Connect with us

Articles

മൈതാനങ്ങളിലേക്ക് കോടികള്‍ ഒഴുകുമ്പോള്‍

Published

|

Last Updated

“ക്രിക്കറ്റ് താരങ്ങളെ കാലികളെ പോലെ പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള ഈ ലേലം വിളി പുരാതനവും താരങ്ങളെ അങ്ങേയറ്റം അപമാനിക്കുന്നതുമാണ്”-ന്യൂസിലാന്‍ഡ് ക്രിക്കറ്റ് പ്ലെയേഴ്‌സ് അസോസിയേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഹീത്ത് മില്‍സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് താരലേലത്തെ പരാമര്‍ശിച്ച് പറഞ്ഞതാണിത്. ഇന്ത്യന്‍ കായികവിപണിയിലേക്ക് കോടികള്‍ ഒഴുകുന്നതിന്റെ ആദ്യപടിയാണ് ഐ പി എല്‍ താരലേലം. ഐ പി എല്ലായാലും ഐ എസ് എല്ലായാലും കോടികള്‍ ലാഭം കൊയ്യുന്ന ഏര്‍പ്പാടായിട്ടുണ്ട് രാജ്യത്ത്. കായികതാരങ്ങള്‍ക്ക് സാമ്പത്തികമായി ചില നേട്ടങ്ങളൊക്കെ ഇത്തരം ലീഗുകള്‍ കൊണ്ടുവരുന്നു എന്നതിനൊപ്പംതന്നെ കോഴയും ഫാന്‍സുകള്‍ തമ്മില്‍ നടക്കുന്ന അക്രമങ്ങളും ഇന്ത്യന്‍ മൈതാനങ്ങളെ കീഴടക്കുകയാണ്. ഒത്തുകളി ആരോപണത്തെ തുടര്‍ന്ന് രണ്ടു വര്‍ഷ വിലക്കിനു ശേഷം രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും പതിനൊന്നാമത് ഐ പി എല്ലില്‍ മടങ്ങിയെത്തുകയാണ്. മത്സരം തോറ്റുകൊടുക്കുന്നതിനായി കോഴ വാഗ്ദാനം ചെയ്യപ്പെട്ടതായി ഐ ലീഗ് ടീമായ മിനര്‍വ പഞ്ചാബ് എഫ് സി കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. കോഴ ആരോപണങ്ങളില്‍ ഏറ്റവും കൂടുതല്‍ മുന്നിലുള്ളത് ക്രിക്കറ്റാണെങ്കില്‍ ഫുട്‌ബോളിലേക്ക് വരുമ്പോള്‍ അത് ഫാന്‍സുകള്‍ തമ്മിലുള്ള തര്‍ക്കങ്ങളും അക്രമങ്ങളുമായി വ്യാപിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്‌സ്-പൂനെ മത്സരത്തിനുശേഷം ബ്ലാസ്റ്റേഴ്‌സ് അനുകൂലികള്‍ക്കുനേരെ എഫ് സി പൂനെ സിറ്റിയുടെ അനുയായികള്‍ നടത്തിയ അക്രമം ഇത് തെളിയിക്കുന്നു. മില്‍സ് പറഞ്ഞതുപോലെ കളിക്കാരെ കറവപ്പശുക്കളാക്കുകയും കളിയിടങ്ങള്‍ ചൂതാട്ടത്തിന്റെ കേന്ദ്രങ്ങളാക്കുകയും ചെയ്ത് തടിച്ചുകൊഴുക്കാന്‍ മൂലധനശക്തികള്‍ ശ്രമം തുടങ്ങിയിട്ട് കുറച്ചുകാലമായി. ഇത്തരം ശ്രമങ്ങള്‍ ഇപ്പോഴേ നുള്ളിക്കളഞ്ഞില്ലെങ്കില്‍ ഇന്ത്യന്‍ കായികരംഗം മൊത്തം കുത്തകകള്‍ കീഴടക്കുമെന്നതില്‍ സംശയമില്ല.

