ലോക കേരളസഭ: ദൗത്യവും വിഭാവനകളും

കേരളം അക്ഷരാര്‍ഥത്തില്‍ ലോകകേരളമായി മാറിക്കൊണ്ടിരിക്കുന്നു എന്നു പറയുമ്പോഴും വിവിധ രാജ്യങ്ങളിലും പ്രദേശങ്ങളിലും അധിവസിക്കുന്ന കേരളീയര്‍ തമ്മില്‍ ആശയവിനിമയം സാധ്യമാക്കുന്നതിനും പരസ്പരസഹകരണം ഉറപ്പുവരുത്തുന്നതിനും ഒരുമിപ്പിച്ച് നിര്‍ത്തുന്നതിനുമുള്ള ഒരു സംവിധാനവും നിലവിലില്ല. ഈ അഭാവം പരിഹരിക്കുയാണ് ലോകകേരളസഭയുടെ ലക്ഷ്യം. നാനാ ഭാഗങ്ങളില്‍ വസിക്കുന്ന കേരളീയരുടെ പൊതുവേദി എന്ന നിലയിലാണ് ലോകകേരളസഭയെ വിഭാവനം ചെയ്യുന്നത്. പ്രവാസികളോടുള്ള ഉത്തരവാദിത്വം നിര്‍വഹിക്കുന്നതിനോടൊപ്പം പ്രവാസത്തിന്റെ സാധ്യതകള്‍ ഉപയോഗിക്കാനും ബോധപൂര്‍വമായ പരിശ്രമം ആവശ്യമാണ്. സുപ്രധാനമായ ഈ രണ്ടു ദൗത്യങ്ങളും ഏറ്റെടുക്കാന്‍ കഴിയുന്ന തരത്തിലാണ് ലോകകേരളസഭയുടെ നടപടിക്രമങ്ങള്‍ ഉദ്ദേശിക്കുന്നത്. ആഘോഷവും നടത്തി പിരിഞ്ഞു പോകുകയല്ല; വിഷയങ്ങള്‍ സംബന്ധിച്ച് ആഴത്തിലുള്ള ചര്‍ച്ചയും ഉറച്ച തീരുമാനങ്ങളും എടുക്കാന്‍ ലോകകേരളസഭക്ക് കഴിയും എന്നാണ് പ്രതീക്ഷ.
Posted on: December 14, 2017 6:28 am | Last updated: December 13, 2017 at 10:35 pm
SHARE

സംസ്ഥാന സര്‍ക്കാര്‍ ലോകകേരളസഭക്കു രൂപം നല്‍കാനും അതിന്റെ ആദ്യത്തെ സമ്മേളനം 2018 ജനുവരി12,13 തീയതികളില്‍ തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ക്കാനും തീരുമാനിച്ചിരിക്കുകയാണ്. സഭയുടെ ഘടന, ലക്ഷ്യങ്ങള്‍, പ്രാധാന്യം എന്നീ കാര്യങ്ങള്‍ വ്യക്തമാക്കാം. ഇതര സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഗവണ്‍മെന്റിനു പോലും അനുകരിക്കാന്‍ കഴിയുന്ന നിരവധി മാതൃകകള്‍ സൃഷ്ടിക്കാന്‍ കേരളത്തിനു കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ ആദ്യമായി പ്രവാസികാര്യ വകുപ്പ് ആരംഭിച്ചത് 1996ല്‍ നായനാരുടെ നേതൃത്വത്തിലുള്ള സര്‍ക്കാറാണ്. പിന്നീട് കേന്ദ്രത്തിലും ചില സംസ്ഥാനങ്ങളിലും ഈവകുപ്പ് വരികയുണ്ടായി. ഇന്ത്യാ ഗവണ്‍മെന്റും പ്രവാസത്തിനു പ്രാധാന്യമുള്ള മറ്റു സംസ്ഥാനങ്ങളും അനുകരിക്കുമെന്നും ചരിത്രത്തില്‍ ഇടംപിടിക്കുമെന്നും ഉറപ്പിച്ചു പറയാവുന്ന മറ്റൊരു മുന്‍കൈയാണ് ലോകകേരളസഭ.

