ഞെട്ടലോടെ അവര്‍ കണ്ടുനിന്നു; ഉറ്റവര്‍ മുങ്ങിത്താഴുന്നത്

Posted on: December 5, 2017 9:22 am | Last updated: December 5, 2017 at 10:47 am

തിരുവനന്തപുരം: മണിക്കൂറുകളോളം കൂടെ ഉണ്ടായിരുന്നവര്‍ തങ്ങള്‍ നോക്കിനില്‍ക്കെ മരണത്തിലേക്ക് മുങ്ങിത്താഴുന്ന കാഴ്ചയുടെ നടുക്കം മാറാതെ കടലില്‍നിന്ന് രക്ഷപ്പെട്ടെത്തിയര്‍. മരണം മുന്നില്‍ കണ്ടിടത്തുനിന്നാണ് ഒരുകൂട്ടം മത്സ്യ തൊഴിലാളികള്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.

ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കടലില്‍നിന്ന് തിരിച്ചെത്തിയ ഓരോ മത്സ്യ തൊഴിലാളികള്‍ക്കുമുള്ളത് മരണത്തിനും ജീവിതത്തിനുമിടയിലെ നൂല്‍പ്പാലത്തില്‍ ദിവസങ്ങള്‍ തള്ളി നീക്കിയതിന്റെ ഞെട്ടിക്കുന്ന അനുഭവങ്ങളാണ്. നാവിക േസനയും തീരസംരക്ഷണ സേനയും ഇന്നലെ രക്ഷപെടുത്തി കരയിലെത്തിച്ചവരില്‍ ഭൂരിഭാഗം പേരും സംസാരിക്കാന്‍ പോലുമാകാത്ത വിധം അവശരായിരുന്നു. ഭക്ഷണവും വെള്ളവുമില്ലാതെ അഞ്ച് ദിവസം നടുക്കടലിലകപ്പെവര്‍ വരെ രക്ഷപ്പെട്ടവരിലുണ്ട്.

തിരുവനന്തപുരത്ത് നിന്ന് കടലില്‍ പോയി നാവികസേന രക്ഷിച്ചെടുത്ത ബൈജു, പോള്‍ എന്നിവര്‍ പങ്കുവെക്കുന്നത് ദുരന്തമുഖത്തിന്റെ നേര്‍കാഴ്ചകളാണ്. കാറ്റില്‍ മറിഞ്ഞുപോയ വള്ളത്തില്‍ കൂടെയുണ്ടായിരുന്ന രണ്ടു പേര്‍ തെറിച്ചുപോയി. ഇവരെക്കുറിച്ച് പിന്നീട് വിവരമില്ല, ഇവര്‍ മറ്റേതെങ്കിലും തീരത്ത് എത്തിയിട്ടുണ്ടോ എന്നും അറിയില്ല. വള്ളത്തില്‍ പിടിച്ചുകിടന്നാണ് തങ്ങള്‍ രക്ഷപ്പെട്ടത്. ദിവസങ്ങളോളം വള്ളത്തില്‍ അള്ളിപ്പിടിച്ചു കിടന്നത് ഇരുവരുടെയും ശരീരത്തില്‍ കാര്യമായ മുറിവുകളും ഏല്‍പ്പിച്ചിട്ടുണ്ട്.

രക്ഷപ്പെട്ടെത്തിയ മറ്റ് രണ്ട് പേര്‍ പങ്കുവെക്കുന്നത് തങ്ങളോടൊപ്പം ദിവസങ്ങള്‍ മരണത്തിന്റെ മുള്‍ മുനയില്‍ കഴിഞ്ഞുകൂടിയ രണ്ട് പേര്‍ തങ്ങള്‍ നോക്കി നില്‍ക്കുമ്പോള്‍ മരണത്തിന്റെ കാണാക്കയങ്ങളിലേക്ക് താഴ്ന്നുപോയതിന്റെ നടുക്കം മാറാത്ത ഓര്‍മകളാണ്. ഇനിയും പിടിച്ചു നില്‍ക്കാന്‍ പറ്റില്ല എന്നുമാത്രമാണ് അവസാനമായി കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞത്. വള്ളത്തില്‍ കെട്ടിയിട്ടുണ്ടായിരുന്ന കയറില്‍ അള്ളിപ്പിടിച്ച് കിടക്കുകയായിരുന്ന തങ്ങള്‍ക്ക് അവരുടെ വാക്കുകള്‍ കേള്‍ക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളുണ്ടായിരുന്നില്ല. പ്രാര്‍ഥനയും നേര്‍ച്ചകളും മാത്രമാണ് തങ്ങളെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്.

കരയിലെത്തുമെന്നും ഉറ്റവരെയും ബന്ധുക്കളെയും ഇനിയും കാണാനാകുമെന്നും ഒരു പ്രതീക്ഷയും ഇവര്‍ക്കുണ്ടായിരുന്നില്ല. വള്ളങ്ങളിലുണ്ടായിരുന്ന വയര്‍ലെസ് ആദ്യം തന്നെ കേടാകുകയും മൊബൈല്‍ ഫോണുകള്‍ വെള്ളത്തിലേക്ക് തെറിച്ച് പോകുകയും ചെയ്തതോടെ കരകാണാ കടലില്‍ നിസ്സഹായരായി പ്രാര്‍ഥിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനായില്ല.

ലക്ഷങ്ങള്‍ വിലയുള്ള ബോട്ടുകളും മത്സ്യ ബന്ധനോപകരണങ്ങളും വള്ളങ്ങളുമെല്ലാം നഷ്ടപ്പെട്ടതോടെ കരയില്‍ തിരിച്ചെത്തിയവരുടെ ജീവനോപാധികളെല്ലാം ഇല്ലാതായിരിക്കുകയാണ്. എന്നാലും വൈകിയാണെങ്കിലും കരകണ്ടതിന്റെ സന്തോഷം തിരിച്ചെത്തിയ ഓരോരുത്തര്‍ക്കുമുണ്ട്.