മാന്ദ്യക്കാലത്തും മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപ വര്‍ധന !

രാജ്യത്തെ സമ്പദ്ഘടന അത്ര സുഖകരമല്ലാത്ത അവസ്ഥയിലൂടെ കടന്നുപോകുമ്പോഴും ആശാസ്യമല്ലാത്ത പ്രവണതകള്‍ നിലനില്‍ക്കുന്ന, നിക്ഷേപം സുരക്ഷിതമാണെന്ന് ഉറപ്പുപറയാന്‍ കഴിയാത്ത ഓഹരി വിപണിയിലെ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം വന്‍ തോതില്‍ വര്‍ധിക്കുന്നുവെന്നാണ് വാര്‍ത്തകള്‍. ഇത് മലയാളിയുടെ സമ്പദ്താത്പര്യത്തെയും ദീര്‍ഘ വീക്ഷണമില്ലാതെ കുറഞ്ഞ സമയത്തിനിടെ കൂടുതല്‍ സമ്പാദിക്കാനുള്ള ആര്‍ത്തിയെയുമാണ് പ്രതിഫലിപ്പിക്കുന്നത്. ബേങ്ക് നിക്ഷേപത്തെ പോലെ മൂലധനം നഷ്ടപ്പെടില്ലെന്ന് ഉറപ്പുള്ള നിക്ഷേപ പദ്ധതികള്‍ രാജ്യത്ത് നിരവധിയുള്ളപ്പോഴാണ് അത്ര തന്നെ സുരക്ഷിതമല്ലാത്ത മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലെ ക്രമാതീതമായ വര്‍ധനയെന്നത് ശ്രദ്ധേയമാണ്.
Posted on: October 27, 2017 6:39 am | Last updated: October 26, 2017 at 11:43 pm

നോട്ടുനിരോധമുള്‍പ്പെടെ രാജ്യത്തെ സമ്പദ്ഘടന അത്ര സുഖകരമല്ലാത്ത അവസ്ഥയിലൂടെ കടന്നുപോകുമ്പോഴും ആശാസ്യമല്ലാത്ത പ്രവണതകള്‍ നിലനില്‍ക്കുന്ന, നിക്ഷേപം സുരക്ഷിതമാണെന്ന് ഉറപ്പുപറയാന്‍ കഴിയാത്ത ഓഹരി വിപണിയിലെ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം വന്‍ തോതില്‍ വര്‍ധിക്കുന്നുവെന്നാണ് വാര്‍ത്തകള്‍. ഇത് മലയാളിയുടെ സമ്പദ്താത്പര്യത്തെയും ഒപ്പം ദീര്‍ഘ വീക്ഷണമില്ലാതെ കുറഞ്ഞ സമയത്തിനിടെ കൂടുതല്‍ സമ്പാദിക്കാനുള്ള ആര്‍ത്തിയെയുമാണ് പ്രതിഫലിപ്പിക്കുന്നത്. ബേങ്ക് നിക്ഷേപത്തെ പോലെ മൂലധനം നഷ്ടപ്പെടില്ലെന്ന് ഉറപ്പുള്ള നിക്ഷേപ പദ്ധതികള്‍ രാജ്യത്ത് നിരവധിയുള്ളപ്പോഴാണ് അത്ര തന്നെ സുരക്ഷിതമല്ലാത്ത മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലെ ക്രമാതീതമായ വര്‍ധനയെന്നത് ശ്രദ്ധേയമാണ്. നിലവില്‍ 42 അസറ്റ് മാനേജ്‌മെന്റ് കമ്പനികള്‍ക്കായി 2000 മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളാണുള്ളത്. 20 ലക്ഷം കോടി രൂപയാണ് മൊത്തം ആസ്തി.

നേട്ടത്തിലും ലാഭത്തിലും സ്ഥിരത പുലര്‍ത്താത്ത ലോകത്തിന്റെ ഏത് തലത്തില്‍ നടക്കുന്ന രാഷ്ട്രീയ സംഭവ വികാസങ്ങളുള്‍പ്പെടെ വളരെ പെട്ടെന്ന് സ്വാധീനിക്കുന്ന ഓഹരി വിപണിയിലെ നിക്ഷേപം യഥാര്‍ഥത്തില്‍ ചൂതുകളിക്ക് തുല്യമാണെന്നതാണ് യാഥാര്‍ഥ്യം. എങ്കിലും ബേങ്കില്‍നിന്ന് ലഭിക്കുന്ന പരിമിതമായ പലിശക്കപ്പുറം കൂടുതല്‍ ആദായം ലഭിക്കുന്ന പദ്ധതിയെന്ന നിലയിലാണ് മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടുന്നത്. എന്നാല്‍ വേണ്ടത്ര അറിവില്ലാതെ നിക്ഷേപിച്ചാല്‍ നിക്ഷേപ തുക മുഴുവനും നഷ്ടപ്പെടാന്‍ കൂടുതല്‍ സാധ്യതയുള്ള മേഖലയാണ് ഓഹരിവിപണിയിലെ മ്യൂച്വല്‍ ഫണ്ടുകള്‍.