ഇതര സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ലോകത്താകെയും കേരളം വളരുന്നു എന്ന തിരിച്ചറിവാണ് ലോകകേരളസഭ രൂപീകരിക്കാന്‍ പ്രേരണ. സമീപകാലത്ത് നടന്ന ഒരു സര്‍വേ പ്രകാരം കേരളത്തിന്റെ പ്രവാസി ജനസംഖ്യ 31 ലക്ഷമാണ്. ഇതില്‍ ഏഴ് ലക്ഷം പേര്‍ ഇന്ത്യക്കകത്തും 24 ലക്ഷം ഇതരരാജ്യങ്ങളിലുമാണ്്. യഥാര്‍ഥത്തില്‍ 31 ലക്ഷം എന്നത് ഒരു യാഥാസ്ഥിതിക മതിപ്പാവാനെ തരമുള്ളൂ. കേരളത്തിലെ തിരഞ്ഞെടുത്ത പതിനായിരം വീടുകള്‍ സന്ദര്‍ശിച്ചു നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് മേല്‍പ്പറഞ്ഞ മതിപ്പു കണക്ക് തയ്യാറാക്കിയത്. കുടുംബസമേതം മറുനാട്ടില്‍ കഴിയുന്ന പ്രവാസികള്‍ ഈ കണക്കില്‍ പെട്ടിരിക്കാന്‍ സാധ്യതയില്ല. തലമുറകളായി പുറത്തുള്ള കേരളീയരുടെ വിവരങ്ങള്‍ നല്‍കാന്‍ നാട്ടിലുള്ള ബന്ധുക്കള്‍ക്കു കഴിഞ്ഞു എന്നും വരില്ല. കൃത്യമായ കണക്കുകളുടെ അഭാവത്തില്‍ ഏകദേശം അരക്കോടിയോളം വരും എന്നു അനുമാനിക്കാനെ കഴിയൂ. പ്രവാസം കഴിഞ്ഞു തിരിച്ചെത്തിയവരുടെ സംഖ്യ ഏതാണ്ട് 16.4 ലക്ഷമാണ്. പ്രവാസികളെയും നാട്ടിലെ അവരുടെ കുടുംബാംഗങ്ങളെയും പ്രവാസം കഴിഞ്ഞു തിരിച്ചെത്തിയവരെയും കൂടി കൂട്ടിയാല്‍ പ്രവാസത്തിനു കേരളീയ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി ഏകദേശ ധാരണ കിട്ടും.

നാടുമായി നിലനിര്‍ത്തുന്ന അടുത്ത ബന്ധമാണ് കേരളീയ പ്രവാസി സമൂഹത്തിന്റെ പ്രത്യേകത. പ്രവാസികളില്‍ മഹാഭൂരിപക്ഷവും ഇന്ത്യന്‍ പൗരത്വം നിലനിര്‍ത്തുന്നവരാണ്. ഇന്ത്യന്‍ പൗരത്വം നഷ്ടപ്പെട്ടവര്‍പോലും നാടുമായുള്ള ബന്ധങ്ങള്‍ നിലനിര്‍ത്തുന്നു. കേരളീയരെ വ്യത്യസ്ഥമാക്കുന്ന ഒരു പ്രത്യേകത സംഘം ചേരാനുള്ള പ്രവണതയാണ്. കേരളീയ പ്രവാസികള്‍ക്കിടയില്‍ വ്യത്യസ്ത തരത്തിലുള്ള അസംഖ്യം കൂട്ടായ്മകള്‍ സജീവമാണ്. ഈ കൂട്ടായ്മകള്‍ ഒരര്‍ഥത്തില്‍ കേരള സംസ്‌കാരത്തിന്റെ കളിത്തൊട്ടിലുകളാണ് എന്നു പറയാം. പുറംകേരളം മലയാളം സംസാരിക്കുന്നു, പഠിക്കുന്നു, സാഹിത്യവും കലയും ആസ്വദിക്കുന്നു, സൃഷ്ടിക്കുന്നു, പ്രചരിപ്പിക്കുന്നു. ഇന്നു കേരളം