ടിപ്പു നിയമസഭ കയറുമ്പോള്‍

Posted on: February 4, 2018 11:51 am | Last updated: February 4, 2018 at 11:10 am

ഡല്‍ഹി നിയമസഭാ മന്ദിരത്തിലെ ഉത്തരത്തില്‍ തൂക്കിയിരിക്കുന്ന സ്വാതന്ത്ര്യ സമര സേനാനികളുടെ കൂട്ടത്തിലേക്ക് വൈകിയാണെങ്കിലും ടിപ്പു സുല്‍ത്താന്‍ എന്ന സമര നായകന്‍ എത്താന്‍ കാരണക്കാരായ അരവിന്ദ് കെജ്‌രിവാളിനും ആം ആദ്മി സര്‍ക്കാറിനും ഒരു ബിഗ് സലൂട്ട് നല്‍കട്ടെ ആദ്യം. ഡല്‍ഹി സര്‍ക്കാര്‍ പുറത്തിറക്കിയ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ ടിപ്പുവിനെ ഉള്‍ക്കൊള്ളിച്ചതാണ് സംഘ് പരിവാര്‍ ടീമിനെ ആദ്യം ചൊടിപ്പിച്ചത്. ബി ജെ പി ഭീഷണിക്കു വഴങ്ങാതിരുന്ന കെജ്‌രിവാള്‍ അല്‍പ്പം കൂടെ കടന്നു നിയമ സഭാ മന്ദിരത്തിലേക്കും ടിപ്പുവിനെ ആനയിക്കാന്‍ തീരുമാനമെടുത്തിരിക്കുകയാണിപ്പോള്‍. വ്യത്യസ്ത കാരണങ്ങള്‍ കൊണ്ടും സാഹചര്യങ്ങള്‍ നിമിത്തവും സമര നിരയിലേക്ക് എത്തപ്പെട്ട നിരവധി സേനാനികളുടെ ചിത്രങ്ങളുടെ കൂട്ടത്തിലെത്താന്‍ ടിപ്പുവിന്റെ യോഗ്യതയെന്താണ്? അയോഗ്യതയെന്താണ്? ഇവിടെ കെജ്‌രിവാളിന്റെ ചോദ്യം ഏറെ പ്രസക്തമാണ്. സമര സേനാനികളുടെ ഗണത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ നിങ്ങളുടെ കൂട്ടത്തില്‍ നിന്നും യോഗ്യതയുള്ള ഒരാളെ ചൂണ്ടി കാണിച്ചു തരൂ. അപ്പോള്‍ അതും പരിഗണിക്കാം. വിനായക് ദാമോദര്‍ സവര്‍ക്കറെപ്പോലെ സമരത്തെ ഒറ്റുകൊടുക്കുകയും ബ്രിട്ടീഷ് ഭരണകൂടത്തിനെതിരില്‍ വിരല്‍ പോലുമനക്കില്ലെന്നു കുറിമാനമെഴുതി ഇന്ത്യക്കാരന്റെ മാനം കളയുകയും ചെയ്ത സംഘപരിവാര്‍ ടീമിന് ശരിയായ ദേശ സ്‌നേഹിയായ ഒരു പോരാളിയെ എങ്ങനെ ഉയര്‍ത്തികാണിക്കാനാകും?

 

ദത്താവകാശ നിരോധന നിയമത്തിലൂടെ ഭര്‍ത്താവിന്റെ മരണ ശേഷം രാജ്യം നഷ്ടപ്പെടുമെന്നായപ്പോള്‍ സമര രംഗത്തിറങ്ങിയ ഝാന്‍സിയിലെ റാണി ലക്ഷ്മി ഭായിയും തനിക്കു കിട്ടിയിരുന്ന പെന്‍ഷന്‍ ബ്രിട്ടീഷുകാര്‍ നിര്‍ത്തലാക്കിയപ്പോള്‍ സമരത്തിനിറങ്ങിയ നാനാ സാഹിബും അദ്ദേഹത്തിന് വേണ്ടി ആയുധമെടുത്ത താന്തിയാ തോപ്പിയും ഏറെ ആദരിക്കപ്പെടുന്ന പശ്ചാത്തലത്തില്‍ ടിപ്പുവിന്റെ ബ്രിട്ടീഷ് വിരോധത്തിലും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളിലും മായം മണക്കുന്ന ചരിത്രാന്വേഷികള്‍ ആര്‍ക്കു വേണ്ടിയാണ് സംസാരിക്കുന്നത്?
സ്വാര്‍ഥ താത്പര്യങ്ങളുടെ പേരിലാണെങ്കില്‍ പോലും സമര മുന്നണിയില്‍ സജീവമായുണ്ടായിരുന്നവര്‍ക്ക്, ഇന്ത്യന്‍ ജനതയെ സമരത്തിന് പ്രചോദിപ്പിച്ചവര്‍ എന്ന നിലക്ക് അര്‍ഹമായ ആദരവുകള്‍ തന്നെയാണ് മതേതരജനാധിപത്യ വിശ്വാസികള്‍ കാലമിത്രയും നല്‍കി പോന്നിട്ടുള്ളത്. രാജ്യത്തിന്റെ മതേതര സങ്കല്‍പ്പങ്ങള്‍ക്ക് കനത്ത പ്രഹരമേല്‍പ്പിച്ച ദേശവിരുദ്ധ ചെയ്തികള്‍ ജീവിത ശീലമാക്കിയവര്‍ പോലും നിറഞ്ഞു നില്‍ക്കുന്ന നിയമസഭാ മന്ദിരത്തില്‍ ടിപ്പു മാത്രം അനഭിമതനാകുന്നു എന്നതാണ് ഏറെ അതിശയം. സമര പോരാളിയായി ടിപ്പുവിനെ അവതരിപ്പിക്കാന്‍ ഏറെ പാടുപെടേണ്ടി വരുന്നു എന്നത് അതിലേറെ ഭീതിതം.