ഐ പി എല്ലാണ് ഇന്ത്യയില്‍ കായികമത്സരങ്ങള്‍ക്ക് പണക്കൊഴുപ്പിന്റെ അകമ്പടി നല്‍കിയത്. അതിന്റെ ചുവടുപിടിച്ച് തുടങ്ങിയ ഫുട്‌ബോള്‍ ലീഗായ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്കെത്തുമ്പോഴും സ്ഥിതി മറ്റൊന്നല്ല. ഐ പി എല്ലിനോളമില്ലെങ്കിലും ഐ എസ് എല്ലും പണത്തിന്റെ കാര്യത്തില്‍ പിന്നിലല്ല. ഫുട്‌ബോള്‍ താരങ്ങള്‍ക്ക് ഇന്ന് ഇന്ത്യയില്‍ നല്ല പ്രതിഫലം ലഭിക്കുന്ന മേഖലയാണ് സൂപ്പര്‍ ലീഗ്. എ ഐ എഫ് എഫിന്റെ (ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍) നേതൃത്വത്തില്‍ ഐ ലീഗ് നടക്കുമ്പോള്‍ തന്നെ ഐ എസ് എല്ലിന് അതിലേറെ ജനപ്രീതിയും കാഴ്ചക്കാരേയും ലഭിക്കുന്നു എന്നതാണ് വിഷയം. ഇന്ത്യന്‍ വിപണി മുന്നില്‍ കണ്ട് യൂറോപ്യന്‍ ലീഗുകളിലെ മത്സര സമയം വരെ മാറ്റപ്പെടുന്നു. ബാഴ്‌സലോണയും റിയല്‍ മാഡ്രിഡും തമ്മിലുള്ള എല്‍ക്ലാസിക്കോയുടെ സമയംപോലും മാറ്റപ്പെടുന്ന അവസ്ഥ ഇന്ത്യന്‍ വിപണിയെ ലോക ഫുട്‌ബോളിലെ വമ്പന്മാര്‍ എങ്ങനെ കാണുന്നുവെന്നതിന് തെളിവാണ്.
മാറിമാറി വരുന്ന സര്‍ക്കാറുകള്‍ കായികമത്സരങ്ങളോട് പുലര്‍ത്തുന്ന നയം മാറേണ്ടതിന്റെ ആവശ്യകത ഈയൊരു അവസ്ഥ വ്യക്തമാക്കുന്നു. കോടികളെറിഞ്ഞ് ലാഭം കൊയ്യുന്ന സര്‍ക്കാറേതര ഏജന്‍സികളില്‍നിന്ന് കായികമത്സരങ്ങളെ മോചിപ്പിക്കേണ്ടതുണ്ട്. ഇവിടെയാണ് സ്‌പോര്‍ട്‌സ് എന്നത് ചെലവഴിക്കാനുള്ള ഒരു മേഖല മാത്രമായി കാണുന്നതിനുപകരം വരുമാനം കണ്ടെത്താവുന്ന ഒരു മേഖലയായി കാണേണ്ടതിന്റെ പ്രസക്തി. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ സ്‌പോര്‍ട്‌സിനെ ഒരു ബിസിനസ് മനസ്സോടെ കാണേണ്ടതുണ്ടെന്നര്‍ഥം. ക്രിക്കറ്റായാലും ഫുട്‌ബോളായാലും ഹോക്കിയായാലും ആളുകള്‍ കാണണം. കൂടുതല്‍ ആളുകള്‍ കാണുമ്പോള്‍ പരസ്യദാതാക്കള്‍ അതിന് താത്പര്യം കാണിക്കും. ഈ ഒരു വഴിയാണ് ഐ പി എല്ലും ഐ എസ് എല്ലും സ്വീകരിച്ചിരിക്കുന്നത്. അത് വന്‍വിജയമായെന്ന് മാത്രമല്ല, ലോകതലത്തില്‍ ക്ലബുകള്‍ ഇന്ത്യയിലേക്ക് തിരിയാന്‍ കാരണമാകുകയും ചെയ്തിട്ടുണ്ട്. ഇന്ന് ഏഷ്യയിലെ ഏറ്റവും ട്രാന്‍സ്ഫര്‍ വിപണിയായി ഐ എസ് എല്‍ മാറിയിട്ടുണ്ട്. വന്‍ പണക്കൊഴുപ്പോടെ തുടങ്ങിയ ചൈനീസ് ലീഗാണ് ഇവിടെ പിറകിലേക്ക് പോകുന്നത്. സമാന്തരമായി നടക്കുന്ന ഐലീഗ്-ഐ എസ് എല്‍ മത്സരങ്ങളിലെ ജനപങ്കാളിത്തവും ഇത് അടിവരയിടുന്നു.

