസുകള്‍ കൂടി നിരത്തിലിറക്കുന്നത്. കിഫ്ബിയുടെ പണം ഉപയോഗിച്ച് വാങ്ങുന്ന ഈ ബസുകളുടെ ആദ്യ ബാച്ച് ഉടന്‍ തന്നെ നിരത്തുകളിലെത്തും. ഇതിനു പുറമേ അടുത്ത സാമ്പത്തിക വര്‍ഷം കൂടുതല്‍ ബസുകള്‍ വാങ്ങാനും ധാരണയായിട്ടുണ്ട്.

സര്‍വീസുകള്‍ നടത്തുന്നതിലെ മികവാണ് കെ എസ് ആര്‍ ടി സിയുടെ കാര്യക്ഷമതയെ നിര്‍ണയിക്കുന്ന പ്രധാന ഘടകം. ജീവനക്കാരുടേയും സംവിധാനങ്ങളുടെ കാര്യക്ഷമമായ പ്രവര്‍ത്തനം കൊണ്ടു മാത്രമേ നഷ്ടത്തിലുള്ള ഷെഡ്യൂളുകള്‍ ലാഭത്തിലാക്കാന്‍ കഴിയൂ. ഓരോ റൂട്ടിലും എത്ര ബസ് വേണം ഏത്ര സമയം ഇടവിട്ട് സര്‍വീസ് നടത്തണം എന്നൊക്കെ മുന്‍കൂട്ടി തിരിച്ചറിഞ്ഞ് വേണം സര്‍വീസുകള്‍ നിര്‍ണയിക്കാന്‍. കോര്‍പ്പറേഷന്റെ സ്ഥാപിത ശേഷിയുടെ 30 ശതമാനത്തോളം പ്രയോജപ്പെടുത്താതെ പോകുന്നുവെന്ന് കെ എസ് ആര്‍ ടി സിയെക്കുറിച്ച് പഠനം നടത്തി സി എച്ച് ഹനുമന്തറാവുവിന്റെ റിപ്പോര്‍ട്ട് ഈ ഘട്ടത്തില്‍ ഓര്‍മിക്കണം. കെ എസ് ആര്‍ ടി സിയെക്കുറിച്ചുള്ള കാര്യങ്ങള്‍ പലപ്പോഴും സര്‍ക്കാര്‍ തലത്തില്‍ രാഷ്ട്രീയമായി തീരുമാനിച്ച് കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന അവസ്ഥയാണുള്ളത്. ഇക്കാര്യത്തില്‍ മാറ്റമുണ്ടാകണം. പുതിയ പദ്ധതികളുടെ രൂപവത്കരണം മുതല്‍ കെ എസ് ആര്‍ ടിയുടെ മാനേജ്‌മെന്റ്-തൊഴിലാളി പ്രതിനിധികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നത് പദ്ധതിയുടെ പ്രായോഗിക നടത്തിപ്പില്‍ ഏറെ ഗുണകരമാകും.
കരകയറ്റാന്‍ ശക്തമായ

ഇടപെടല്‍
എ കെ ശശീന്ദ്രന്‍ (ഗതാഗത മന്ത്രി)

 

കെ എസ് ആര്‍ ടി സിയുടെ നിലവിലെ അവസ്ഥ മാറണമെങ്കില്‍ ഇപ്പോള്‍നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കെ എസ് ആര്‍ ടി സിയെ കരകയറ്റുക എന്നതാണ് പ്രധാനമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ഇതിന് രണ്ട് തലങ്ങളിലാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുള്ളത്.

1. ശമ്പളവും പെന്‍ഷനും യഥാസമയം കൊടുക്കുന്നതിന്റെ ഭാഗമായി പെന്‍ഷന്‍ നല്‍കാന്‍ പ്രത്യേക സംവിധാനം ഇതിനകം ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയിട്ടുണ്ട്. സഹകരണ കണ്‍സോര്‍ഷ്യം രൂപവത്കരിച്ച് 10 ശതമാനം പലിശ നിരക്കില്‍ വായ്പയെടുത്ത് പ്രാദേശിക സഹകരണ ബേങ്കുകളിലൂടെ പെന്‍ഷന്‍ നല്‍കുന്ന സംവിധാനം ഇതിന്റെ ഭാഗമായി രൂപവത്കരിച്ചതാണ്.