 

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലെ മിതവാദി, തീവ്രവാദി വിഭാഗീയതയെ ബ്രിട്ടീഷ് നിലപാടുകളോടുള്ള കോണ്‍ഗ്രസ്സ് സമീപനത്തിന്റെ അളവുകോലായി ഗണിച്ചു തീവ്രവാദികള്‍ക്ക് മുന്തിയ ദേശീയ പരിവേഷം നല്‍കാനായിരുന്നു നമുക്ക് തിടുക്കം. മാളവ്യ, ലജ്പത് റായ്, ബിപിന്‍ ചന്ദ്ര, ബാലഗംഗാധര തിലക് തുടങ്ങി തീവ്ര ലൈനുകള്‍ സ്വീകരിച്ചവരുടെ നിലപാടുകള്‍ എത്രമാത്രം മതേതരവിരുദ്ധവും ഹിന്ദുത്വ വിധേയവുമായിരുന്നു എന്നത് കൂടുതല്‍ വായിക്കപ്പെടുകയോ, ചരിത്ര ഇടങ്ങളില്‍ നിന്ന് അവരെ ആട്ടിയകറ്റുകയോ ചെയ്തിട്ടില്ല. ഉദ്ദേശ്യ ശുദ്ധിയിലെ കളങ്കങ്ങളെ സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളില്‍ നല്‍കിയ സംഭാവനകള്‍ മാനിച്ചു മനപ്പൂര്‍വം മറന്നു നല്‍കിയതാണ് സമീപ കാല ഇന്ത്യന്‍ ചരിത്രം.

 

വര്‍ത്തമാന ഇന്ത്യയുടെ വര്‍ഗീയ മുഖങ്ങളായി മാറിയ കുറുവടിയും ഗോവധ വിവാദങ്ങളും സ്വാതന്ത്ര്യ ലബ്ധിക്കു മുമ്പേ വിഷാസ്ത്രമായി ഇന്ത്യന്‍ ജനതയുടെ മനസ്സിലേക്ക് കുത്തിയിറക്കുന്നതില്‍ തിലകന്‍ വഹിച്ച പങ്കു ചെറുതായിരുന്നില്ല. ഗണപതി ഉത്‌സവത്തിന്റെ പേരില്‍ പ്രകോപിത ഹിന്ദുത്വ മനസ്സുകള്‍ പരുവപ്പെടുത്തി. കുറുവടിയേന്തിയ ചെറുപ്പക്കാരെ കൊണ്ട് ആഘോഷ വേളകളില്‍ ഭീതി പരത്തി. ഗോവധ നിരോധന ആവശ്യം ഉന്നയിച്ചു വ്യാപകമായ ലഹളകള്‍ക്ക് തിരി കൊളുത്തി. ബ്രിട്ടീഷ് വിരോധം പ്രകടിപ്പിക്കുമ്പോള്‍ തന്നെ കടുത്ത മുസ്‌ലിം വിരോധവും മനസ്സില്‍ സൂക്ഷിച്ച, തിലകന്‍ ലൈന്‍ ഇന്ത്യയുടെ മതേതര മനസ്സ് കളങ്കപ്പെടുത്തുന്നതില്‍ വലിയ പങ്കു വഹിച്ചു.