ജീവിക്കുന്നത് സംസ്ഥാനത്തിനുള്ളില്‍ മാത്രമല്ല; കേരളീയര്‍ ലോകത്ത് എവിടെയെല്ലാം എത്തിച്ചേര്‍ന്നിട്ടുണ്ടോ അവിടെയെല്ലാമായാണ് എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. പഴയ കാലത്ത് പ്രവാസം എന്നത് അകലങ്ങളിലേക്കും ഒറ്റപ്പെടലിലേക്കുമുള്ള യാത്രയായിരുന്നുവെങ്കില്‍ ഇന്നത്തെ സ്ഥിതി വ്യത്യസ്ഥമാണ്. പ്രവാസികള്‍ക്ക് നാട്ടിലെ കാര്യങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നതിന് അകലം ഇന്ന് ഒരു തടസ്സമല്ല. ശാസ്ത്ര സാങ്കേതിക വിപ്ലവം അകലങ്ങള്‍ ഇല്ലാതാക്കിയിരിക്കുന്നു. മറുനാട്ടില്‍ നില്‍ക്കുമ്പോഴും നാട്ടിലെ ദൈനംദിന ജീവിതത്തിന്റെ എല്ലാ മേഖലകളിലും നിറസാന്നിധ്യമാകാന്‍ ഇന്നു പ്രവാസികള്‍ക്ക് കഴിയുന്നു.
ഇവിടെ സൂചിപ്പിച്ച മാറ്റങ്ങള്‍ കേരളത്തില്‍ മാത്രം സംഭവിക്കുന്ന ഒന്നല്ല. ജീവിതവും സംസ്‌കാരങ്ങളും പ്രദേശാതീതമാകുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. എല്ലാ സംസ്‌കാരങ്ങളും അവയുടെ ഭൂപ്രദേശാടിസ്ഥാനത്തില്‍ നിര്‍വചിക്കപ്പെട്ട തട്ടകം വിട്ടു വളര്‍ന്നു പടരുന്നതായാണ് കാണുന്നത്. സംസ്‌കാരങ്ങള്‍ അവയുടെ പ്രദേശങ്ങള്‍ വിട്ടു വളരുന്ന ഈ പ്രക്രിയയില്‍ കേരളം വളരെ മുന്നിലാണ്. ലോകത്തു തന്നെ പ്രവാസത്തിന്റെ ആപേക്ഷിക പ്രാധാന്യം വളരെ കൂടുതലുള്ള പ്രദേശങ്ങളില്‍ ഒന്നാണ് കേരളം. കേരളം എന്നത് സംസ്ഥാനത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ അടയാളപ്പെടുത്തപ്പെട്ട ഒരു ഭൂപ്രദേശം മാത്രമല്ല, ലോകവ്യാപകമായിക്കൊണ്ടിരിക്കുന്ന ഒരു സംസ്‌കാരവും കൂടിയാണ് എന്നു പറയുന്നതിന്റെ പശ്ചാത്തലം ഇതാണ്. കേരളം അക്ഷരാര്‍ഥത്തില്‍ ലോകകേരളമായി മാറിക്കൊണ്ടിരിക്കുന്നു എന്നു പറയുമ്പോഴും വിവിധ രാജ്യങ്ങളിലും പ്രദേശങ്ങളിലും അധിവസിക്കുന്ന കേരളീയര്‍ തമ്മില്‍ ആശയവിനിമയം സാധ്യമാക്കുന്നതിനും പരസ്പര സഹകരണം ഉറപ്പുവരുത്തുന്നതിനും ബൃഹദ് കേരളത്തെ ഒരുമിപ്പിച്ച് നിര്‍ത്തുന്നതിനുമുള്ള ഒരു സംവിധാനവും ഇന്നു നിലവിലില്ല. ഈ അഭാവം പരിഹരിക്കുക എന്നതാണ് ലോക കേരളസഭയുടെ ലക്ഷ്യം.

