ബാബരി മസ്ജിദ് തകര്‍ത്തത് റാവുവിന്റെ അറിവോടെ: കുല്‍ദീപ് നയ്യാര്‍

Posted on: December 6, 2017 10:15 am | Last updated: December 6, 2017 at 6:27 pm

ലക്‌നോ: ബാബരി മസ്ജിദ് തകര്‍ക്കപെട്ടത് അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ അറിവോടെയെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാറിന്റെ വെളിപ്പെടുത്തല്‍. ബാബരി മസ്ജിദിന്റെ കാര്യത്തില്‍ ആര്‍എസ്എസിനും റാവുവിനും ഒരേ നിലപാടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മതേതര ഇന്ത്യക്കേറ്റ കനത്ത ആഘാതമാണ് ബാബരിയുടെ തകര്‍ച്ചയെന്നും അദ്ദേഹം വ്യക്തമാക്കി. എക്‌സ്പ്രസ് ട്രിബ്യൂണ്‍ പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് കുല്‍ദീപ് നയ്യാര്‍ ഇക്കാര്യം വ്യക്തമാക്കുന്നത്.

ബാബരി തകര്‍ക്കപ്പെട്ടപ്പോള്‍ റാവു മാധ്യമപ്രവര്‍ത്തകരുടെ യോഗം വിളിച്ചുകൂട്ടിയിരുന്നു. രാജ്യത്ത് കലാപം ഒഴിവാക്കാന്‍ മാധ്യമങ്ങളുടെ സഹകരണം തേടുകയായിരുന്നു യോഗത്തിന്റെ ലക്ഷ്യം. എന്നാല്‍ മസ്ജിദ് തകര്‍ക്കാന്‍ റാവു പൂജ നടത്തിയെന്നും മസ്ജിദ് തകര്‍ക്കപ്പെട്ടുവെന്ന് ഒരു യുവാവ് ചെവിയില്‍ പറഞ്ഞപ്പോഴാണ് അദ്ദേഹം കണ്ണ് തുറന്നതെന്നും സോഷ്യലിസ്റ്റ് നേതാവായിരുന്ന മധു ലിമായെ പിന്നീറ്റ് വെളിപ്പെടുത്തിയിരുന്നു. ബാബരി ധ്വംസനത്തില്‍ റാവുവിന് പങ്കില്ലെന്ന് കോണ്‍ഗ്രസ് പറുമ്പോഴും പള്ളി നിന്ന സ്ഥലത്ത് അമ്പലം ഉയര്‍ന്നത് എങ്ങനെയെന്ന് വിശദീകരിക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. – കുല്‍ദീപ് ലേഖനത്തില്‍ വ്യക്തമാക്കുന്നു.

ബാബരി തകര്‍ക്കപ്പെട്ടതിന് തൊട്ടടുത്ത ദിവസം വാജ്‌പേയിയോട് ഇതേക്കുറിച്ച് പ്രതികരണം ആരാഞ്ഞപ്പോള്‍ അമ്പലം ഉയരട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പൊതുവെ നിഷ്പക്ഷ നിലപാടുള്ളയാളെന്ന് അറിയപ്പെടുന്ന വാജ്‌പെയില്‍ നിന്ന് ഈ പ്രതികരണം കേട്ട് താന്‍ ഞെട്ടിയെന്നും കുല്‍ദീപ് നയ്യാര്‍ പറയുന്നു.