Connect with us

Malappuram

വേങ്ങര മണ്ഡലത്തില്‍ വിധിയെഴുതാന്‍ 1.70 ലക്ഷം വോട്ടര്‍മാര്‍

Published

|

Last Updated

മലപ്പുറം: വേങ്ങര മണ്ഡലത്തില്‍ സെപ്തംബര്‍ 22ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടികയില്‍ 1,70,009 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 87,750 പുരുഷവോട്ടര്‍മാരും 82,259 സ്ത്രീ വോട്ടര്‍മാരുമാണുള്ളത്.
ഇതില്‍ മൂന്ന് സര്‍വീസ് വോട്ടുകളും ഉള്‍പ്പെടും. ഇതിന് പുറമെ വിവിധ രാജ്യങ്ങളിലായി താമസിക്കുന്ന 178 പ്രവാസി വോട്ടുകളും വേങ്ങരയിലുണ്ട്. ഇതില്‍ 169 പുരുഷന്മാരും ഒമ്പത് വനിതകളുമാണ്. 2017 ജനുവരിയില്‍ പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയിലെ കണക്കനുസരിച്ച് മണ്ഡലത്തില്‍ 1,68,475 വോട്ടര്‍മാരാണ്ണ്ടായിരുന്നത്. ഇതില്‍ 86,934 പുരുഷന്മാരും 81,541 സ്ത്രീകളുമായിരുന്നു.
148 പോളിംഗ് ബൂത്തുകളാണ് മണ്ഡലത്തില്‍ ഉണ്ടാവുക. ഇതില്‍ 28 കേന്ദ്രങ്ങളില്‍ രണ്ട് പോളിംഗ് സ്റ്റേഷനുകളും മൂന്ന് കേന്ദ്രങ്ങളില്‍ 12 പോളിംഗ് സ്റ്റേഷനുകളും നാല് കേന്ദ്രങ്ങളില്‍ രണ്ട് പോളിംഗ് സ്റ്റേഷനുകളും പ്രവര്‍ത്തിക്കും.

ഇതില്‍ 99 ബുത്തുകള്‍ക്കും റാംപ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ബാക്കിയുള്ളവയുടെ പ്രവര്‍ത്തി നടന്നുകൊണ്ടിരിക്കുന്നു. മണ്ഡലത്തില്‍ 14 രാഷ്ട്രീയ പ്രശ്‌ന ബാധിത ബൂത്തുകളുള്ളതായി കണക്കാക്കിയിട്ടുള്ളത്. തിരഞ്ഞെടുപ്പിനായി 236 വി വി പാറ്റ് മെഷീനുകളും 400 വീതം കണ്‍ട്രോള്‍, പോളിംഗ് യൂനിറ്റുകളും സജ്ജീകരിച്ചു കഴിഞ്ഞു. തിരഞ്ഞെടുപ്പ് ജോലിക്കായി ആകെ 990 പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് നിയമന ഉത്തരവ് നല്‍കിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ നിരീക്ഷണത്തിനായി മൂന്ന് വീതം ഫഌയിംഗ്, സ്റ്റാറ്റിക്‌സ് സര്‍വ്വലന്‍സ്, വീഡിയോ സ്‌ക്വാഡുകളെ തയ്യാറാക്കിയിട്ടുണ്ട്. അഞ്ച് വീതം മാതൃകാ പോളിംഗ്് സ്റ്റേഷനുകളും അഞ്ച് വനിതാ പോളിംഗ്് സ്റ്റേഷനുകളും മണ്ഡലത്തിലുണ്ടാകും.

 

Latest