Connect with us

Kerala

അപമാനിക്കാന്‍ ശ്രമിച്ചയാളെ കൈയോടെ പിടികൂടിയ സനുഷക്ക് ഡിജിപിയുടെ അഭിനന്ദനം

Published

|

Last Updated

തിരുവനന്തപുരം: ട്രെയിനില്‍ തന്നെ ശല്യംചെയ്തയാളെ പ്രതിരോധിക്കുകയും പിടിച്ചു പോലീസിലേല്‍പ്പിക്കുകയും ചെയ്ത യുവനടി സനുഷക്ക് പോലീസിന്റെ അഭിനന്ദനം. സനുഷക്ക് പോലീസ് ആസ്ഥാനത്ത് സ്വീകരണം നല്‍കി. ഡിജിപിയുടെ ബോര്‍ഡ് റൂമില്‍ നടന്ന ചടങ്ങില്‍ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സനുഷയെ അനുമോദിച്ചു.

പ്രതിസന്ധി ഘട്ടത്തില്‍ കാട്ടിയ ധൈര്യത്തിന് പോലീസിന്റെ സര്‍ട്ടിഫിക്കറ്റ് ഡിജിപി സനുഷക്ക് സമ്മാനിച്ചു. സമപ്രായക്കാരായ പെണ്‍കുട്ടികള്‍ക്ക് ധൈര്യം നല്‍കാനുള്ള പ്രചോദനമായി പ്രവര്‍ത്തിക്കണമെന്ന് ഡിജിപി സനുഷയോട് പറഞ്ഞു. കുറ്റകൃത്യം നേരിടാന്‍ സനുഷ കാട്ടിയ ധൈര്യം മാതൃകാപരമാണ്. പ്രതിസന്ധികളില്‍ സഹജീവികളെ ഒറ്റയ്ക്കാക്കുന്ന മനോഭാവത്തില്‍ മാറ്റം വരുത്തണമെന്നും ഡിജിപി അഭ്യര്‍ഥിച്ചു.

പോലീസിന്റെ പിന്തുണക്ക് സനുഷ നന്ദി പറഞ്ഞു. എ.ഡി.ജി.പി ആനന്ദകൃഷ്ണന്‍, ഐ.ജി ദിനേന്ദ്ര കശ്യപ്, സനുഷയുടെ മാതാപിതാക്കള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

ബുധനാഴ്ച രാത്രി തിരുവനന്തപുരത്തേക്കുള്ള മാവേലി എക്സ്സില്‍ യാത്രചെയ്യുകയായിരുന്ന സനുഷയെ സഹയാത്രികനായ തമിഴ്‌നാട് വില്ലുകുറി സ്വദേശി ആന്റോ ബോസാണ് അപമാനിക്കാന്‍ ശ്രമിച്ചത്. വടക്കാഞ്ചേരിയില്‍ വെച്ചായിരുന്നു സംഭവം. സനുഷയുടെ പരാതിയില്‍ തൃശൂര്‍ റെയില്‍വേ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

Latest