ടാക്സ്മാന്‍ – ബി എസ് എന്‍ എല്‍ വണ്‍ സൊലൂഷന്‍ പുറത്തിറക്കി

Posted on: September 22, 2017 8:05 am | Last updated: September 22, 2017 at 10:19 am

കൊച്ചി: ബി എസ് എന്‍ എല്ലും, അംഗീകൃത ജി എസ് ടി സുവിധ സേവന ദാതാക്കളായ ടാക്സ്മാനും സംയുക്തമായി ചരക്ക് സേവന നികുതി കൈകാര്യം ചെയ്യുന്നതിനുള്ള സോഫ്റ്റ്വെയര്‍ പുറത്തിറക്കി. കോര്‍പ്പറേറ്റുകള്‍ക്കും ചെറുകിട സംരംഭങ്ങള്‍ക്കും ഗുണകരമാകുന്ന സംവിധാനമാണ് ടാക്സ്മാന്‍ ബി എസ് എന്‍ എല്‍ വണ്‍ സൊലൂഷന്‍ എന്ന പേരില്‍ അവതരിപ്പിച്ചിരിക്കുന്നത്. ജി എസ് ടി സംബന്ധമായ ജോലികള്‍ അനായാസകരമാക്കുന്നതിനൊപ്പം ഏത് സോഫ്റ്റ്വെയറില്‍ നിന്നും ഡാറ്റകള്‍ എളുപ്പത്തില്‍ സ്വീകരിക്കുന്നതിനും വണ്‍ സൊലൂഷന്‍ സഹായകമാകും. എറണാകുളം ബി എസ് എന്‍ എല്‍ ഭവനില്‍ നടന്ന ചടങ്ങില്‍ സോഫ്റ്റവെയര്‍ പുറത്തിറക്കി.

മേഖലാടിസ്ഥാനത്തിലുള്ള ഡാറ്റാ എന്‍ട്രി സാധ്യമാക്കാനും എം ഐ എസ് റിപ്പോര്‍ട്ട് പരിശോധിക്കാനും ഇതുവഴി കഴിയും. റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് ഇന്‍ബില്‍ട്ട് ജി എസ് ടി എന്‍ ഇന്ററാക്ഷന്‍, ഡി എ സ്സി, ഇ വി സി എന്നിവയും സോഫ്റ്റ്വെയറിലുണ്ട്. ജി എസ് ടി റേറ്റ്, എച്ച് എസ് എന്‍/എസ് എ സി എന്നിവ കണ്ടെത്തുന്നതിനുള്ള സംവിധാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നിയമവും സാങ്കേതിക വിദ്യയും സംയോജിപ്പിച്ച് ജി എസ് ടിക്കായി ഒരുക്കിയിരിക്കുന്ന അതിനൂതനമായ സോഫ്റ്റ്വെയറാണിത്. ബി എസ് എന്‍ എല്‍ ഉപഭോക്താക്കള്‍ക്കും പുതിയ സേവനം ലഭിക്കും. ബി എസ് എന്‍ എല്‍ വെബ്സൈറ്റിലെ വലത് വശത്തായുള്ള ജി എസ് ടി ടാബിന് കീഴില്‍ ജി എസ് പി സര്‍വീസില്‍ ക്ലിക്ക് ചെയ്ത് സേവനം ലഭ്യമാക്കാം. കൊച്ചിയിലെ ബി എസ് എന്‍ എല്‍ ഭവനില്‍ നടന്ന ചടങ്ങില്‍ ടാ്കസ്മാന്‍ ഗ്രോത്ത് ആന്‍ഡ് സ്ട്രാറ്റജി മേധാവി അന്‍ഷ് ഭാര്‍ഗവ,ബി എസ് എന്‍ എല്‍ ടാകസേഷന്‍ ബ്രാഞ്ച് സി ഒ നിതിന്‍ ശര്‍മ എന്നിവര്‍ പങ്കെടുത്തു.