Connect with us

Palakkad

ദുരിതം വിതച്ച് ആമയൂരില്‍ അനധികൃത പാറമട

Published

|

Last Updated

കൊപ്പം : നേരം പുലര്‍ന്നു എഴുന്നേല്‍ക്കുന്ന പിഞ്ചു കുട്ടികളുടെ കണ്‍പീലികളിലും മൂക്കിലും ചെവിയിലും പാറപ്പൊടിയുടെ പൊടിശകലങ്ങള്‍. അടുക്കളയില്‍ പാകം ചെയ്തു വച്ച ക്ഷണത്തിലും പാത്രങ്ങളിലും കരിങ്കല്‍ചീളുകളും പൊപടലങ്ങളും. ആമയൂര്‍ കിഴക്കേകര പ്രദേശവാസികളാണ് ഒറ്റപ്പാലം സബ്കലക്ടറുടെ മുമ്പില്‍ സങ്കടങ്ങളുടെ കെട്ടുകളഴിച്ചത്.

കിഴക്കേകര, നെടുമ്പ്രക്കാട് പാറമടകള്‍ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു ഒറ്റപ്പാലം സബ്കലക്ടര്‍ ജെറോമിക് ജോര്‍ജ്. പട്ടാമ്പി ദഹസില്‍ദാര്‍ പ്രസേന്നന്റെ നേതൃത്വത്തില്‍ പരിസ്ഥിതി വകുപ്പ് ഉദ്യോഗസ്ഥരും പ്രവര്‍ത്തകരും ഉണ്ടായിരുന്നു. കൊപ്പം ഗ്രാമ പഞ്ചായത്തിലെ എട്ടു, ഒന്‍പത് വാര്‍ഡുകളില്‍ ഉള്‍പ്പെട്ട കിഴക്കേകര, നെുമ്പ്രക്കാട് ഗ്രാമങ്ങളിലുള്ളവരാണ് അനധികൃത പാറമടകള്‍ കാരണം ദുരിതം അനുഭവിക്കുന്നത്.

2013ല്‍ അന്നത്തെ കൊപ്പം ഗ്രാമപഞ്ചായത്ത് ഭരിച്ചിരുന്നവരാണ് ക്രഷറുകള്‍ക്ക് ഭരണാനുമതി നല്‍കിയതെന്ന് ഇടതുമുന്നണി ആരോപിക്കുന്നു. എന്നാല്‍ ക്വാറികകളുടെ പ്രവര്‍ത്തനം തടയാന്‍ നിലവിലെ ഗ്രാമ പഞ്ചായത്ത് അധികൃതര്‍ ശ്രമിക്കുന്നില്ലെന്നു വലതു മുന്നണിയും ആരോപിക്കുമ്പോള്‍ രാഷ്ട്രീയ പാര്‍ടികളുടെ കപടമുഖം അഴിഞ്ഞു വീഴുന്നതാണ് ഇന്നലെ സബ് കലക്ടറുടെ മുന്‍പില്‍ കണ്ടത്.

അനധികൃത പാറമടകള്‍ മൂലം ഉണ്ടാകാവുന്ന ദുരന്തങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തതാകാം അന്നു പ്രദേശവാസികള്‍ മൗനത്തിലായത്. പ്രതിഷേധം ഉയര്‍ത്തുന്നവരെ തങ്ങളുടെ സ്വാധീനം ഉപയോഗിച്ചു ക്വാറി ഉടമകള്‍ നിശബ്ദരാക്കി. ഇതോടെ അഞ്ചു വര്‍ഷം കൊണ്ടു ഒരു പ്രദേശം ക്വാറി മാഫിയ തകര്‍ത്തുകളഞ്ഞു.

ഒരേ സമയം അമ്പത് വെടിയുണ്ട പായുംകണക്കെയാണ് ഇവിടെ പാറകള്‍ പൊട്ടിക്കൊണ്ടിരിക്കുന്നത്. അഞ്ചു വര്‍ഷം മുന്‍പ് പാറമടകള്‍ വരുമ്പോള്‍ നാട്ടുകാരും രാഷ്ടീയ പാര്‍ടികളും മൗനം പാലിച്ചു. ഇപ്പോള്‍ ശുദ്ധവായു പോലും ശ്വസിക്കാനാകാതെ നാട്ടുകാര്‍ ശ്വാസം മുട്ടേണ്ടി വന്നപ്പോഴാണ് പ്രദേശവാസികള്‍ സമരമുഖത്തേക്ക് ഇറങ്ങിയത്. രാഷ്ട്രീയ ചിന്തകള്‍ക്കപ്പുറം അതിജീവനത്തിനുള്ള സമരത്തില്‍ കൊപ്പം ഗ്രാമ പഞ്ചായത്ത് ഭരിക്കുന്ന ഇടതു മുന്നണിയുമുണ്ട്. പരിസ്ഥിതിയെ ദുര്‍ബലപ്പെടുത്തി സമ്പന്നരാകുന്നവര്‍ക്കുളള താക്കീതായി ജനകീയ സമരം രൂപപ്പെട്ടു വരണമെന്നാണ് അന്ന് മൗനം പാലിച്ച ഇടതു മുന്നണി ഇപ്പോള്‍ പറയുന്നതില്‍ ദുരൂഹതയുണ്ടെന്നാണ് യുഡിഎഫുകാര്‍ പറയുന്നത്.

അതേ സമയം ക്വാറി ഉടമകള്‍ സംരഭം നടത്തികൊണ്ടു പോകാനുള്ള എല്ലാ രേഖകളു സാധിച്ചിരിക്കുന്നു. നിയമ സാധ്യതകളുടെ പഴുതടച്ചു ക്വാറി മാഫിയ നേടിയ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയക്കാരുടെ സഹായം കൊണ്ടു മാത്രമാണെന്നാണ് നാട്ടുകാരുടെ ആരോപണം.

 

 

 

Latest