2. കോര്‍പ്പറേഷന്റെ കടബാധ്യത സംബന്ധിച്ചുള്ള പരിഷ്‌കരണമാണ് മറ്റൊരു ഘടകം. ഇതിന്റെ ഭാഗമായി ഇപ്പോള്‍ കെ എസ് ആര്‍ ടി സി ബേങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 13.5 ശതമാനം പലിശക്കാണ് വായ്പയെടുത്തിട്ടുള്ളത്. ഇതിന്റെ ഫലമായി പലിശയിനത്തില്‍ മാത്രം പ്രതിദിനം 2.5 കോടിയിലധികം രൂപ ബേങ്ക് കണ്‍സോര്‍ഷ്യത്തില്‍ അടക്കേണ്ടതായി വരുന്നു. ശരാശരി ആറ് കോടി പ്രതിദിന വരുമാനമുള്ള കെ എസ് ആര്‍ ടി സി ഈ തുക അടച്ചു കഴിഞ്ഞാല്‍ ബാക്കി അവശേഷിക്കുന്നത് 3.5 കോടി രൂപയാണ്. ഏതാണ്ട് ഇത്രയും തുക തന്നെ ഡീസല്‍ ചെലവിനും ആവശ്യമാണ്. മറ്റു ചെലവുകള്‍ കൂടി നിര്‍വഹിക്കേണ്ടി വരുമ്പോള്‍ കോര്‍പ്പറേഷന്റെ വരവും ചെലവും തമ്മിലുള അന്തരം പ്രതിമാസം ഏതാണ്ട് 151 കോടിയാകുന്ന അവസ്ഥയാണുള്ളത്. ഈ സാഹചര്യത്തില്‍ കണ്‍സോര്‍ഷ്യവുമായുള്ള ഉടമ്പടി പരിഷ്‌കരിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടന്നുവരുന്നു. ഇപ്പോഴുള്ള ചര്‍ച്ചകളുടെ ഫലമായി വായ്പകള്‍ ദീര്‍ഘകാല വായ്പകളാക്കി പരിഷ്‌കരിക്കുന്നതോടെ നിലവിലെ 13.5 ശതമാനം പലിശ 9.5 ശതമാനമായി ചുരുങ്ങും. ഇപ്രകാരം ധാരണയിലെത്തിയാല്‍ പലിശയിനത്തില്‍ ഇപ്പോള്‍ പ്രതിദിനം അടക്കുന്ന 2.5 കോടി രൂപ എന്നത് 56-60 ലക്ഷം രൂപയാകും. ഏതാണ്ട് രണ്ട് കോടി രൂപ ഒരു ദിവസം ചെലവിനത്തില്‍ ഇത്തരത്തില്‍ ലാഭിക്കാനാകും. വലിയ ബാധ്യതകള്‍ നിലനില്‍ക്കുന്ന ഇന്നത്തെ അവസ്ഥയില്‍ കോര്‍പ്പറേഷന് ഇത് വലിയ ആശ്വാസമായിരിക്കും. ഇതുമായി ബന്ധപ്പെട്ട് ബേങ്കിംഗ് കണ്‍സോര്‍ഷ്യവുമായി മുഖ്യമന്ത്രിയും ധനമന്ത്രിമന്ത്രിയും ഗതാഗതമന്ത്രിയും ബന്ധപ്പെട്ട വകുപ്പുകളിലെ സെക്രട്ടറിമാരും ചേര്‍ന്നുളള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഈ മാസം തന്നെ ഇതുമായി ബന്ധപ്പെട്ട കരാര്‍ ഒപ്പു വെക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ബേങ്ക് കണ്‍സോര്‍ഷ്യത്തില്‍ ഉള്‍പ്പെട്ട പഞ്ചാബ് നാഷനല്‍ ബേങ്കുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദം കാരണം നിലവിലെ ചര്‍ച്ചകള്‍ക്ക് വേഗത കുറഞ്ഞെങ്കിലും താമസിയാതെ കരാറിലെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