 

സമകാലികരായിരുന്ന ശിവജിയും ഔറംഗസേബും ഏറ്റുമുട്ടിയത് കേവലം രാഷ്ട്രീയ വിഷയങ്ങളില്‍ മാത്രമായിരുന്നു. മതം ഏറ്റുമുട്ടലിനു ഒരു ഘടകമേ ആയിരുന്നില്ല. പക്ഷേ, ശിവജിയെ ഉയര്‍ത്തി കാണിച്ചു ഔറംഗസേബിനെ ക്രൂരനാക്കി ശിവാജി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു മുസ്‌ലിം മനസ്സുകളില്‍ വെറുപ്പ് ഉത്പ്പാദിപ്പിക്കാന്‍ കടുത്ത ശ്രമങ്ങള്‍ തിലകന്‍ നടത്തി. ബ്രിട്ടീഷ് ഭരണ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പൊതു ജനസഭയായിരുന്ന ‘സാര്‍വ ജനിക് സഭ’യില്‍ നിന്ന് വരെ മുസ്‌ലിംകളെ അകറ്റാന്‍ തിലകന്റെ ഇടപെടലുകള്‍ കാരണമായി. പള്ളികള്‍ക്കു മുന്നിലൂടെ വാദ്യ ഘോഷങ്ങള്‍ മുഴക്കി പോകുന്നത് ബ്രിട്ടീഷ് ഭരണ കൂടം നിയമം മൂലം വിലക്കിയിരുന്നു. ഈ വിലക്ക് നീക്കാനായിരുന്നു തിലകന്റെ ശ്രമം. സാര്‍വജനിക് സഭയില്‍ മേധാവിത്വം നേടിയെടുത്തു കൊണ്ട് മുസ്‌ലിംകളുടെ മേല്‍ അതീശത്വം നേടിയെടുത്തു തിലകന്‍.

ഹിന്ദു നവോഥാനം ലക്ഷ്യമിട്ടു തുടങ്ങിയ ആര്യ സമാജവും ശുദ്ധി പ്രസ്ഥാനവും മതേതര വിശ്വാസികളായ ഹൈന്ദവ സഹോദരന്‍മാരുടെ എതിര്‍പ്പ് വിളിച്ചു വരുത്തിയപ്പോഴും ദേശീയ സമര നായകനായി വാഴത്തപ്പെട്ട തിലകന് അത് മഹത് സംരംഭങ്ങളായിരുന്നു. ആര്യ സമാജത്തിന്റെ വാദഗതികളെ മഹാത്മാ ഗാന്ധിജി നിശിതമായി വിമര്‍ശിച്ചിരുന്നു. മറ്റു മതക്കാരെ കുറ്റം പറയുമ്പോഴാണ് ആര്യ സമാജക്കാര്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് എന്ന് ഗാന്ധിജി തുറന്നടിച്ചു. മതാത്മകമായ തിലകന്റെ തീവ്ര നിലപാടുകള്‍ അറിയാമായിരുന്നിട്ടും ബ്രിട്ടീഷ്‌വിരുദ്ധ പോരാളി പരിവേഷം ആരും തിലകനില്‍ നിന്ന് തിരിച്ചു വാങ്ങിയിട്ടില്ല.

 

ടിപ്പു സുല്‍ത്താനോ?

 

മികച്ച സൈനിക ശേഷിയും സാമ്പത്തിക സംവിധാനങ്ങളുമുള്ള, പതിനെട്ടാം നൂറ്റാണ്ടില്‍ അതി ശീഘ്രം വികസന കുതിപ്പുകള്‍ നടത്തിയിരുന്ന, ഒരു രാജ്യത്തിന്റെ പരമാധികാരിയായിരുന്നല്ലോ ടിപ്പു സുല്‍ത്താന്‍. അയല്‍ രാജ്യങ്ങള്‍ അനുവര്‍ത്തിച്ചു വന്നപോലെ ബ്രിട്ടീഷ് വിധേയരായി ജീവിക്കുന്ന പക്ഷം ഏറ്റവും ചുരുങ്ങിയത് ടിപ്പുവിന്റെ ഒന്ന് രണ്ട് തലമുറക്ക് എങ്കിലും രാജാക്കന്മാരായി തന്നെ മുഴുവന്‍ അധികാരാവകാശങ്ങളോടെ വാഴാമായിരുന്നു. മതേതര ജനാധിപത്യ നിയമ സംഹിതകളൊന്നും ഭരണ ഘടനയില്‍ എഴുതി ചേര്‍ക്കാത്ത രാജവാഴ്ച പൂര്‍ണാര്‍ഥത്തില്‍ ഉപയോഗപ്പെടുത്താന്‍ കഴിയുമായിരുന്ന അന്ന് ഏതൊക്കെ വിധത്തില്‍ അദ്ദേഹത്തിന് രാജാധികാരങ്ങളെ ഉപയോഗപ്പെടുത്താമായിരുന്നു?പല അക്കാദമിക് ചരിത്രകാരന്മാരും കണ്ണടച്ച് വിശ്വസിക്കുകയും വിശ്വസിപ്പിക്കുകയും ചെയ്യുന്ന പോലെ ഒരു വര്‍ഗീയ ഭ്രാന്ത് അദ്ദേഹത്തെ പിടി കൂടിയിരുന്നെങ്കില്‍ മൈസൂര്‍ ഉള്‍പ്പെടെ ദക്ഷിണേന്ത്യ മുഴുക്കെയും ഇസ്‌ലാമിക നഗരങ്ങളാക്കി മാറ്റിയെടുക്കാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നു.

