Connect with us

Books

വൈജ്ഞാനിക തലം കൂടുതല്‍ വിശാലമാക്കാന്‍ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ലൈബ്രറി

Published

|

Last Updated

ദുബൈ: പുതു വര്‍ഷം ദുബൈ നഗരത്തില്‍ സവിശേഷമായ രണ്ട് കേന്ദ്രങ്ങളാണ് വിനോദ സഞ്ചാരികള്‍ക്കായി തുറന്ന് കൊടുത്തത്. ദുബൈ സഫാരി, ദുബൈ ഫ്രെയിം എന്നീ വിസ്മയ കേന്ദ്രങ്ങള്‍ക് പുറമെ പൊതു ജനങ്ങള്‍ക്ക് വൈജ്ഞാനിക തലം കൂടുതല്‍ വിശാലമാക്കുന്നതിനും കൂടുതല്‍ മേഖലയെ അടുത്തറിയുന്നതിനും ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ലൈബ്രറി ഒരുങ്ങുന്നു. 100 കോടി ദിര്‍ഹം ചെലവില്‍ നിര്‍മാണം പുരോഗമിക്കുന്ന ലൈബ്രറി ഈ വര്‍ഷം മധ്യത്തോടെ പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. നിര്‍മാണ പ്രവര്‍ത്തികളുടെ പുരോഗതി ദുബൈ നഗരസഭാ അധികൃതര്‍ പരിശോധിച്ചു.

ദുബൈ നഗരസഭാ ഡയറക്ടര്‍ ജനറല്‍ എന്‍ജി. ഹുസൈന്‍ നാസര്‍ ലൂത്ത, എഞ്ചിനീയറിംഗ് ആന്‍ഡ് പ്ലാനിങ് വിഭാഗം അസി. ഡയറക്ടര്‍ ജനറല്‍ ദാവൂദ് അല്‍ ഹാജരി, മറ്റ് നഗരസഭാ ഉന്നത ഉദ്യോഗസ്ഥരും എഞ്ചിനീയറുമാരുമടങ്ങിയ സംഘം പദ്ധതി പ്രദേശത്തു സന്ദര്‍ശിച്ചു നിര്‍മാണ പുരോഗതികള്‍ വിലയിരുത്തി. അതേസമയം, ലൈബ്രറിയുടെ ഉദ്ഘാടന തിയതി അധികൃതര്‍ വെളുപ്പെടുത്തിയിട്ടില്ല. അടുത്ത ആറ് മാസത്തിനുള്ളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുമെന്ന് മാത്രമാണ് അധികൃതരുടെ വെളിപ്പെടുത്തല്‍. പ്രസംഗ പീഠത്തിന്റെ മാതൃകയില്‍ നിര്‍മിക്കുന്ന പടുകൂറ്റന്‍ ലൈബ്രറി 66,000 ചതുരശ്ര മീറ്ററിലാണ് ഒരുങ്ങുന്നത്. ദുബൈ ക്രീക്കില്‍ അല്‍ ജദ്ദാഫ് മേഖലയിലാണ് ലൈബ്രറി. ബെയ്സ്മെന്റ്, ഗ്രൗണ്ട് ഫ്ളോര്‍, ഏഴ് നിലകള്‍ എന്നിവയോടൊപ്പം പുസ്തകങ്ങള്‍ സൂക്ഷിക്കാന്‍ വെയര്‍ഹൗസും അടങ്ങിയതാണ് ലൈബ്രറിയുടെ രൂപകല്‍പന.