അതേസമയം അടുത്ത കാലത്ത് വിപണിയില്‍ ചെറിയ നേട്ടം ലഭിക്കാന്‍ തുടങ്ങിയതോടെയാണ് മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ പ്രതിദിനം പുതിയ 60,000 അക്കൗണ്ടുകളാണ് തുറക്കുന്നതെന്നാണ് ഇന്ത്യന്‍ ഓഹരി വിപണിയുടെ നിയന്ത്രിതാവായ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) യുടെ വെബ്‌സൈറ്റില്‍ നിന്നുള്ള വിവരങ്ങള്‍ വെളിപ്പെടുത്തുന്നത്.
നടപ്പുസാമ്പത്തിക വര്‍ഷം സെപ്തംബര്‍ വരെയുള്ള ആദ്യരണ്ട് പാദങ്ങളില്‍ 66.5 ലക്ഷം അക്കൗണ്ടുകളാണ് പുതുതായി കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ആകെ പുതുതായി തുറന്നത് അഞ്ചു ലക്ഷം അക്കൗണ്ടുകള്‍ മാത്രമായിരുന്നു. പുതിയ അക്കൗണ്ടുകളിലേറെയും എസ് ഐ പി പ്രകാരം നിക്ഷേപം നടത്താനാണ്. 55-60 ശതമാനം വരെയും അക്കൗണ്ടുകള്‍ പുതിയ നിക്ഷേപകരാണ് തുറക്കുന്നത്. ബാക്കിയുള്ളവ നിലവില്‍ നിക്ഷേപമുള്ളവര്‍ തന്നെയാണ് പുതിയ ഫോളിയോ ആരംഭിക്കുന്നത്. സെപ്തംബര്‍ അവസാനം വരെയുള്ള കണക്കു പ്രകാരം 6.2 കോടി ഫോളിയോകളാണുള്ളത്. ഇതില്‍ 4.5 കോടിയും ഇക്വിറ്റി ഫോളിയോകളാണ്. മൂന്നു വര്‍ഷം മുമ്പാകട്ടെ 3.95 കോടി മാത്രമായിരുന്നു ഫോളിയോകളുടെ എണ്ണം. മ്യൂച്വല്‍ ഫണ്ട്സ് ഇന്ത്യയുടെ കണക്കു പ്രകാരം പ്രതിമാസം 8,80,000 എസ് ഐ പി അക്കൗണ്ടുകള്‍ തുറക്കുമ്പോള്‍ ശരാശരി ഓരോ അക്കൗണ്ടിലും 3,300 രൂപ പ്രതിമാസ നിക്ഷേപമെത്തുന്നുണ്ട്.
അതേസമയം അശ്രദ്ധയോടെ മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് നിക്ഷേപിച്ച പണം നഷ്ടപ്പെടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതിനാല്‍ കൂടുതല്‍ ആദായം പ്രതീക്ഷിച്ച് മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നവര്‍ ടാക്സ് സേവിംങ് ഫണ്ടിലോ(മൂന്ന് വര്‍ഷം നിക്ഷേപം തിരിച്ചെടുക്കാന്‍ കഴിയില്ല) ബാലന്‍സ്ഡ് ഫണ്ടിലോ നിക്ഷേപിക്കുന്നതായിരിക്കും ഉചിതം. ആദായ നികുതി ബാധ്യതയില്ലാത്ത ടാക്സ് സേവിംങ് ഫണ്ടിനേക്കാള്‍ ബാലന്‍സ്ഡ് ഫണ്ടില്‍ പ്രതിമാസം എസ് ഐ പിയായി നിക്ഷേപിക്കുന്നതാണ് നല്ലത്. ഒപ്പം എസ് ഐ പി മാതൃക സ്വീകരിച്ച് മുഴുവന്‍ തുകയും ഒറ്റത്തവണയായി നിക്ഷേപിക്കാതെ വിപണിയിലെ നീക്കങ്ങള്‍ നിരീക്ഷിച്ച് പല തവണയായി നിക്ഷേപിക്കാം. ഇതിന് പുറമെ അധിക ലാഭം പ്രതീക്ഷിച്ച് പെട്ടെന്ന് പിന്‍വലിക്കല്‍ ഒഴിവാക്കി കുറഞ്ഞത് മൂന്നു മുതല്‍ അഞ്ചു വര്‍ഷത്തേക്കെങ്കിലും പിന്‍വലിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധയൂന്നുന്നത് നന്നായിരിക്കും. ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നിക്ഷേപിച്ച പണം നഷ്ടപ്പെടാനുള്ള സാധ്യത വളരെ കൂടുതലായിരിക്കും.