രാഷ്ട്രീയാധികാരങ്ങളെ മത പ്രചാരണത്തിന് ആയുധമാക്കാതിരുന്ന ടിപ്പുവിനെയും ഔറംഗസീബിനെയുമെല്ലാം വക്രീകരിച്ച ഫ്രൈമിലൂടെ അവതരിപ്പിക്കാനാണ് പലര്‍ക്കും താത്പര്യം. അധികാരം അരക്കിട്ടുറപ്പിക്കുന്നതിന്റെ ഭാഗമായി വ്യത്യസ്ത രൂപഭാവങ്ങള്‍ പകര്‍ന്ന ചവിട്ടുനാടകങ്ങള്‍ അവതരിപ്പിക്കേണ്ടതുണ്ടായിരുന്നു ബ്രിട്ടീഷുകാര്‍ക്ക്. നില നില്‍പ്പായിരുന്നല്ലോ പ്രാധാന്യം. ചരിത്രത്തെ വക്രീകരിച്ചെടുത്ത് ടിപ്പുവില്‍ വര്‍ഗീയത ആരോപിക്കുന്ന പക്ഷം ഹൈന്ദവ പ്രീണനം സാധ്യമാകുകയും ഒപ്പം മുസ്‌ലിം പ്രതികാരത്തില്‍ ആശ്വസിക്കുകയും ചെയ്യാമെന്ന് ബ്രിട്ടീഷുകാര്‍ കണക്കു കൂട്ടി. ഇന്ത്യന്‍ മുസ്ലിംകളുടെ രാഷ്ട്രീയ ചരിത്രം പറയുന്ന രാംഗോപാലിന്റെ പുസ്തകത്തില്‍ പറയുന്നത് 1852 മുതല്‍ 1868വരെയുള്ള കാലയളവില്‍ നിയമിച്ച 240 ഉദ്യോഗസ്ഥരില്‍ ഒരാളൊഴികെ ബാക്കിയെല്ലാം ഹിന്ദു സമുദായത്തില്‍ നിന്നായിരുന്നുവെന്നാണ്. അതേസമയം, മനപ്പൂര്‍വം മുസ്‌ലിംകളെ ഉദ്യോഗസ്ഥ അധികാര മേഖലകളില്‍ നിന്നും അകറ്റി നിര്‍ത്തിയ ബ്രിട്ടീഷുകാര്‍, മുസ്‌ലിംകളുടെ ഉന്നമനത്തിനു വേണ്ടി ഏര്‍പ്പെടുത്തിയ മുഹ്‌സിന്‍ ഫണ്ട് പോലും പിടിച്ചെടുത്തു ഹിന്ദു കോളജ് സ്ഥാപിച്ചു. ഹാജി മുഹമ്മദ് മുഹ്‌സിന്‍ എന്ന ആളുടെ പേരില്‍ ഹുഗ്ലി ജില്ലയിലെ ഒരു ധനികനായ വ്യക്തി മുസ്‌ലിംകളുടെ ഉന്നമനം ലക്ഷ്യം വെച്ച് ഏര്‍പ്പെടുത്തിയ ഫണ്ടായിരുന്നു മുഹ്‌സിന്‍ ഫണ്ട്.ഇത്തരത്തില്‍ ഒരു വിഭാഗത്തെ അമിതമായി തൃപ്തിപ്പെടുത്തി മറ്റൊരു കൂട്ടരെ മുച്ചൂടും നശിപ്പിച്ചു അവസാനം ദേശം മുഴുക്കെയും സ്വന്തമാക്കുക എന്ന സാമ്രാജ്യത്വ കുടിലതയാണ് ഇവിടെ പരീക്ഷിച്ചത്. അതിന്റെ ഭാഗമായിരുന്നു ടിപ്പുവിനെ വര്‍ഗീയവത്കരിച്ചതും.