ലോകകേരളസഭയുടെ അംഗബലം 351 ആയിരിക്കും. കേരളനിയമസഭയിലെ മുഴുവന്‍ അംഗങ്ങളും കേരളത്തെ പ്രതിനിധീകരിക്കുന്ന പാര്‍ലിമെന്റ് അംഗങ്ങളും ലോക കേരളസഭയിലെ അംഗങ്ങളായിരിക്കും. ഇന്ത്യന്‍ പൗരന്മാരായ കേരളീയ പ്രവാസികളെ പ്രതിനിധീകരിച്ച് 178 അംഗങ്ങളെ കേരളസര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യും. ഇപ്രകാരം നാമനിര്‍ദേശം ചെയ്യുന്ന അംഗങ്ങളില്‍ 42 പേര്‍ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 100 പേര്‍ പുറം രാജ്യങ്ങളില്‍ നിന്നും ആറ് പേര്‍ പ്രവാസം കഴിഞ്ഞ് തിരിച്ചെത്തിയവരില്‍ നിന്നും 30 പേര്‍ വിവിധ വിഷയ മേഖലകളില്‍ നിന്നുള്ള പ്രമുഖ വ്യക്തികളും ആയിരിക്കും. ലോകകേരളസഭ ഒരു സ്ഥിരം സഭയായിരിക്കും. കാലാവധി തീരുന്ന അംഗങ്ങളുടെ സ്ഥാനത്ത് പുതിയ അംഗങ്ങള്‍ വരും. സഭ കുറഞ്ഞത് രണ്ടു വര്‍ഷത്തില്‍ ഒരിക്കലെങ്കിലും യോഗം ചേരും.
ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ വസിക്കുന്ന കേരളീയരുടെ പൊതുവേദി എന്ന നിലയിലാണ് ലോകകേരളസഭയെ വിഭാവനം ചെയ്യുന്നത്. ലോകത്താകെയുള്ള കേരളീയരുടെ കൂട്ടായ്മയും പരസ്പര സഹകരണവും പ്രോത്സാഹിപ്പിക്കുകയും കേരള സംസ്‌കാരത്തിന്റെ പുരോഗമനപരമായ വികസനത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയുമാണ് ലോകകേരളസഭയുടെ ലക്ഷ്യം. കേരളീയരുടെ പൊതു സംസ്‌കാരത്തെയും സാമൂഹിക സാമ്പത്തിക വികസനത്തെയും സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കുന്നതില്‍ സംസ്ഥാനത്തിന് അകത്തുള്ളവര്‍ക്ക് എന്നപോലെ പുറത്തുള്ള കേരളീയര്‍ക്കും അര്‍ഥവത്തായ പങ്കാളിത്തം ഉറപ്പാക്കുന്നതില്‍ ലോക കേരളസഭ നിര്‍ണായക പങ്കു വഹിക്കും. അതുകൊണ്ടുതന്നെ കേരളത്തിന്റെ ജനാധിപത്യവത്കരണ ചരിത്രത്തില്‍ ലോകകേരള സഭ ഒരു പുതിയ അധ്യായമാണ് എഴുതിച്ചേര്‍ക്കുക. ഭാഷാപരമോ പ്രദേശപരമോ ആയ സങ്കുചിത ചിന്തകളല്ല മറിച്ച് സ്വാതന്ത്ര്യം, ജനാധിപത്യം, സാമൂഹ്യനീതി, മതനിരപേക്ഷത തുടങ്ങി കേരളം പൊതുവെ അംഗീകരിക്കുന്ന വിശ്വമാനവികതയുടെ മൂല്യങ്ങളായിരിക്കും ലോകകേരളസഭ ഉയര്‍ത്തി പിടിക്കുക. ലോകകേരളത്തിന്റെ താത്പര്യവൃത്തത്തില്‍ വരുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പൊതുസമ്മതമായ തീരുമാനങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും അനുഭാവപൂര്‍വമായ നടപടികള്‍ ശിപാര്‍ശ ചെയ്യുന്നതിനും പ്രയത്‌നിക്കും.
