Connect with us

International

കുല്‍ഭൂഷണിന്റെ ഭാര്യയുടെ ഷൂസില്‍ ക്യാമറയുണ്ടെന്ന് പാക്കിസ്ഥാന്‍

Published

|

Last Updated

ഇസ്‌ലാമാബാദ്: പാക് ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ യാദവിനെ സന്ദര്‍ശിക്കാനെത്തിയ ഭാര്യയുടെ ഷൂസുകള്‍ ഫോറന്‍സിക് വിഭാഗത്തിനയച്ചു. ഇതില്‍ സംശയകരമായ എന്തോ ഒന്നുണ്ടായിരുന്നതായും ഇത് പരിശോധിക്കാനാണ് ഫോറന്‍സിക് വിഭാഗത്തിലേക്ക് അയച്ചതെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ക്യാമറയോ റെക്കോര്‍ഡിംഗ് ചിപ്പോ ഷൂസില്‍ ഒളിപ്പിച്ചതായി സംശയമുണ്ടെന്ന് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസല്‍ വ്യക്തമാക്കി.

അതേസമയം, കുല്‍ഭൂഷണിന്റെ ബന്ധുക്കളെ ആക്ഷേപിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് പാക് വൃത്തങ്ങള്‍ അറിയിച്ചു. യാദവിന്റെ കുടുംബത്തെ ആക്ഷേപിച്ചിട്ടില്ലെന്നും ഭാര്യയുടെ ഷൂവ് മാറ്റിയത് അതില്‍ സംശയകരമായി എന്തോ ഉണ്ടെന്നതിനാലായിരുന്നു എന്നും അധികൃതര്‍ പറഞ്ഞു. സുരക്ഷാ കാരണങ്ങളിലാണ് അത് മാറ്റിയത്. കുറ്റസമ്മതം നടത്തിയ ഭീകരനും ചാരനുമായ ആളെസന്ദര്‍ശിച്ച് 24 മണിക്കൂറിന് ശേഷമാണ് ഇന്ത്യയുടെ ഇത്തരം അടിസ്ഥാനരഹിതമായ അഭിപ്രായപ്രകടനമെന്ന് പാക് അധികൃതര്‍ ആക്ഷേപിച്ചു.
യാദവിന്റെ ഭാര്യയുടെ മംഗല്യസൂത്രവും പൊട്ടും, ആഭരണങ്ങളും നീക്കം ചെയ്തത് സുരക്ഷാ കാരണങ്ങളാലാണ്. എല്ലാം തിരികെ നല്‍കുകയും ചെയ്തു. യാദവിന്റെ അമ്മ പാക്കിസ്ഥാന്‍ ആതിഥ്യത്തെ പുകഴ്ത്തിയതും മാധ്യമങ്ങള്‍ കണ്ടതാണ്. അവര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞമാര്‍ച്ചില്‍ ചാരവൃത്തി ആരോപിച്ച് പിടികൂടിയ കുല്‍ഭൂഷണ്‍യാദവിനെ പാക് പട്ടാളക്കോടതി വധശിക്ഷക്ക് വിധിച്ചിരുന്നു.