ഹിന്ദുത്വം സ്‌കൂള്‍ വഴി

Posted on: October 23, 2017 6:21 am | Last updated: October 23, 2017 at 12:22 am

പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും സ്‌കൂള്‍ പാഠ്യപദ്ധതി കാവിവത്കരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഈ പ്രവണത ശക്തിപ്പെട്ടിട്ടുമുണ്ട്. കേരളത്തിലും സംഘ്പരിവാര്‍ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കാവിവത്കരണം നടക്കുന്നുണ്ടെങ്കിലും പൊതുവിദ്യാഭ്യാസ മേഖലയിലേക്ക് വ്യാപിച്ചിരുന്നില്ല. എന്നാല്‍, സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ മറവില്‍ ഇവിടെയും കുരുന്നുകളില്‍ ഹിന്ദുത്വ ആശയങ്ങള്‍ കുത്തിവെക്കാനുള്ള ശ്രമം ആരംഭിച്ചിരിക്കുകയാണ് ആര്‍ എസ് എസ്. നാലു മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി ആര്‍ എസ് എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതി സംഘടിപ്പിക്കുന്ന സ്‌കോളര്‍ഷിപ്പ് പരീക്ഷക്കായി വിതരണം ചെയ്യുന്ന പുസ്തകങ്ങളിലൂടെയാണ് ഹിന്ദുത്വ ചിന്താധാരകള്‍ അവര്‍ കുട്ടികളില്‍ സന്നിവേശിപ്പിക്കുന്നത്.

കൊയിലാണ്ടി ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ വിതരണം ചെയ്ത വിദ്യാഭാരതിയുടെ പുസ്തകങ്ങള്‍ വായിക്കാനിടയായ ചില രക്ഷിതാക്കളാണ് അതിലെ വിഷലിപ്തവും അബദ്ധജഡിലവുമായ പരാമര്‍ശങ്ങള്‍ കണ്ടെത്തിയത്. അധ്യാപകരാണ് പുസ്തക വിതരണം നടത്തിയതെങ്കിലും വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാതെയാണ് വിതരണമെന്നാണ് ഡി പി ഐ ഓഫീസ് പറയുന്നത്. സ്‌കോളര്‍ഷിപ്പ് പരീക്ഷ നടത്താന്‍ അനുവാദം നല്‍കിയിരുന്നില്ലെന്ന് ഹെഡ്മാസ്റ്ററും പറയുന്നു. ഇത്തരം പുസ്തകങ്ങള്‍ ഏതടിസ്ഥാനത്തിലാണ് വിതരണം ചെയ്യാനിടയായതെന്ന് അന്വേഷിക്കണമെന്നും കുറ്റക്കാര്‍ക്കെതിര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പട്ട് രക്ഷിതാക്കളും വിദ്യാര്‍ഥി സംഘടനകളും രംഗത്തു വന്നിട്ടുണ്ട്.
ആര്‍ എസ് എസിന്റെ സ്‌കോളര്‍ഷിപ്പ് പരീക്ഷ സംസ്ഥാനത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പേ ആരംഭിച്ചതാണ്. അത് പക്ഷേ വിദ്യാഭാരതി, അമൃത പോലുള്ള സംഘ്പരിവാര്‍ സംഘടനകള്‍ നടത്തുന്ന സ്‌കൂളുകളില്‍ മാത്രമായിരുന്നു. ഇപ്പോള്‍ വിദ്യാര്‍ഥികളില്‍ മുഴുക്കെ ആര്‍ എസ് എസ് ചിന്തകള്‍ എത്തിക്കാനാണ് സംഘ് അനുകൂലികളായ അധ്യാപകരുടെ സഹകരണത്തോടെ മറ്റു സ്‌കൂളുകളിലും പരീക്ഷ സംഘടിപ്പിക്കാന്‍ ശ്രമം ആരംഭിച്ചത്. ചരിത്രത്തെ പൂര്‍ണമായി വളച്ചൊടിക്കുന്ന തരത്തിലാണ് പരാമര്‍ശങ്ങള്‍ ഏറെയും. സവര്‍ക്കര്‍, ഹെഡ്‌ഗെവാര്‍ തുടങ്ങി ആര്‍ എസ് എസ് നേതാക്കളെ വീരപുരുഷന്മാരായി വിവരിക്കുന്ന പുസ്തകം ഗാന്ധിജിക്കും ടാഗോറിനും സമാനരാണ് ഇരുമെന്നാണ് അവകാശപ്പെടുന്നത്. വൈദേശിക ഭരണത്തിനെതിരായ ജനകീയ സമരങ്ങളെ തുറന്നെതിര്‍ത്ത ഹെഡ്‌ഗെവാര്‍, ബ്രിട്ടീഷ് പതാക താഴെയിറക്കാന്‍ വീട്ടില്‍ നിന്ന് തുരങ്കമുണ്ടാക്കിയ ആളാണത്രെ. ശ്രീകൃഷ്ണ ജയന്തി, വിജയദശമി, രക്ഷാബന്ധന്‍ എന്നിവ മാത്രമാണ് രാജ്യത്തെ ഉത്സവങ്ങള്‍. ഔറംഗസീബിന്റെ കാലത്ത് ശ്രീകൃഷ്ണ ക്ഷേത്രം പൊളിച്ച് പണിതതാണ് മഥുരയിലെ പള്ളിയെന്നും ശ്രീകൃഷ്ണ ജന്മഭൂമിയെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും പുസ്തകം വിശദീകരിക്കുന്നു. ‘ഹിന്ദു സമൂഹത്തെ മുഴുവന്‍ സംഘടിപ്പിക്കുന്നതിലൂടെ മാത്രമേ രാഷ്ട്രത്തിന് ഐശ്വര്യവും ശാശ്വതപുരോഗതിയും കൈവരിക്കാനാകൂവെന്ന യാഥാര്‍ഥ്യം മനസ്സിലാക്കി ഈ ചിന്തയുടെ പൂര്‍ത്തീകരണമാണ് സംഘത്തിലൂടെ സാധ്യമായത്’ എന്നാണ് പുസ്തകത്തില്‍ പറയുന്നത്. 1977-ല്‍ പഞ്ചാബിലെ സന്യാസിമാരായിരുന്നു ബ്രിട്ടീഷുകാര്‍ക്കെതിരെ ആദ്യമായി സംഘടിച്ചതെന്നും ഇതാണ് ദേശീയ സമരത്തിന്റെ തുടക്കമെന്നുമുള്ള നുണയും പുസ്തകത്തില്‍ എഴുതിച്ചേര്‍ക്കുന്നു.

