15,000 കോടി ഡോളറിന്റെ നിക്ഷേപത്തിനൊരുങ്ങി റെയില്‍വേ

നാല് വര്‍ഷത്തിനകം റെയില്‍വേയെ പൂര്‍ണമായും വൈദ്യുതീകരിക്കുമെന്ന് മന്ത്രി പിയൂഷ് ഗോയൽ
Posted on: October 29, 2017 7:52 pm | Last updated: October 30, 2017 at 8:44 am

മുംബൈ: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 15000 കോടി ഡോളറിന്റെ നിക്ഷേപം നടത്താന്‍ റെയില്‍വേ പദ്ധതിയിട്ടതായി റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. റെയില്‍വേക്ക് പുതിയ മുഖം നല്‍കുവാനാണ് പദ്ധതിയെന്ന് മന്ത്രി വ്യക്തമാക്കി. മുംബൈയില്‍ ബിസിനസ് ടൈംസിന്റെ അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഞ്ച് വര്‍ഷത്തിനുള്ളില്‍ റെയില്‍വേയില്‍ 15000 കോടി ഡോളറിന്റെ നിക്ഷേപം നടത്തുന്നത് തൊഴിലവസങ്ങള്‍ വര്‍ധിപ്പിക്കും. ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ ഇതുവഴി തുറക്കാനാകുമെന്ന് മന്ത്രി പറഞ്ഞു.

നാല് വര്‍ഷത്തിനകം തന്നെ റെയില്‍വേയെ പൂര്‍ണമായും വൈദ്യുതീകരിക്കും. ഇത് പ്രവര്‍ത്തന ചെലവ് 30 ശതമാനം വരെ കുറക്കുവാന്‍ സഹായിക്കും. വര്‍ഷത്തില്‍ പതിനായിരം കോടി രൂപയുടെ ലാഭം ഇതുവഴി നേടാനാകുമെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു.