Connect with us

Gulf

പോലീസ് കസ്റ്റഡിയില്‍ ആത്മഹത്യക്ക് ശ്രമിച്ച യുവാവിന് മൂന്നുമാസം തടവ്

Published

|

Last Updated

ദുബൈ: പോലീസ് കസ്റ്റഡിയിലിരിക്കെ ആത്മഹത്യക്ക് ശ്രമിച്ച യുവാവിന് ദുബൈ ക്രിമിനല്‍ കോടതി മൂന്നുമാസത്തെ ജയില്‍ ശിക്ഷ വിധിച്ചു. 5,000 ദിര്‍ഹം പിഴയടക്കാനും കോടതി വിധിച്ചിട്ടുണ്ട്.

കഴിഞ്ഞ ജുലൈ മൂന്നിനാണ് കേസിന്നാസ്പദമായ സംഭവം നടന്നതെന്ന് പോലീസ് വ്യക്തമാക്കി. ദുബൈ എയര്‍പോര്‍ട്ട് പോലീസ് സ്റ്റേഷനിലെ കസ്റ്റഡിയില്‍ വെച്ചായിരുന്നു ആത്മഹത്യാശ്രമം. എയര്‍പോര്‍ട്ട് പോലീസ് സ്റ്റേഷനുമുമ്പില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട, യൂറോപ്യന്‍ രാജ്യങ്ങളിലൊന്നിലെ താമസക്കാരനും 28കാരനുമായ അറബ് പൗരനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. മദ്യലഹരിയിലായിരുന്ന ഇയാളെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനാല്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കസ്റ്റിയിലിരിക്കെ, തന്റെ പക്കലുണ്ടായിരുന്ന ബാഗില്‍ സൂക്ഷിച്ചിരുന്ന ബ്ലേഡ് കൊണ്ട് ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുറിവേല്‍പിച്ചാണ് ഇയാള്‍ ആത്മഹത്യക്കുശ്രമിച്ചത്. ഇതിനുപുറമെ ചില മതങ്ങളെ മോശമായ വാക്കുകളിലൂടെ ഇയാള്‍ അപഹസിക്കുകയും ചെയ്തതായി യുവാവിനെതിരെ കുറ്റമുണ്ട്.

ശരീരത്തില്‍ മുറിവേറ്റ ഇയാളെ ഉടന്‍ ആശുപത്രിയിലെത്തിച്ച പോലീസ് ചികിത്സ ഉറപ്പാക്കിയിരുന്നു. ജയില്‍ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്താനും കോടതി വിധിയിലുണ്ട്.

 

Latest