Connect with us

Kannur

ബീഹാര്‍ സ്വദേശിക്ക് മര്‍ദനം: നാല് പേര്‍ അറസ്റ്റില്‍

Published

|

Last Updated

കൂത്തുപറമ്പ്: മാനന്തേരിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ മര്‍ദിച്ച സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടികളെ പിടിക്കാനെത്തിയ ആളെന്നാരോപിച്ച് ബീഹാര്‍ സ്വദേശിയായ ചോട്ടുവിനെയാണ് ഒരു സംഘം മര്‍ദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 15 പേര്‍ക്കെതിരെയാണ് കണ്ണവം പോലീസ് കേസ്സെടുത്തിട്ടുള്ളത്.

മാനന്തേരി സത്രം സ്വദേശികളായ ഇല്ലിക്കല്‍ മുനാഫിര്‍, പി സിജു, എ രാജീവന്‍, പി വിശ്വനാഥന്‍ എന്നിവരെയാണ് കണ്ണവം പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാവിലെ മാനന്തേരി സത്രത്തിനടുത്ത് വെച്ചാണ് ഇതരസംസ്ഥാന തൊഴിലാളിയെ ഒരു സംഘം മര്‍ദിച്ച് പരുക്കേല്‍പ്പിച്ചത്. കുട്ടികളെ കടത്തുന്ന സംഘത്തില്‍പ്പെട്ടവരാണെന്നാരോപിച്ചായിരുന്നു മര്‍ദനം. ബിഹാര്‍ സ്വദേശിയായ ചോട്ടുവാണ് മര്‍ദനത്തിനിരയായത്. ഇയാള്‍ കണ്ണാടിപ്പറമ്പിനടുത്ത് ഹോട്ടല്‍ തൊഴിലാളിയാണെന്നാണ് പറയപ്പെടുന്നത്.
യുവാവിന്റെ ബാഗില്‍ നിന്ന് കണ്ടെത്തിയ ചില വസ്തുക്കളും പെരുമാറ്റത്തിലുണ്ടായ വ്യത്യാസവുമാണ് നാട്ടുകാരില്‍ സംശയത്തിനിടയാക്കിയത്.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കണ്ണവം പോലീസെത്തി ചോട്ടുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളിയെ മര്‍ദിച്ച് പരുക്കേല്‍പ്പിച്ച സംഭവത്തില്‍ 15 ഓളം പേര്‍ക്കെതിരെയാണ് കണ്ണവം പോലീസ് കേസ്സെടുത്തിട്ടുള്ളത്.
മറ്റ് പ്രതികളെ കണ്ടെത്താനുള്ള ശ്രമം പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

Latest