തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച്

Posted on: October 7, 2017 6:27 am | Last updated: October 6, 2017 at 11:29 pm

2018 ഓടെ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താന്‍ തയാറാണെന്ന് കേന്ദ്രത്തെ അറിയിച്ചിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. തിരഞ്ഞെടുപ്പുകള്‍ വെവ്വേറെ നടത്തുമ്പോഴുണ്ടാകുന്ന ഭീമമായ സാമ്പത്തിക ബാധ്യത ഒഴിവാക്കണമെന്ന നിര്‍ദേശം നീതി ആയോഗും പ്രധാനമന്ത്രിയും നേരത്തെ മുന്നോട്ടുവെച്ചിരുന്നു. ഇതിനുള്ള സാധ്യതയും കേന്ദ്രസര്‍ക്കാര്‍ കമ്മീഷനോട് തേടിയിരുന്നു. 2024 ഓടെ ഒരുമിച്ച് നടത്തണമെന്നായിരുന്നു നീതി ആയോഗിന്റെ ശിപാര്‍ശ. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും തിരഞ്ഞെടുപ്പെല്ലാം ഒന്നിച്ച് എന്ന ആശയം മുന്നോട്ട് വെച്ചിരുന്നതാണ്. 1951-52 മുതല്‍ 67 വരെയുള്ള കാലഘട്ടങ്ങളില്‍ ഒന്നിച്ചായിരുന്നു നടത്തിയിരുന്നതും. ഇങ്ങനെ നടത്തണമെങ്കില്‍ കൂടുതല്‍ സജ്ജീകരണങ്ങള്‍ ആവശ്യമാണ്. 40 ലക്ഷം വോട്ടിംഗ് മെഷീനുകളും ആര്‍ക്കു ചെയ്തുവെന്ന് ഉറപ്പാക്കുന്ന വിവി പാറ്റ് യന്ത്രങ്ങളും മറ്റു സംവിധാനങ്ങളും ഒരുക്കണം. വോട്ടിംഗ് യന്ത്രങ്ങള്‍ വാങ്ങാന്‍ 12,000 കോടി രൂപയും വിവി പാറ്റ് യന്ത്രങ്ങള്‍ക്ക് 3400 കോടിയും ചെലവ് വരും. സര്‍ക്കാര്‍ പണമനുവദിക്കുകയാണെങ്കില്‍ അടുത്ത വര്‍ഷം സെപ്തംബറോടെ ഇതെല്ലാം സജ്ജീകരിക്കാനാകുമെന്നാണ് കമ്മീഷണര്‍ ഒ പി റാവത്ത് പറഞ്ഞത്.

ഇക്കാര്യത്തില്‍ നിയമപരമായ തടസ്സങ്ങളുണ്ട്. പല സംസ്ഥാനങ്ങളുടെയും നിയമസഭാ കാലാവധി നേരത്തെ പൂര്‍ത്തിയാകും. ഹിമാചല്‍ പ്രദേശ് നിയമസഭയുടേത് അടുത്ത വര്‍ഷം ജനുവരി ഏഴിനും ഗുജറാത്തിലേത് ജനുവരി 22നും മേഘാലയുടേത് മാര്‍ച്ച് ആറിനും നാഗാലാന്റിലേത് മാര്‍ച്ച് 13നും ത്രിപുരയുടേത് മാര്‍ച്ച് 14നും കര്‍ണാടകയുടേത് മെയ് 28നും അവസാനിക്കും. ഈ സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ കാലാവധി സെപ്തംബറിലേക്ക് നീട്ടണമെങ്കില്‍ തിരഞ്ഞെടുപ്പ് ചട്ടങ്ങളില്‍ ഭേദഗതി ആവശ്യമാണ്. കോണ്‍ഗ്രസ്, ആം ആദ്മി കക്ഷികള്‍ നേരത്തെ ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. നിയമസഭകളുടെ കാലാവധി വെട്ടിച്ചുരുക്കുകയോ നീട്ടുകയോ ചെയ്യുന്നത് ഫെഡറല്‍ സംവിധാനത്തില്‍ ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. എല്ലാ പാര്‍ട്ടികളുമായും സമവായമുണ്ടാക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞാല്‍ മാത്രമേ ഒന്നിച്ചുള്ള തിരഞ്ഞെടുപ്പ് സാധ്യമാകൂ.

