Connect with us

Gulf

ജിജ്ഞാസയോടെ നോക്കി; എമിഗ്രേഷന്‍ കൗണ്ടറിലേക്ക് കുട്ടികള്‍ക്ക് സ്‌നേഹക്ഷണം

Published

|

Last Updated

ദുബൈ: ദുബൈ വിമാനത്താവളത്തിലെ യാത്രാക്കാരുടെ എമിഗ്രേഷന്‍ നടപടികള്‍ കൗണ്ടറിലെത്തി കണ്ടു മനസിലാക്കിയ സന്തോഷത്തില്‍ രണ്ടു കുട്ടികള്‍. രക്ഷിതാക്കള്‍ക്കൊപ്പം ദുബൈ സന്ദര്‍ശിക്കാനെത്തിയ രണ്ട് കുരുന്നുകള്‍ക്കാണ് അപൂര്‍വ ഭാഗ്യം ലഭിച്ചത്. എമിഗ്രേഷന്‍ കൗണ്ടറിനകത്തു കയറി നടപടികള്‍ നോക്കിക്കാണുന്ന “വി ഐ പി” കുട്ടികളുടെ ചിത്രം ദുബൈ മീഡിയാ ഓഫീസാണ് പുറത്തുവിട്ടത്.

വിമാനത്താവളത്തിലെ പതിവ് പരിശോധനക്കിടെ താമസ കുടിയേറ്റ വകുപ്പ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റിയാണ് എമിഗ്രേഷന്‍ കൗണ്ടറിലേക്ക് ജിജ്ഞാസയോടെ നോക്കുന്ന കുട്ടികളെ ശ്രദ്ധിച്ചത്. ഉടന്‍ തന്നെ അദ്ദേഹം കുട്ടികളെ എമിഗ്രേഷന്‍ കൗണ്ടറിനകത്തേക്ക് സ്‌നേഹപൂര്‍വം ക്ഷണിക്കുകയായിരുന്നു. തുടര്‍ന്ന് എങ്ങനെയാണ് പാസ്‌പോര്‍ട് പരിശോധിക്കുന്നതെന്നും മറ്റും ഉദ്യോഗസ്ഥര്‍ കുട്ടികള്‍ക്ക് മനസിലാക്കിക്കൊടുത്തു. തങ്ങളുടെ പാസ്‌പോര്‍ട്ടില്‍ സീല്‍ ചെയ്യുന്നത് കുട്ടികള്‍ കൗതുകപൂര്‍വം വീക്ഷിച്ചു.
തന്റെ പതിവു പരിശോധനയില്‍ എല്ലാ ദിവസവും ദുബൈയിലെത്തുന്ന യാത്രക്കാരെ വളരെ സന്തോഷവും ഉന്മേഷവുമുള്ളവരായി കാണാറുണ്ടെന്ന് മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി പറഞ്ഞു. ഏറ്റവും മികച്ച രീതിയിലാണ് ഓരോ ഉദ്യോഗസ്ഥനും യാത്രക്കാരുടെ നടപടികള്‍ പൂര്‍ത്തീകരിച്ചു നല്‍കുന്നത്.

എന്ത് ആവശ്യമുണ്ടെങ്കിലും യാത്രക്കാര്‍ക്ക് ധൈര്യപൂര്‍വം ഉദ്യോഗസ്ഥരോട് തുറന്നുപറയാമെന്നും തങ്ങളെപ്പോഴും സന്ദര്‍ശകരെ ദുബൈയിലേക്ക് സുസ്വാഗതം ചെയ്യുന്നതായും മര്‍റി പറഞ്ഞു.