3. മാനേജ്‌മെന്റ് തലത്തിലെ ആധുനികവത്കരണവും കാര്യക്ഷമതാ വര്‍ധിപ്പിക്കലും കോര്‍പ്പറേഷന്റെ മുന്നോട്ട് പോക്കിന് അത്യന്താപേക്ഷിതമാണ്.
4. കോര്‍പ്പറേഷനിലെ പ്രവര്‍ത്തനശേഷിയിലുണ്ടാകേണ്ട യുക്തിസഹമായ പരിഷ്‌കരണത്തിലൂടെ നേട്ടമുണ്ടാക്കാനാകും.

5. ടയറുകളുടെ ഉപയോഗക്ഷമതയും ഇന്ധനത്തിന്റെ ഉപയോഗ ക്ഷമതയും വര്‍ധിപ്പിക്കുക എന്നത് പ്രധാനമാണ്. ഒരു ദിവസം ഒരു ബസ് ഒരു ലിറ്റര്‍ ഡീസല്‍ ലാഭിച്ചാല്‍ 50,000 സര്‍വീസുകളില്‍നിന്നായി അത്രയും ലിറ്റര്‍ ഡീസല്‍ ലാഭിച്ചാല്‍ ഒരു ദിവസം ലക്ഷങ്ങളുടെ ചിലവ് കുറക്കാന്‍ കഴിയും. എന്നാല്‍ ഇതിന് ഒരു മറുവശവുമുണ്ട്. അന്യ സംസ്ഥാനത്തെ ബസുകളുടെ ഇന്ധനക്ഷമതക്കൊപ്പം കെ എസ് ആര്‍ ടി സിയെ എത്തിക്കണമെങ്കില്‍ നമ്മുടെ റോഡും സ്റ്റോപ്പുകളുടെ എണ്ണവും അതിന് അനുസൃതമാകേണ്ടതുണ്ട്. യാത്രക്കാരുടെ എണ്ണവും മറ്റ് അനുബന്ധ ഘടകങ്ങളും കണക്കിലെടുത്ത് നമ്മുടെ സ്റ്റോപ്പുകള്‍ നിശ്ചയിക്കുമ്പോള്‍ മറ്റ് സംസ്ഥാനങ്ങളെപ്പോലെ ഒരു തടസവുമില്ലാതെ കിലോമീറ്ററുകളോളം ബസുകള്‍ക്ക് സഞ്ചരിക്കാനാകില്ല. പ്രായോഗിക തലത്തില്‍ അന്ധമായി അനുകരിച്ച് ഇക്കാര്യത്തില്‍ നടപടിയെടുക്കാനാകില്ല. എന്നാല്‍ ഇക്കാര്യത്തിലെല്ലാം കെ എസ് ആര്‍ ടിസിയിലെ തൊഴിലാളി യൂനിനുകളെല്ലാം വളരെ ക്രിയാത്മകമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. അതു കൊണ്ടുതന്നെ പെന്‍ഷന്‍ ശമ്പളം എന്നിവ കെ എസ് ആര്‍ ടിസിക്ക് സ്വയം നല്‍കാന്‍ കഴിയുന്ന ശേഷി ഉണ്ടാക്കാനാകുമെന്ന വിശ്വാസമാണ് ഉള്ളത്. പൊതുവില്‍ ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ കെ എസ് ആര്‍ ടി സിയെ പ്രതിസന്ധികളില്‍ നിന്ന് കരകയറ്റാനാകുമെന്നും ഒരു മെച്ചപ്പെട്ട പൊതുമേഖലാ സ്ഥാപനമാക്കി മാറ്റിയെടുക്കാനാകുമെന്ന ശുഭ പ്രതീക്ഷയാണ് ഗതാഗതമന്ത്രിയെന്ന നിലയില്‍ ഉള്ളത്.
(അവസാനിച്ചു)

 

 

Latest