Connect with us

Kerala

പ്രശസ്ത സാഹിത്യകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ള അന്തരിച്ചു

Published

|

Last Updated

കോഴിക്കോട്: പ്രശസ്ത സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുല്ല അന്തരിച്ചു. അദ്ദേഹത്തിന് 77 വയസ്സായിരുന്നു. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഇന്ന് പുലര്‍ച്ചെ 7.40നായിരുന്നു അന്ത്യം. കേന്ദ്ര, സംസ്ഥാന സാഹിത്യ അക്കാഡമി പുരസ്‌കാരങ്ങള്‍ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

1940 ഏപ്രില്‍ മൂന്നിന് കോഴിക്കോട് ജില്ലയിലെ വടകരയിൽ സൈനയുടെയും മമ്മുവിന്റെയും മകനായാണ് കുഞ്ഞബ്ദുല്ലയുടെ ജനനം. തലശ്ശേരി ബ്രണ്ണന്‍ കോളെജിലും അലിഗഢ് മുസ്ലീം സര്‍വ്വകലാശാലയിലും ആയിരുന്നു വിദ്യാഭ്യാസം. അലിഗഡിൽ നിന്ന് എം.ബി.ബി.എസ്. ബിരുദം നേടി. കുറച്ചുകാലം സൗദി അറേബ്യയിലെ ദമാമില്‍ ജോലിനോക്കി. മൂന്നു മക്കളുണ്ട്.

അമ്പതിലധികം കുറിപ്പുകളും ആത്മകഥാപരമായ രചനകളും കുഞ്ഞബ്ദുല്ലയുടെ തൂലികയില്‍ വിരിഞ്ഞിട്ടുണ്ട്. സ്മാരകശിലകള്‍ക്ക് 1978ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും 1980ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. മലമുകളിലെ അബ്ദുള്ളയ്ക്ക് 1980ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. മരുന്ന് എന്ന കൃതിക്ക് വിശ്വദീപം അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 2009ല്‍ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം ലഭിച്ചു.

പുനത്തില്‍ കുഞ്ഞബ്ദുല്ലയുടെ പ്രധാന കൃതികള്‍

  • മലമുകളിലെ അബ്ദുള്ള
  • നവഗ്രഹങ്ങളുടെ തടവറ (സേതുവുമൊന്നിച്ച്)
  • അലിഗഢിലെ തടവുകാരന്‍
  • സൂര്യന്‍
  • കത്തി
  • സ്മാരകശിലകള്‍
  • കലീഫ
  • മരുന്ന്
  • കുഞ്ഞബ്ദുള്ളയുടെ ക്രൂരകൃത്യങ്ങള്‍
  • ദുഃഖിതര്‍ക്കൊരു പൂമരം
  • സതി
  • മിനിക്കഥകള്‍
  • തെറ്റുകള്‍
  • നരബലി
  • കൃഷ്ണന്റെ രാധ
  • ആകാശത്തിനു മറുപുറം
  • എന്റെ അച്ഛനമ്മമാരുടെ ഓര്‍മ്മയ്ക്ക്
  • കാലാള്‍പ്പടയുടെ വരവ്
  • അജ്ഞാതന്‍
  • കാമപ്പൂക്കള്‍
  • പാപിയുടെ കഷായം
  • ഡോക്ടര്‍ അകത്തുണ്ട്
  • തിരഞ്ഞെടുത്ത കഥകള്‍
  • കന്യാവനങ്ങള്‍
  • നടപ്പാതകള്‍
  • എന്റെ സ്വത്വാന്വേഷണ പരീക്ഷണങ്ങള്‍( ആത്മകഥാപരമായ രചന)
  • കുപ്പായമില്ലാത്ത കഥാപാത്രങ്ങള്‍
  • മേഘക്കുടകള്‍
  • വോള്‍ഗയില്‍ മഞ്ഞുപെയ്യുമ്പോള്‍
  • ക്ഷേത്രവിളക്കുകള്‍
  • ക്യാമറക്കണ്ണുകള്‍
  • ഭജനം പാടിയുറക്കിയ വിഗ്രഹങ്ങള്‍
  • പുനത്തിലിന്റെ കഥകള്‍
  • ഹനുമാന്‍ സേവ
  • അകമ്പടിക്കാരില്ലാതെ
  • കണ്ണാടി വീടുകള്‍
  • കാണികളുടെ പാവകളി
  • തിരഞ്ഞെടുത്ത നോവലൈറ്റുകള്‍
  • ജൂതന്മാരുടെ ശ്മശാനം
  • പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ മിനിക്കഥകള്‍
  • സംഘം
  • അഗ്‌നിക്കിനാവുകള്‍
  • മുയലുകളുടെ നിലവിളി
  • പരലോകം
  • വിഭ്രമകാണ്ഡം കഥായനം
  • കുറേ സ്ത്രീകള്‍
  • പുനത്തിലിന്റെ നോവലുകള്‍
  • വാക്മരങ്ങള്‍