സ്വാശ്രയ മെഡിക്കല്‍: നാല് കോളജുകളില്‍ 4,85,000 രൂപ ഫീസ്

Posted on: October 31, 2017 5:16 pm | Last updated: October 31, 2017 at 8:02 pm

തിരുവനന്തപുരം: നാല് സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ്, ഫീസ് നിര്‍ണയ സമിതി നിശ്ചയിച്ചു. ക്രിസ്ത്യന്‍ മാനേജ്‌മെന്റിന് കീഴിലുള്ള മൂന്ന് കോളജുകളിലെയും പാലക്കാട് കരുണ മെഡിക്കല്‍ കോളജിലെയും പ്രവേശന ഫീസാണ് നിശ്ചയിച്ചത്. ഈ കോളജുകള്‍ക്ക് 4,85,000 രൂപ ഈ വര്‍ഷം ഫീസായി വാങ്ങാം. നിലവിലെ ഫീസില്‍ നിന്ന് 15,000 രൂപ കുറവാണ് പുതിയ ഫീസ്.

ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മിറ്റിയാണ് ഫീസ് നിര്‍ണയിച്ചു നല്‍കിയത്. കോഴിക്കോട് കെഎംസിടി മെഡിക്കല്‍ കോളജിന്റെ ഫീസ് സമിതി നേരത്തെ നിശ്ചയിച്ച് നല്‍കിയിരുന്നു. 4,80,000 രൂപയാണ് അവര്‍ക്ക് നിശ്ചയിച്ചുനല്‍കിയ ഫീസ്. ഇതിനെതിരെ കെഎംസിടി മാനേജ്‌മെന്റ് കോടതിയെ സമീപിച്ചിട്ടുണ്ട്.

ഈ വര്‍ഷം 85 ശതമാനം സീറ്റുകളിലേക്ക് അഞ്ച് ലക്ഷം രൂപയാണ് താത്കാലിക ഫീസായി നിര്‍ണയിച്ചുനല്‍കിയത്. 15 ശതമാനം എന്‍ആര്‍ഐ സീറ്റില്‍ 20 ലക്ഷവും നിര്‍ണയിച്ചു. ഇതിനെതിരെ കോടതിയില്‍ പോയ കോളജ് മാനേജ്‌മെന്റുകള്‍ ബാങ്ക് ഗ്യാരണ്ടിയായി ആറ് ലക്ഷം രൂപ കൂടി ഈടാക്കാന്‍ അനുമതി നേടി. തുടര്‍ന്ന് ഇതുകൂടി ചേര്‍ത്ത് പല കോളജുകളും 11 ലക്ഷം രൂപ ഫീസായി ഈടാക്കാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് ഫീസ് നിര്‍ണയ സമിതി ഓരോ കോളജിന്റെയും വരവ് ചെലവ് കണക്കുകള്‍ പരിശോധിച്ച് അന്തിമ വര്‍ഷിക ഫീസ് നിര്‍ണയിക്കുന്ന നടപടി തുടങ്ങിയത്.