Connect with us

Kerala

ട്രെയിനുകളില്‍ പകല്‍യാത്രയും ദുഷ്‌കരമെന്ന് ക്രൈം ബ്യൂറോ റിപ്പോര്‍ട്ട്

Published

|

Last Updated

പാലക്കാട്: ട്രെയിനുകളില്‍ പട്ടാപ്പകല്‍ യാത്ര ചെയ്യുന്നത് പോലും ദുഷ്‌കരമാണെന്ന് നാഷനല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ദേശീയ ക്രൈം റെേക്കാര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് രണ്ട് വര്‍ഷത്തിനിടെ 34 ശതമാനം കുറ്റകൃത്യങ്ങളാണ് വര്‍ധിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരം കുറ്റങ്ങളായി കണക്കാക്കിയ കൊലപാതകം, ബലാല്‍സംഗം, തട്ടിക്കൊണ്ട് പോകല്‍, കൊള്ള തുടങ്ങിയ കുറ്റങ്ങളാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തിനകം പെരുകിയത്. റെയില്‍വേ പോലീസ് 2016ല്‍ രജിസ്റ്റര്‍ ചെയ്ത ഇത്തരം കുറ്റങ്ങള്‍ 42,388 കേസുകളാണ്. 2015ല്‍ 39, 239 കേസുകളാണ്. 2014ലിലാകട്ടെ 31,609 ഉം. കണക്കുകള്‍ പ്രകാരം ട്രെയിനില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ 2014 ലേതില്‍ നിന്നും 2016 ആകുമ്പോഴേക്കും വര്‍ധിച്ചിക്കുകയാണ്.

ട്രെയിനിലെ കുറ്റകൃത്യങ്ങളില്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് ഉത്തര്‍പ്രദേശിലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. യു പിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 8,293 കേസുകളാണ്. മഹാരാഷ്ട്രയില്‍ 7,358, മധ്യപ്രദേശ് 5,082, ഡല്‍ഹി 4,306, ബിഹാര്‍ 2,287 എന്നിങ്ങനെയാണ് കണക്കുകളെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളത്തില്‍ ട്രെയിനുകളിലെ കുറ്റകൃത്യങ്ങള്‍ വിരളമാണെങ്കിലും നിരവധി മലയാളികള്‍ ട്രെയിന്‍ യാത്രക്കിടയില്‍ ആക്രമിക്കപ്പെടുകയും മോഷണത്തിനിരയാകുകയും ചെയ്തിട്ടുണ്ട്.

ട്രെയിനില്‍ മോഷണക്കുറ്റത്തിന് ഈ വര്‍ഷം അറസ്റ്റിലായത് ടിക്കറ്റ് എക്‌സാമിനര്‍മാരടക്കം 28 റെയില്‍വേ ജീവനക്കാരാണ്. രണ്ട് ടിക്കറ്റ് എക്‌സാമിനര്‍മാര്‍, 15 കോച്ച് അറ്റന്‍ഡര്‍മാര്‍, മൂന്ന് പാന്‍ട്രി വെയിറ്റര്‍മാര്‍, മൂന്ന് ഹൗസ് കീപ്പര്‍മാര്‍, അഞ്ച് മറ്റ് ജീവനക്കാര്‍ എന്നിങ്ങനെയാണ് പിടിക്കപ്പെട്ടവരുടെ കണക്ക്. സൗമ്യ തീവണ്ടിയില്‍ കൊല്ലപ്പെട്ടപ്പോള്‍ തീവണ്ടികളില്‍ സ്ത്രീ കംപാര്‍ട്ട്‌മെന്റുകളില്‍ സുരക്ഷിത്വം ഉറപ്പുവരുത്തുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നുവെങ്കിലും അതും പാഴ്‌വാക്കായിരിക്കുകയാണ്. ഇപ്പോള്‍ ട്രെയിനുകളിലെ സ്ത്രീ കംപാര്‍ട്ടുമെന്റുകളില്‍ കാവല്‍ക്കാര്‍ പോലുമില്ല. പലപ്പോഴും സ്ത്രീകള്‍ക്കെതിരെ ആക്രമണം നടത്തുന്നുണ്ടെന്നും ഭാഗ്യം കൊണ്ടു മാത്രമാണ് രക്ഷപ്പെടുന്നതെന്നും സ്ത്രീ യാത്രക്കാര്‍ പറയുന്നു.

Latest