പ്രവാസികള്‍ അയക്കുന്ന പണം സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദനത്തിന്റെ 30 ശതമാനത്തോളം വരുമെന്നാണ് കണക്ക്. പ്രവാസികളുടെ സമ്പാദ്യത്തിന്റെ രൂപത്തില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വിദേശനാണയം നേടുന്ന രാജ്യം ഇന്ത്യയാണ്. ഇപ്രകാരം നാടിന്റെ വികസനത്തിനു പ്രവാസികള്‍ നല്‍കുന്ന സംഭാവന അമൂല്യമാണെങ്കിലും അതിന് അവര്‍ കൊടുക്കേണ്ടിവരുന്ന വില വളരെ വലുതാണ്. പ്രവാസത്തിനുവേണ്ടിയുള്ള തയ്യാറെടുപ്പിന്റെയും യാത്രയുടെയും ഘട്ടം മുതല്‍ തിരിച്ചുവന്നതിനുശേഷമുള്ള പുനരധിവാസം വരെയുള്ള ഘട്ടങ്ങളില്‍ നേരിടുന്ന കബളിപ്പിക്കലുകളും ചൂഷണവും അവകാശ നിഷേധങ്ങളും അപമാനവും എളുപ്പം വിവരിച്ചു തീര്‍ക്കാനാവുന്നതല്ല. പ്രവാസം കഴിഞ്ഞെത്തുന്നവരുടെ സാമൂഹിക സുരക്ഷയുടെയും ക്ഷേമത്തിന്റെയും പ്രശ്‌നങ്ങള്‍ വേറെ. ഈ പ്രശ്‌നങ്ങളിലേക്കു പൊതു സമൂഹത്തിന്റെയും, കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെയും സാര്‍വദേശീയ ഏജന്‍സികളുടെയും ശ്രദ്ധ ആകര്‍ഷിക്കാനും പരിഹാരം തേടാനും ലോകകേരളസഭ വേദിയൊരുക്കും. ഇക്കാര്യങ്ങള്‍ സംബന്ധിച്ച നയങ്ങളിലും നിയമങ്ങളിലും സാര്‍വദേശീയ കരാറുകളിലും, ഭരണനിര്‍വഹണ സംവിധാനങ്ങളിലും ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ ലോകകേരളസഭ യത്‌നിക്കും.

കേരളത്തിനകത്തേക്കും പുറത്തേക്കുമുള്ള അറിവിന്റെയും സാങ്കേതിക ജ്ഞാനത്തിന്റെയും നൈപുണ്യങ്ങളുടെയും അഭിരുചികളുടെയും സാധനങ്ങളുടെയും സേവനങ്ങളുടെയും മൂലധനത്തിന്റെയും ഒഴുക്കിന്റെ വാതായനവും മാധ്യമവുമായി പ്രവാസിസമൂഹം പ്രവര്‍ത്തിക്കുന്നുണ്ട്. പ്രവാസിസമൂഹം സ്വദേശത്തുനിന്നുള്ള സാധനങ്ങളുടെയും സേവനങ്ങളുടെയും മൂലധനത്തിന്റെയും കയറ്റുമതിക്ക് അരങ്ങൊരുക്കും എന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കേരളത്തിന്റെ അനുഭവം സൂക്ഷ്മമായി പരിശോധിച്ചാല്‍ ഇത് വളരെ ശരിയാണെന്നു ബോധ്യപ്പെടും. പ്രവാസി സമൂഹം കേരളത്തില്‍ നിന്നുള്ള സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും വിദേശത്ത് വളരെ ചലനാത്മകമായ വിപണി സൃഷ്ടിച്ചെടുത്തിട്ടുണ്ട്. പ്രവാസിസമൂഹങ്ങള്‍ കേരളത്തില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും അവസരം ഒരുക്കുന്നു എന്നതും ശ്രദ്ധേയമാണ്. പുതിയ തലമുറക്ക് അന്തര്‍ദേശീയ തൊഴില്‍ വിപണിയിലേക്ക് എത്തിപ്പെടാനുള്ള കൈത്താങ്ങായും പ്രവാസിസമൂഹം പ്രവര്‍ത്തിക്കുന്നു.