ലോകതലത്തില്‍ തന്നെ കായികമത്സരങ്ങള്‍ കോടികള്‍ വരുമാനം ലഭിക്കുന്ന ഒരു മേഖലയായി മാറിക്കഴിഞ്ഞിട്ടുണ്ട്. നിരവധി ഉദാഹരണങ്ങള്‍ ഇതിന് തെളിവായി മുന്നിലുണ്ട്. കഴിഞ്ഞ ദിവസം താരലേലം പൂര്‍ത്തിയാക്കിയ ഐ പി എല്‍ വഴി ബി സി സി ഐ സമ്പാദിക്കുന്ന കോടികളുടെ കണക്ക് ഇതിന് തെളിവാണ്. 2017ലെ ഐ പി എല്‍ സീസണില്‍ മാത്രം 34,000 കോടി രൂപയാണ് ചെലവഴിക്കപ്പെട്ടത്. രണ്ട് മാസം മാത്രം ദൈര്‍ഘ്യമുള്ള ഐ പി എല്ലാണ് ബി സി സി ഐക്ക് കൂടുതല്‍ വരുമാനം സമ്മാനിക്കുന്നത്. 2015-16 വര്‍ഷത്തില്‍ ബി സി സി ഐയുടെ വരുമാനം 1714 കോടി രൂപയാണ്. അതായത് മുന്‍വര്‍ഷത്തേക്കാള്‍ 928 ശതമാനം കൂടുതല്‍.