രാജ്യത്തെ പാഠ്യപദ്ധതിയില്‍ നുഴഞ്ഞു കയറി ചെറുപ്പത്തിലേ കുട്ടികളിലേക്ക് വിദ്വേഷ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ് ഇത്തരം പുസ്തകങ്ങള്‍ കുട്ടികളെ കൊണ്ട് വായിപ്പിക്കുന്നതിലൂടെ സംഘ്പരിവാര്‍ ലക്ഷ്യമിടുന്നത്. വിദ്യാര്‍ഥികളില്‍ മസ്തിഷ്‌ക പ്രക്ഷാളനം എളുപ്പമാക്കാനാണ് പാഠ്യ പദ്ധതിയെയും പാഠപുസ്തകങ്ങളെയും പിടികൂടുന്നതും സത്യസന്ധമായ ചരിത്രങ്ങള്‍ അവയില്‍ നിന്ന് നീക്കം ചെയ്തു വികല ചരിത്രങ്ങള്‍ തിരുകുന്നതും. ദേശസ്‌നേഹവും ദേശീയബോധവുമുള്ള തലമുറ ഉയര്‍ന്നുവരണമെങ്കില്‍ ഭാരതവത്കൃത വിദ്യാഭ്യാസം നടപ്പാക്കണമെന്നാണ് ആര്‍ എസ് എസ് സൈദ്ധാന്തികര്‍ പറയുന്ന ന്യായീകരണം. അവരുടെ വീക്ഷണത്തില്‍ തീവ്രഹിന്ദുത്വ ആശയങ്ങളും വേദപാഠങ്ങളും ഇതിഹാസങ്ങളുമൊക്കെയാണ് ദേശസ്‌നേഹം വളര്‍ത്തുന്നത്. ഇതോടൊപ്പം മതനിരപേക്ഷ ആശയങ്ങളെയും സങ്കല്‍പങ്ങളെയും തമസ്‌കരിച്ചു ഇതര മതവിദ്വേഷവും സങ്കുചിത ദേശീയ വികാരവും സമന്വയിക്കുന്ന ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്തു അസഹിഷ്ണുക്കളായ ഹിന്ദുത്വ തീവ്രവാദികളെ സൃഷ്ടിക്കുകയാണ് സംഘ്പരിവാര്‍. ചെറുപ്പത്തിലേ വിദ്യാര്‍ഥികളെ പിടികൂടി ഹിന്ദുത്വ ആശയങ്ങള്‍ സന്നിവേശിപ്പിച്ചതിന്റെ ഫലമാണ് പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഇന്ന് കാണുന്ന ദുരനുഭവം. ആ ദുരവസ്ഥ കേരളത്തില്‍ സംഭവിക്കാതിരിക്കാന്‍ അവരുടെ കടന്നുകയറ്റങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും ബന്ധപ്പെട്ടവര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടതുണ്ട്.