മുംബൈ തീപ്പിടിത്തത്തിന് കാരണം ജനപ്പെരുപ്പം; ഹേമമാലിനിയുടെ പ്രസ്താവന വിവാദത്തില്‍

Posted on: December 30, 2017 9:21 am | Last updated: December 30, 2017 at 11:08 am

ന്യൂഡല്‍ഹി: 14 പേരുടെ മരണത്തിനിടയാക്കിയ മുംബൈയിലെ കമലാ മില്‍ കോമ്പൗണ്ട് തീപ്പിടിത്തത്തെ കുറിച്ച് ബി ജെ പി. എം പിയും നടിയുമായ ഹേമമാലിനിയുടെ പ്രസ്താവന വിവാദമായി. തീപ്പിടിത്തത്തിന് കാരണം മുംബൈയിലെ ജനപ്പെരുപ്പമാണെന്ന അവരുടെ പ്രതികരണമാണ് സാമൂഹിക മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയായിരിക്കുന്നത്. പോലീസുകാര്‍ അവരുടെ ജോലി ചെയ്യുന്നില്ല എന്ന് പറയാനാകില്ല.
അവര്‍ വളരെ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ മുംബൈയിലെ ജനസംഖ്യ വളരെ കൂടുതലാണ്. അതാണ് പ്രശ്‌നം- ഹേമ മാലിനി പാര്‍ലിമെന്റിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ബോംബേ അവസാനിക്കുമ്പോള്‍ അടുത്ത നഗരം ആരംഭിക്കുകയാണ്. നിയന്ത്രണാതീതമായി നഗരം വികസിക്കുകയാണ്. ഓരോ നഗരത്തിലും ജനസംഖ്യയില്‍ നിയന്ത്രണം വേണം. അതിന് മുകളില്‍ പോയാല്‍ ജനങ്ങളെ അങ്ങോട്ട് വരാന്‍ അനുവദിക്കരുതെന്നും അവര്‍ പറഞ്ഞു. മുംബൈയിലെ സേനാപതി മാര്‍ഗിലെ കമലാ മില്‍സ് കെട്ടിടത്തിന് തീപ്പിടിച്ചാണ് ദുരന്തമുണ്ടായത്. മരിച്ചവരില്‍ 11 പേര്‍ സ്ത്രീകളാണ്. ലോവര്‍ പരേലിലെ കമല മില്‍സ് കോംപൗണ്ടില്‍ അര്‍ധരാത്രിക്ക് ശേഷമാണ് തീ പടര്‍ന്നത്. നിരവധി പേര്‍ക്ക് പൊള്ളലേറ്റു.
ലോവര്‍ പാരേലിലെ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ പ്രവര്‍ത്തിക്കുന്ന ബാര്‍ കം റെസ്റ്റോറന്റില്‍ നിന്നാണ് പുലര്‍ച്ചെ 12 കാലോടെ തീ പടര്‍ന്നത്. ജന്‍മദിന പാര്‍ട്ടി നടക്കുന്നതിനിടെയാണ് തീപ്പിടിത്തം.