ഈയൊരു അവസ്ഥ പരിഗണിച്ച് വേണം സര്‍ക്കാറുകള്‍ കായികമേഖലക്കായി നീക്കിവെക്കുന്ന തുകയുടെ വലുപ്പം കാണാന്‍. കോടികളൊഴുകുന്ന മൈതാനത്തേക്കാണ് സര്‍ക്കാറുകള്‍ വളരെ തുച്ഛമെന്ന് പറയാവുന്ന സ്‌പോര്‍ട്‌സ് ബജറ്റുമായി വരുന്നത്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ അവതരിപ്പിക്കപ്പെട്ട കേന്ദ്ര ബജറ്റും സംസ്ഥാന ബജറ്റും കായികമേഖലയുടെ വികസനത്തിനായി നീക്കിവെച്ച തുക വ്യക്തമാക്കുന്ന ഒരു കാര്യമുണ്ട്. ഇന്ത്യന്‍ കായികരംഗം അടുത്തകാലത്തൊന്നും പച്ചപിടിക്കാന്‍ പോകുന്നില്ല എന്നതാണത്. അഥവാ വല്ല പുരോഗതിയുമുണ്ടാകുകയാെണങ്കില്‍ അതിന്റെ പ്രായോജകര്‍ വന്‍കിട കുത്തക കമ്പനികളായിരിക്കും. ലോകജനസംഖ്യയുടെ ആറിലൊന്ന് വരുന്ന ഒരു വലിയ സമൂഹത്തിന്റെ കായിക സ്വപ്‌നങ്ങള്‍ക്ക് വേണ്ടി മാറ്റിവെക്കപ്പെട്ട തുകയുടെ വലിപ്പം എത്രയെന്ന് ചിന്തിക്കുന്നത് രസാവഹമാണ്. കേന്ദ്രബജറ്റില്‍ 2,196 കോടി രൂപയാണെങ്കില്‍ സംസ്ഥാന ബജറ്റില്‍ അത് വെറും 74.71 കോടി രൂപ മാത്രമാണ്. വെറും രണ്ടുമാസത്തെ ഒരു ടൂര്‍ണമെന്റില്‍ ബി സി സി ഐ ചെലവഴിക്കുന്നത് 35,000 കോടിയോളമാണെങ്കില്‍ രാജ്യത്തെ ഒരു വര്‍ഷത്തേക്കുള്ള സ്‌പോര്‍ട്‌സ് ബജറ്റാണ് ഈ 2000 കോടി. രാജ്യത്തിനകത്തുള്ളതെല്ലാം വിറ്റ് കിട്ടുന്ന ചില്ലിക്കാശ് കൊണ്ട് എങ്ങനെ കളികള്‍ക്കും കളിക്കാര്‍ക്കും വേണ്ടി ചെലവഴിക്കും എന്ന വലിയ ചോദ്യത്തിന് മുന്നില്‍ എതിര്‍വാദങ്ങളൊക്കെയും അപ്രസക്തമാകുകയാണ്.
ഇവിടെ വളരെ പ്രാധാന്യമര്‍ഹിക്കുന്ന വിഷയം കായികമേഖലയുടെയും കായികതാരങ്ങളുടെയും വികസനം എന്ന് പറയുമ്പോള്‍ കോടികളൊഴുകുക എന്നതല്ല. ആവശ്യമായ പണം കായികമേഖലയുടെ വികസനത്തിനായി സര്‍ക്കാര്‍ ചെലവഴിക്കാത്തപക്ഷം ആ ഇടങ്ങളിലേക്ക് മറ്റ് കോര്‍പറേറ്റ് ശക്തികളും ഇടനിലക്കാരും കടന്നുവരുന്നു എന്നതാണ്. 2,196 കോടി രൂപയാണ് ഈ വര്‍ഷത്തേക്കുള്ള സ്‌പോര്‍ട്‌സ് ബജറ്റ്. ഈ തുകയുടെ 23.67 ശതമാനവും ചെലവഴിക്കുന്നത് ഖെലോ ഇന്ത്യ-സ്‌കൂള്‍ ഗെയിംസിനാണ്. ഇനി സംസ്ഥാന ബജറ്റില്‍ വകയിരുത്തിയ തുകയോ വെറും 74.71 കോടി. കഴിഞ്ഞവര്‍ഷമിത് 72.17 കോടി. രണ്ട് കോടിയുടെ വര്‍ധനവ് വരുത്തിയിട്ടുണ്ടെന്ന് വേണമെങ്കില്‍ വാദിക്കാം. നാം മനസ്സിലാക്കേണ്ട വസ്തുത ഐ പി എല്ലില്‍ ഒരു ടീമിന് കളിക്കാരെ വാങ്ങാനായി മാത്രം അനുവദിക്കപ്പെട്ട തുക 80 കോടിയാണ്. ഇവിടെയാണ് ഒരു സംസ്ഥാനം തങ്ങളുടെ കായികസ്വപ്‌നങ്ങള്‍ക്കുവേണ്ടി 74 കോടിയുമായി വരുന്നത്. എങ്ങനെ വികസിക്കും നമ്മുടെ കായികമേഖല.