അതേസമയം നികുതി വെട്ടിപ്പുകളുള്‍പ്പെടെ വന്‍ ക്രമക്കേട് നടക്കുന്ന ഓഹരി വിപണിയിലെ അനാവശ്യ പ്രവണതകളെ നേരിടാന്‍ കര്‍ശന നടപടികള്‍ സെബി സ്വീകരിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിന് ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. അടുത്ത ഡിസംബര്‍ 31നുമുമ്പ് നിലവിലുള്ള നിക്ഷേപകര്‍ ഫോളിയോ ആധാറുമായി ലിങ്ക് ചെയ്യണമെന്ന് ആംഫി(അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്ത്യ)വ്യക്തമാക്കിയിട്ടുണ്ട്. സെബിയുടെ നിര്‍ദേശ പ്രകാരമാണ് ഈ നീക്കം. ഫണ്ടില്‍ പുതുതായി നിക്ഷേപിക്കുന്നതിനും 2018 ജനുവരി ഒന്നുമുതല്‍ ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. മ്യൂച്വല്‍ ഫണ്ട് രജിസ്ട്രാര്‍മാരായ കാംസ്, കാര്‍വി എന്നിവ വഴി നിക്ഷേപകര്‍ക്ക് ആധാര്‍ ലിങ്ക് ചെയ്യാമെന്നാണ് നിര്‍ദേശം. ഒപ്പം നിക്ഷേപകന്റെ ആധാര്‍ നമ്പര്‍ ഇല്ലാതെ പുതിയതായി നിക്ഷേപം സ്വീകരിക്കേണ്ടെന്നും, ആധാര്‍ ലിങ്ക് ചെയ്യാത്ത അക്കൗണ്ടുകള്‍ 2018 ജനുവരി മുതല്‍ മരവിപ്പിക്കാനുമാണ് എ എം സികള്‍ക്ക് കഴിഞ്ഞദിവസം ലഭിച്ച ആംഫിയുടെ ഇ-മെയിലില്‍ വിശദീകരിച്ചിരിക്കുന്നത്. ഇതിന് പുറമെ നിക്ഷേപകര്‍ക്ക് എളുപ്പത്തില്‍ തിരഞ്ഞെടുക്കാന്‍ മ്യൂച്വല്‍ ഫണ്ടുകളുടെ എണ്ണം കുറക്കുന്ന നടപടികളും സെബി സ്വീകരിച്ചിട്ടുണ്ട്. ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്മോള്‍ ക്യാപ് കമ്പനികളെ വേര്‍തിരിക്കേണ്ടതെങ്ങനെയെന്നും സെബി വിശദീകരിക്കുന്നുണ്ട്.
വിപണി മൂലധനത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യംവരുന്ന 100 കമ്പനികള്‍ ലാര്‍ജ് ക്യാപ് വിഭാഗത്തിലും 101 മുതല്‍ 250വരെ യുള്ള കമ്പനികള്‍ മിഡ് ക്യാപ് വിഭാഗത്തിലും 251 മുതലുള്ള കമ്പനികള്‍ സ്മോള്‍ ക്യാപ് വിഭാഗത്തിലുമാണ് ഉള്‍പ്പെടുക. ഇന്‍ഡക്സ് ഫണ്ട്, ഇ ടി എഫ്, ഫണ്ട് ഓഫ് ഫണ്ട്സ്, വിവിധ സെക്ടറുകളില്‍ നിക്ഷേപിക്കുന്ന തീമാറ്റിക് ഫണ്ടുകള്‍ എന്നിവക്ക് പുറമെയാണിത്. ഒരു കാറ്റഗറിയില്‍ ഒരു ഫണ്ട് മാത്രമെ എ എം സികള്‍ക്ക് ഇനി നിലനിര്‍ത്താനാവൂ. മൂന്ന് മാസത്തിനുള്ളില്‍ ഇത് പ്രകാരം മാറ്റംവരുത്തണമെന്നാണ് സെബിയുടെ സര്‍ക്കുലറില്‍ പറയുന്നത്. നിലവിലുള്ള ഓപ്പണ്‍ എന്‍ഡഡ് ഫണ്ടുകള്‍ക്കെല്ലാം പുതിയ നിര്‍ദേശം ബാധകമാണ്.