തിരഞ്ഞെടുപ്പ് ചെലവുകള്‍ അടിക്കടി വര്‍ധിക്കുകയാണ്. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ചെലവിട്ടത് 1100 കോടിയാണെങ്കില്‍ 2014ല്‍ 4000 കോടിയായി. അത് ഇനിയും ഉയരും. വെവ്വേറെ സമയങ്ങളില്‍ നടക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ക്കും വേണം വന്‍തോതില്‍ പണം. പ്രചാരണത്തിനായി സര്‍ക്കാര്‍ സംവിധാനം ഏര്‍പ്പെടുത്തുകയും അതിന്റെ ചെലവ് സര്‍ക്കാര്‍ തന്നെ വഹിക്കുകയും ചെയ്യണമെന്ന ഒരു നിര്‍ദേശം പരിഗണനയിലുണ്ട്. അതുകൂടി അംഗീകരിക്കപ്പെട്ടാല്‍ ചെലവ് പിന്നെയും ഉയരും. ഇങ്ങനെ പൊതുഖജനാവില്‍ നിന്ന് ചെലവിടുന്ന തുക ഒന്നിച്ചാകുമ്പോള്‍ ഏറെ ചുരുക്കാനാകും. തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള വര്‍ഗീയ ധ്രുവീകരണ പ്രവര്‍ത്തനങ്ങള്‍ക്കും അതുവഴി ഉടലെടുക്കുന്ന സംഘര്‍ഷങ്ങള്‍ക്കും കുറവ് വരുമെന്നതാണ് മറ്റൊരു ഗുണം. ഒന്നിച്ചാകുമ്പോള്‍ ജനം ഇതൊക്കെ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ അനുഭവിച്ചാല്‍ മതിയല്ലോ എന്നൊരു ആശ്വാസവുമുണ്ട്. ഭരണത്തിനപ്പുറം തിരഞ്ഞെടുപ്പിലേക്ക് മാത്രം ശ്രദ്ധ പോവുന്ന സാഹചര്യം അഞ്ച് വര്‍ഷത്തിലൊരിക്കല്‍ പരിമിതപ്പെടുത്താനുമാകും.

അതേസമയം ഒന്നിച്ചു നടത്തുമ്പോള്‍ ആവശ്യമായ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കുക ശ്രമകരമാകും. 2014ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കൂടെ ആന്ധ്രാപ്രദേശ്, ഒഡീഷ, സിക്കിം, അരുണാചല്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ കൂടി തിരഞ്ഞെടുപ്പ് നടത്തിയപ്പോള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനായി സജ്ജമാക്കിയിരുന്ന 1077 കമ്പനി സേനക്ക് പുറമെ 1349 കമ്പനിയെ കൂടി കൂടുതലായി വിന്യസിക്കേണ്ടി വന്നിരുന്നു.

തിരഞ്ഞെടുപ്പ് ചെലവ് കുറക്കുന്നതിന് വേറെയും ചില നിര്‍ദേശങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ദ്വിതല സംവിധാനം വഴിയുള്ള തിരഞ്ഞെടുപ്പാണ് ഇതിലൊന്ന്. ഇപ്പോഴുള്ള നിയമസഭാ,പാര്‍ലിമെന്റ് നിയോജക മണ്ഡലങ്ങള്‍ 500 മുതല്‍ 1000 വരെ ഉപമണ്ഡലങ്ങളായി വിഭജിച്ചു ഓരോ ഉപമണ്ഡലത്തില്‍ നിന്നും ഓരോ പ്രതിനിധിയെ ജനങ്ങള്‍ തിരഞ്ഞെടുക്കുകയും ഈ പ്രതിനിധികള്‍ അവരുടെയിടയില്‍ നിന്നോ അല്ലാതെയോ എം പിയെയും എം എല്‍ എയെയും തിരഞ്ഞെടുക്കുകയും ചെയ്യുകയെന്നതാണ് ഇതിലൂടെ വിഭാവനം ചെയ്യുന്നത്. സാമ്പത്തിക, സമയ നഷ്ടം കുറക്കുന്ന പരിഷ്‌കരണമെന്ന നിലയില്‍ സ്വാഗതം ചെയ്യപ്പെടേണ്ടതാണെങ്കിലും അതില്‍ ഒളിഞ്ഞിരിക്കുന്ന കെണികളുംകാണേണ്ടതുണ്ട്. എല്ലാം ഒരു ബിന്ദുവിലേക്ക് കേന്ദ്രീകരിച്ച് നിയന്ത്രിക്കുകയെന്ന സംഘ്പരിവാര്‍ കുതന്ത്രം ഇവിടെയും കാണാം. കത്തിച്ചുനിര്‍ത്താവുന്ന ഒറ്റ വിഷയം വലിച്ചിട്ടാല്‍ കേന്ദ്ര സംസ്ഥാന തിരഞ്ഞെടുപ്പുകളെ ഒരുപോലെ സ്വാധീനിക്കാമെന്നതാണ് അവര്‍ക്കുള്ള എളുപ്പം.