ബി സി സി ഐ എന്ന സ്വതന്ത്ര ഭരണസമിതിയുടെ കീഴില്‍ വളര്‍ന്നുപന്തലിച്ച ക്രിക്കറ്റിനും ക്രിക്കറ്റ് താരങ്ങള്‍ക്കും ലഭിക്കുന്ന പ്രതിഫലവും ജനപിന്തുണയും മറ്റൊരു കായികയിനത്തിനും താരങ്ങള്‍ക്കും ഇന്ത്യയില്‍ ലഭിക്കുന്നില്ല. ഇത് പുതിയ കായികസംസ്‌കാരം ഉയര്‍ന്നുവരേണ്ടതിന്റെയും കായികമത്സരങ്ങള്‍ മാര്‍ക്കറ്റ് ചെയ്യപ്പെടേണ്ടതിന്റെയും ആവശ്യകത വ്യക്തമാക്കുന്നുണ്ട്. കായികതാരങ്ങളുടെ ആത്മാഭിമാനവും ഭാവിയും സംരക്ഷിക്കുന്നതിനായിരിക്കണം ഭരണാധികാരികള്‍ മുന്‍തൂക്കം നല്‍കേണ്ടത്. 30-35 വയസ്സ് വരെ രാജ്യത്തിനായി വിവിധ തലങ്ങളില്‍ മത്സരിക്കുകയും ലോകത്തിന്റെ മുന്നില്‍ രാജ്യത്തിന്റെ യശസ്സുയര്‍ത്തുകയും ചെയ്യുന്ന കായികതാരങ്ങള്‍ പിന്നീട് ആരും ശ്രദ്ധിക്കാത്തവരായിത്തീരുന്ന അവസ്ഥ മാറണം. ക്രിക്കറ്റ് താരങ്ങള്‍ക്കൊഴികെ മറ്റേതൊരു കായികതാരത്തിനും വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല എന്നതൊരു യാഥാര്‍ഥ്യമാണ്.
ഇന്ത്യന്‍ കായികരംഗം അംബാനിമാരും ബിര്‍ളമാരും അടക്കിവാഴാതിരിക്കണമെങ്കില്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ കായികവികസനത്തിനായി പുതിയ നയങ്ങള്‍ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ അണ്ടര്‍-17 ലോകകപ്പ് വന്‍വിജയമാണെന്ന് നാം പറയുമ്പോഴും അതിന്റെ മുഖ്യസംഘാടകനായിരുന്ന ഹാവിയര്‍ സെപ്പി ഈയിടെ നടത്തിയ ചില പരാമര്‍ശങ്ങള്‍ ചിന്തനീയമാണ്. നമ്മുടെ കായികരംഗത്തിന്റെ യഥാര്‍ഥചിത്രം വരച്ചുകാട്ടുന്നതാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. തന്റെ പരാമര്‍ശം വിവാദമായപ്പോള്‍ ചില തിരുത്തലുകള്‍ക്ക് അദ്ദേഹം മുതിര്‍ന്നെങ്കിലും പാടേ അവഗണിക്കാനാകില്ല. താരങ്ങളുടെ ഡ്രസ്സിംഗ് റൂമില്‍ വരെ എലികളെ കാണാമായിരുന്നു എന്ന സെപ്പിയുടെ വാക്കുകള്‍ വളരെ ഗൗരവതരമാണ്. കായികമത്സരങ്ങളോട് അധികാരികള്‍ പുലര്‍ത്തുന്ന മനോഭാവത്തിന്റെ നേര്‍ചിത്രമാണ് ഈ എലികള്‍ നമുക്ക് വരച്ചുതരുന്നത്. പശുക്കള്‍ക്ക് ആധാര്‍ കാര്‍ഡ് ഏര്‍പ്പെടുത്താനും വിദേശയാത്രകള്‍ക്കായി ഭരണാധികാരികള്‍ നൂറുക്കണക്കിന് കോടികള്‍ ചെലവഴിക്കുകയും ചെയ്യുന്ന രാജ്യത്ത് കായികതാരങ്ങളുടെ വിഷയം വരുമ്പോള്‍ മാത്രം പണമില്ലാത്ത അവസ്ഥ മാറേണ്ടതുണ്ട്.

 

 

Latest