ഹൈക്കമാന്‍ഡ് അംഗീകരിച്ച കെ പി സി സി അംഗങ്ങളുടെ ആദ്യ യോഗം ഇന്ന്

Posted on: October 30, 2017 8:33 am | Last updated: October 30, 2017 at 11:09 am

തിരുവനന്തപുരം: ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം ഹൈക്കമാന്‍ഡ് അംഗീകരിച്ച പുതിയ കെ പി സി സി അംഗങ്ങളുടെ ആദ്യ യോഗം ഇന്ന് ഇന്ദിരാഭവനില്‍ നടക്കും. പരാതികള്‍ക്കും തിരുത്തലുകള്‍ക്കും ശേഷം 304 അംഗ പട്ടികക്കാണ് ഹൈക്കമാന്‍ഡ് അനുമതി നല്‍കിയത്. രാവിലെ 10.30ന് ചേരുന്ന യോഗത്തില്‍ പുതിയ കെ പി സി സി അധ്യക്ഷനെ നിയമിക്കാന്‍ ഹൈക്കമാന്‍ഡിനെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള പ്രമേയം അവതരിപ്പിക്കും. പുതിയ എ ഐ സി സി അംഗങ്ങളെ തിരഞ്ഞെടുക്കാനും സാധ്യതയുണ്ട്.

പരാതികളുടെ അടിസ്ഥാനത്തില്‍ പലവട്ടം വെട്ടിത്തിരുത്തിയ പട്ടികക്ക് ഒടുവില്‍ അംഗീകാരമായതോടെ ഗ്രൂപ്പുകള്‍ക്കും ഗ്രൂപ്പിന് പുറത്തുള്ളവര്‍ക്കും ആശ്വാസം. അംഗങ്ങളില്‍ മുന്‍തൂക്കം ഐ ഗ്രൂപ്പിനാണ് 146 പേര്‍. 136 പേര്‍ എ ഗ്രൂപ്പ് നോമിനികള്‍. ഒരു ഗ്രൂപ്പിലും പെടാത്ത 22 പേരും പട്ടികയില്‍ ഉള്‍പ്പെട്ടു എന്നത് ശ്രദ്ധേയം. ബ്ലോക്കുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 282 പേരാണ് പട്ടികയിലുള്ളത്. കെ പി സി സി മുന്‍ അധ്യക്ഷന്മാരായ തെന്നല ബാലകൃഷ്ണപിള്ള, വയലാര്‍ രവി, എ കെ ആന്റണി, സി വി പത്മരാജന്‍, കെ മുരളീധരന്‍, വി എം സുധീരന്‍, പി പി തങ്കച്ചന്‍ എന്നീ ഏഴ് പേരും പാര്‍ലിമെന്ററി പാര്‍ട്ടിയില്‍ നിന്നുള്ള 15 എം എല്‍ എമാരും പുതിയ കെ പി സി സിയില്‍ ഉണ്ടാകും. വനിതാ പ്രാതിനിധ്യം 28ഉം ദളിത് പ്രാതിനിധ്യം ഇരുപതും ആണ്. 146 പേര്‍ പുതുമുഖങ്ങളാണ്. കൊല്ലം ജില്ലയില്‍ നിന്ന് മാത്രം കെ പി സി സിയിലേക്ക് പ്രാതിനിധ്യം ഉണ്ടാകില്ല.

സംസ്ഥാനത്ത് നിന്ന് നല്‍കിയ പട്ടികയില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് . പന്തളം ബ്ലോക്കില്‍ നിന്ന് അനിതക്കു പകരം കൊടിക്കുന്നില്‍ സുരേഷ് എം പിയുടെ നോമിനിയായി സരോജിനി ബാലനെയും ചവറയില്‍ നിന്ന് ബിന്ദു ജയന് പകരം കെ സുരേഷ് ബാബുവിനെയും ഉള്‍പ്പെടുത്തി. ഉമ്മന്‍ ചാണ്ടി കടുത്ത നിലപാട് സ്വീകരിച്ചതോടെ കൊല്ലം എഴുകോണില്‍ പി സി വിഷ്ണുനാഥിനെ നിലനിര്‍ത്തി. തന്നെ ഒഴിവാക്കി പകരം താന്‍ നിര്‍ദേശിക്കുന്ന ആളുകളെ ഉള്‍പ്പെടുത്തണമെന്ന ശശി തരൂരിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. തരൂരിന്റെ പേരില്ലാതെ അയച്ച പട്ടികയില്‍ ഹൈക്കമാന്‍ഡ്് തരൂരിനെ കൂടി ഉള്‍പ്പെടുത്തുകയായിരുന്നു.