ഐഎന്‍എസ് കല്‍വരി രാജ്യത്തിന് സമര്‍പ്പിച്ചു

Posted on: December 14, 2017 11:24 am | Last updated: December 14, 2017 at 12:17 pm

മുംബൈ: ഇന്ത്യന്‍ നാവികസേനയുടെ ആദ്യത്തെ സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനിയായ ഐഎന്‍എസ് കല്‍വരി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു.
ദക്ഷിണ മുംബൈയിലെ മസ്ഗാവ് ഡോക്കിലായിരുന്നു ചടങ്ങ്.  ഫ്രാന്‍സിന്റെ സഹായത്തോടെ നിര്‍മിക്കുന്ന ആറ്

സ്‌കോര്‍പീന്‍ ക്ലാസ് മുങ്ങിക്കപ്പലുകളില്‍ ആദ്യത്തേതാണിത്.
ഡീസല്‍ ഇലക്ട്രിക് എന്‍ജിന്‍ കരുത്തുള്ള കല്‍വരി, മസ്ഗാവ് ഡോക്കിലാണ് നിര്‍മിച്ചത്. നാല് മാസം കടലില്‍ പരീക്ഷണം പൂര്‍ത്തിയാക്കിയ ശേഷമാണു കമ്മീഷന്‍ ചെയ്യുന്നത്. 2005ല്‍ മുങ്ങിക്കപ്പല്‍ നിര്‍മാണത്തിനു ഫ്രാന്‍സുമായി ഇന്ത്യ ഒപ്പിട്ട കരാര്‍ പ്രകാരം 2012 ഡിസംബറിലാണ് ആദ്യ മുങ്ങിക്കപ്പല്‍ പൂര്‍ത്തിയാകേണ്ടിയിരുന്നത്. പിന്നീടുള്ള ഓരോ വര്‍ഷവും ഓരോന്നു വീതം പുറത്തിറക്കാനായിരുന്നു പദ്ധതി. എന്നാല്‍, പദ്ധതി ഇടക്കാലത്തു വൈകി.

ഇന്ത്യന്‍ നാവികസേനയുടെ ആദ്യ മുങ്ങിക്കപ്പലിന്റെ പേരാണ് കല്‍വരി. 1967ല്‍ റഷ്യയില്‍ നിന്നു വാങ്ങിയ ഇത് 1996 വരെ സേനയ്ക്ക് ഒപ്പമുണ്ടായിരുന്നു. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള വളരുന്ന ബന്ധത്തിന്റെ തെളിവാണ് ഐഎന്‍എസ് കല്‍വരിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു . മേഖലയുടെ സുരക്ഷക്കാണ് എക്കാലവും ഇന്ത്യ പ്രാധാന്യം നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.