മാനുഷിക പരിഗണന കാണിക്കണം: സമസ്ത

Posted on: September 22, 2017 6:21 am | Last updated: September 22, 2017 at 10:20 am

കോഴിക്കോട്: ഇന്ത്യയില്‍ അഭയാര്‍ഥികളായി കഴിയുന്ന റോഹിംഗ്യകളെ തിരിച്ചയക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം പുനഃപരിശോധിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ സര്‍ക്കാറിനോടഭ്യര്‍ഥിച്ചു.
റോഹിംഗ്യന്‍ അഭയാര്‍ഥികളില്‍ തീവ്രവാദ ബന്ധമുള്ളവരുണ്ടെങ്കില്‍ കര്‍ശനമായ നടപടി സ്വീകരിക്കുന്നതില്‍ ആര്‍ക്കും എതിരഭിപ്രായമില്ല. അതേസമയം, എല്ലാം നഷ്ടപ്പെട്ട് പലായനം ചെയ്‌തെത്തിയ പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ള പാവപ്പെട്ട അഭയാര്‍ഥികളോട് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണം.

രാജ്യത്തിന്റെ പൂര്‍വ ചരിത്രവും പാരമ്പര്യവും അതാണല്ലോ. മ്യാന്‍മറിലെ ആയിരക്കണക്കിന് മുസ്‌ലിംകളെ ബുദ്ധിസ്റ്റുകളും പട്ടാളവും ചേര്‍ന്ന് നിഷ്ഠൂരമായി കൊന്നൊടുക്കുമ്പോഴും ഐക്യരാഷ്ട്ര സഭയടക്കമുള്ള അന്താരാഷ്ട്ര സമിതികള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. ആ രാജ്യത്തിന്റെ ഭരണ തലവന്‍ ആംഗ് സാന്‍ സൂകി സത്യങ്ങള്‍ മറച്ചുവെച്ചുകൊണ്ട് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയും ഏറെ നിരാശാജനകമാണ്. ഈ വിഷയത്തില്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ അന്താരാഷ്ട്ര വേദികളില്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും മുശാവറ ആവശ്യപ്പെട്ടു. നമ്മുടെ ദേശീയ സുരക്ഷ അതിപ്രധാനമാണ്. അതേസമയം, അഭയാര്‍ഥികളായി നമുക്ക് മുമ്പില്‍ കൈനീട്ടിയവരെ കഴിയും വിധം കണ്ണീരൊപ്പിയ ചരിത്രമാണ് നമ്മുടെ രാജ്യത്തിനുള്ളതെന്നും മുശാവറ പറഞ്ഞു.

ഇസ്‌ലാമിന്റെ വിവിധ വിജ്ഞാന ശാഖകളില്‍ ഉന്നതതല റിസര്‍ച്ച് ആരംഭിക്കുന്നതിന് യോഗം പദ്ധതികളാവിഷ്‌കരിച്ചു. സമകാലിക പ്രശ്‌നങ്ങളില്‍ ഇസ്‌ലാമിക കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതിന് രണ്ട് ദിവസത്തെ പണ്ഡിത ക്യാമ്പ് സംഘടിപ്പിക്കാനും മുശാവറ തീരുമാനിച്ചു.
കോഴിക്കോട് സമസ്ത സെന്ററില്‍ ചേര്‍ന്ന മുശാവറ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, എന്‍ അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, ഇബ്‌റാഹീം മുസ്‌ലിയാര്‍ ബേക്കല്‍, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, അബൂഹനീഫല്‍ ഫൈസി തെന്നല, സയ്യിദ് ളിയാഉല്‍ മുസ്തഫ മാട്ടൂല്‍, സയ്യിദ് ഫസല്‍ ബുഖാരി എട്ടിക്കുളം (കൂറത്ത്), കെ പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം, പി ഹസന്‍ മുസ്‌ലിയാര്‍, അബ്ദുര്‍റഹ്മാന്‍ ഫൈസി മാരായമംഗലം, പി വി മുഹിയുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ താഴപ്ര, കോടമ്പുഴ ബാവ മുസ്‌ലിയാര്‍, പൊന്മള മുഹിയുദ്ദീന്‍ കുട്ടി ബാഖവി, വി പി എം ഫൈസി വില്ല്യാപള്ളി, അബ്ബാസ് മുസ്‌ലിയാര്‍ മഞ്ഞനാടി, ഇസ്സുദ്ദീന്‍ കാമില്‍ സഖാഫി കൊല്ലം, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, മുഖ്ത്വാര്‍ ഹസ്‌റത് പാലക്കാട്, എം അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ കല്‍പ്പറ്റ, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. എ പി മുഹമ്മദ് മുസ്‌ലിയാര്‍ സ്വാഗതവും നന്ദിയും പറഞ്ഞു.