എന്നാല്‍ ഇന്ത്യന്‍ ഓഹരി വിപണിയുടെ നിയന്ത്രിതാവായ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) മ്യൂച്വല്‍ ഫണ്ട് പദ്ധതികളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മ്യൂച്ചല്‍ ഫണ്ടുകളുടെ എണ്ണം പകുതിയായി കുറക്കാനുള്ള നടപടികളാണ് ആരംഭിച്ചിരിക്കുന്നത്. ഓഹരി വിപണിയിലെ ആശാസ്യമല്ലാത്ത പ്രവണതകളെ തടയാനുള്ള സെബിയുടെ ഫണ്ട് ഉപദേശക സമിതിയുടെ തീരുമാനപ്രകാരമാണ് നടപടികള്‍. നിലവില്‍ ഓഹരി അധിഷ്ഠിത ഫണ്ടുകളിലും ഡെറ്റ് ഫണ്ടുകളിലും 10 വീതം വിഭാഗങ്ങളിലുള്ള ഫണ്ടുകളാണുള്ളത്. ഹൈബ്രിഡ് ഫണ്ടുകളില്‍ മൂന്നോ നാലോ കാറ്റഗറിയുമാണുള്ളത്. ഇത് പ്രകാരം കമ്പനിക്ക് ഒരു കാറ്റഗറിയില്‍ ഒരു ഫണ്ട് മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ. നിലവില്‍ ഒന്നിലേറെ ഫണ്ടുകളുണ്ടെങ്കില്‍ അവ പിന്‍വലിക്കുകയോ നിലവിലുള്ളവയില്‍ ലയിപ്പിക്കുകയോ ചെയ്യേണ്ടിവരും. ഫണ്ടുകളുടെ ആധിക്യം കൊണ്ട് നിക്ഷേപകരില്‍ ആശയക്കുഴപ്പമുണ്ടാകുന്നത് ഒഴിവാക്കാനാണ് സെബിയുടെ ശ്രമം. നേരത്തെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാത്ത കമ്പനികളുടെ ഓഹരികള്‍ ഡീമാറ്റ് രൂപത്തിലാക്കണമെന്ന് സെബി നിര്‍ദേശം നല്‍കിയിരുന്നു.
ഏറെ ശ്രമകരമായ പദ്ധതിയായതിനാല്‍ പബ്ലിക് ലിമിറ്റഡ് കമ്പനികളുടെ ഓഹരികളാകും ആദ്യം ഇലക്ട്രോണിക് രൂപത്തിലാക്കുക. ഇതിന്റെ ഭാഗമായി കോര്‍പറേറ്റ് അഫയേഴ്‌സ് മന്ത്രാലയം ഇക്കാര്യത്തില്‍ നിക്ഷേപകരുമായി ചര്‍ച്ച നടത്തിയിരുന്നു. കള്ളപ്പണം തടയുക, ഓഹരി കൈമാറ്റത്തിനിടെ നടക്കുന്ന തട്ടിപ്പ്, മോഷണം എന്നിവ തടയുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് സെബി ഈ നിയന്ത്രണ നടപടി സ്വീകരിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് രാജ്യത്തെ രണ്ടു ലക്ഷത്തിലധികം കമ്പനികള്‍ക്കും അതിന്റെ ഡയറക്ടര്‍മാര്‍ക്കുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും കേന്ദ്ര ധനമന്ത്രാലയവും വിലക്ക് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിച്ചത്. ഇത് നികുതി വെട്ടിപ്പിനും കള്ളപ്പണം വെളുപ്പിക്കുന്നതിനുമായി മാത്രം രൂപവത്കരിച്ച കടലാസ് കമ്പനികള്‍ക്ക് വന്‍ തിരിച്ചടിയായിരുന്നു. അതേസമയം നിലവില്‍ രാജ്യത്ത് 70,000ത്തോളം പബ്ലിക് ലിമിറ്റഡ് കമ്പനികളും 10 ലക്ഷത്തോളം പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇതുവരെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത് കേവലം 6,000 കമ്പനികള്‍ മാത്രമാണ്. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളെല്ലാം തന്നെ ഡിമെറ്റീരിയലൈസ് ചെയ്യണമെന്ന് സെബി നേരത്തെ തന്നെ വ്യവസ്ഥ ചെയ്തിരുന്നു. ഇതിന് പുറമെ ഓഹരി വിപണിയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് 54 കമ്പനികളുടെ പ്രവര്‍ത്തനവും സെബി തടഞ്ഞിരുന്നു. നിലവില്‍ ഈ കമ്പനികള്‍ക്ക് ഓഹരി വിപണിയില്‍ ഇടപെടാനോ, സെബിയുടെ നടപടികള്‍ അവസാനിക്കുന്നതുവരെ പിന്‍വലിക്കാനോ കഴിയാത്ത അവസ്ഥയാണുള്ളത്. സ്വതന്ത്ര വിപണി നിയന്ത്രിതാവായി 1988 ലാണ് സെബി രാജ്യത്ത് പ്രവര്‍ത്തനം തുടങ്ങിയത്.