ടിപ്പുവിന്റെ മലബാര്‍ ആക്രമണവുമായി ബന്ധപ്പെടുത്തി ക്ഷേത്ര ധ്വംസനം പോലെ നിറം പിടിപ്പിച്ച കഥകള്‍ മെനഞ്ഞെടുക്കാന്‍ മത്സരിക്കുകയാണ് ചില ചരിത്ര ഗവേഷകര്‍. ബ്രിട്ടീഷ് പാഠപുസ്തകങ്ങളിലൂടെ പഠനം നടത്തുമ്പോള്‍ കാര്യങ്ങള്‍ കുറെ കൂടെ എളുപ്പമാണല്ലോ. ടിപ്പുവിന്റെ പിതാവ് ഹൈദരലി കാഞ്ചീപുരത്ത് ക്ഷേത്രത്തിന് ശില പാകിയതോ ടിപ്പു ക്ഷേത്രം നിര്‍മിച്ചു നല്‍കിയതോ ഭീമമായ സംഖ്യ മാസാമാസം വിവിധ ക്ഷേത്രങ്ങള്‍ക്ക് ഗ്രാന്‍ഡ് അനുവദിച്ചിരുന്നതോ ചരിത്രത്തില്‍ എവിടെയും വായിക്കാന്‍ കഴിയില്ല. ക്ഷേത്രങ്ങളുടെ അവകാശത്തെ കുറിച്ച് ഹിന്ദു വിഭാഗങ്ങള്‍ക്കിടയില്‍ തര്‍ക്കം രൂക്ഷമായപ്പോള്‍ ഇരു വിഭാഗത്തിന്റെയും അഭ്യര്‍ത്ഥന മാനിച്ച് സുല്‍ത്താന്‍ അതില്‍ ഇടപ്പെട്ടതും പ്രശ്‌നം രമ്യമായി പരിഹരിച്ചതും ആ ജനത ടിപ്പുവിനെ എങ്ങനെ ഉള്‍ക്കൊണ്ടിരുന്നു എന്നതിനുള്ള തെളിവാണ്. പ്രധാനമന്ത്രി മിര്‍സാദിഖും ധനമന്ത്രി പൂര്‍ണ്ണയ്യയും ടിപ്പുവിന് ഒരു പോലെയായിരുന്നു. ഒരു പക്ഷേ, കുറേക്കൂടി സ്വാതന്ത്ര്യം ടിപ്പുവിനോടുണ്ടായിരുന്നത് പൂര്‍ണയ്യക്കായിരിക്കും.

ടിപ്പുവിന്റെ ശത്രുക്കള്‍ ബ്രിട്ടീഷുകാര്‍ മാത്രമായിരുന്നു. പിന്നെ, അവരെ സഹായിക്കുന്ന ഇന്ത്യക്കാരും. അതിനു മതത്തിന്റേയോ ജാതിയുടെയോ നിറം കല്‍പ്പിച്ചിരുന്നില്ല എന്നതിന് ചരിത്രത്തില്‍ നിരവധി തെളിവുകള്‍ നിരത്താന്‍ കഴിയും.ഫാസിസ്റ്റ് പ്രതിരോധത്തിന്റെ പതിറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടുന്ന മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നിശ്ശബ്ദമായിടത്ത് രാജ്യ തലസ്ഥാനത്തുനിന്ന് അര്‍ഹമായ ആദരവിന്റെ വാര്‍ത്ത കേള്‍ക്കുന്നത് അങ്ങേയറ്റം ആനന്ദകരമാണ്.

ദേശീയ താത്പര്യം മുന്‍ നിര്‍ത്തി സമര ഘോഷം നടത്തുന്നതിനിടയില്‍ ചിലപ്പോഴെക്കെ അബദ്ധങ്ങളില്‍ വീണ സമര സേനാനികളോട് നമുക്ക് പൊറുക്കാം. സമരത്തില്‍ നിന്നും പൂര്‍ണാര്‍ഥത്തില്‍ വിട്ടു നിന്നു രാജ്യ താത്പര്യങ്ങളെ തൂക്കി വിറ്റ ദേശീയ വഞ്ചകരെ നാം പരിഗണിക്കേണ്ടതുണ്ടോ? നിസ്വാര്‍ഥ പോരാളികളെ വക്രീകരിച്ചു സമര ചരിതങ്ങളില്‍ നിന്ന് ആട്ടിയോടിക്കുന്നനവ ദേശീയ ചരിത്ര നിര്‍മിതിയെ നാം വാരിപ്പുണരണോ?