ഈ ചിത്രത്തിന്റെ മറുവശം എന്ന നിലക്ക് വിശ്വപരപ്പില്‍ പ്രത്യക്ഷപ്പെടുന്ന പുതിയ അറിവുകളേയും ആശയങ്ങളേയും സാങ്കേതിക വിദ്യകളേയും സാധനങ്ങളേയും സേവനങ്ങളേയും മൂലധനത്തേയും നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള മാധ്യമം എന്ന നിലക്കും പ്രവാസി സമൂഹം പ്രവര്‍ത്തിക്കുന്നുണ്ട്.

ലോകം അവസരങ്ങളുടെ ഒരു തുറസ്സാണ്. പുറംലോകത്തിന്റെ സാധ്യതകള്‍ ഉപയോഗിക്കാന്‍ കേരളത്തെ സഹായിക്കുന്ന മാധ്യമമായി വര്‍ത്തിക്കുകയാണ് പ്രവാസിലോകം ചെയ്യുന്നത്. പ്രവാസത്തിന്റെ മേല്‍പ്പറഞ്ഞ തരത്തിലുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ആസൂത്രിതമായ പരിശ്രമം നടത്താന്‍ നമുക്കു കഴിഞ്ഞിട്ടില്ല. പ്രവാസികളോടുള്ള ഉത്തരവാദിത്വം നിര്‍വഹിക്കുന്നതിനോടൊപ്പം പ്രവാസത്തിന്റെ സാധ്യതകള്‍ ഉപയോഗിക്കാനും ബോധപൂര്‍വമായ പരിശ്രമം ആവശ്യമാണ്. സുപ്രധാനമായ ഈ രണ്ട് ദൗത്യങ്ങളും ഏറ്റെടുക്കാന്‍ കഴിയുന്ന തരത്തിലാണ് ലോകകേരളസഭയുടെ നടപടിക്രമങ്ങള്‍ വിഭാവനം ചെയ്യുന്നത്. പൊതുയോഗവും ആഘോഷവും നടത്തി പിരിഞ്ഞു പോകുകയല്ല, മറിച്ച് പ്രധാന വിഷയങ്ങള്‍ ഓരോന്നും സംബന്ധിച്ച് ആഴത്തിലുള്ള ചര്‍ച്ചയും ഉറച്ച തീരുമാനങ്ങളും എടുക്കാന്‍ ലോകകേരളസഭക്ക് കഴിയും എന്നാണ് പ്രതീക്ഷ. സഭയില്‍ പ്ലീനറി സെഷനുകള്‍ക്കു പുറമെ വിഷയമേഖല അടിസ്ഥാനത്തിലുള്ള പ്രത്യേക യോഗങ്ങളും ഉണ്ടാവും. പ്രസ്തുത യോഗങ്ങളില്‍ പുറം കേരളത്തില്‍ നിന്നുള്ള സഭാംഗങ്ങളോടൊപ്പം അതാതു വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കും.
ലോകകേരളസഭയുടെ പ്രഥമ സമ്മേളനത്തിന്റെ ആഹ്വാനം ബൃഹദ്‌കേരളം ഒന്നടങ്കം, അതായത് അകംകേരളവും പുറംകേരളവും ഒരുപോലെ ഏറ്റെടുക്കും. ഒന്നാം സമ്മേളനം അംഗീകരിക്കുന്ന മാര്‍ഗരേഖ പിന്തുടര്‍ന്ന് വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ സഭയുടെ സെക്രേട്ടറിയറ്റും കേരള സര്‍ക്കാറും പ്രതിജ്ഞാബദ്ധമാണ്. ഒന്നാം സമ്മേളനത്തെ തുടര്‍ന്ന് ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതി രണ്ടു വര്‍ഷത്തിനുള്ളില്‍ ചേരുന്ന രണ്ടാമത് സമ്മേളനം പരിശോധിക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here