താമരശ്ശേരി ചുരത്തില്‍ ബസ്,ലോറി ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

  • ചുരത്തിലെ എട്ടാം വളവ് പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്.
  • വയനാട് ഭാഗത്ത് നിന്നും വരുന്ന ബസുകള്‍ കല്‍പറ്റവരെ മാത്രമാണ് സര്‍വീസ് നടത്തുന്നത്.
Posted on: September 18, 2017 5:25 pm | Last updated: September 19, 2017 at 9:28 am

താമരശ്ശേരി: കനത്ത മഴയില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് വയനാട്-താമരശ്ശേരിചുരത്തില്‍ താല്‍ക്കാലികമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെപ്പെടുത്തി. ലോറി, ബസ് തുടങ്ങിയ വലിയ വാഹനങ്ങള്‍ക്കാണ് നിയന്ത്രണം.

ചുരത്തിലെ എട്ടാം വളവ് പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്. ഏഴാം വളവ് ഇടിയാന്‍ സാധ്യതയുണ്ടെന്ന് കണ്ടതിനെ തുടര്‍ന്ന് പി.ഡബ്ലു.ഡി എന്‍ജിനീയര്‍മാര്‍ അടക്കം സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ടെന്ന് താമരശ്ശേരി പോലീസ് അറിയിച്ചു. വയനാട് ഭാഗത്ത് നിന്നും വരുന്ന ബസുകള്‍ കല്‍പറ്റവരെ മാത്രമാണ് സര്‍വീസ് നടത്തുന്നത്.

ശക്തമായ മഴയെ തുടര്‍ന്ന് ഇന്ന് രാവിലെ ഏഴ് മണിവരെ ആംബുലന്‍സും മറ്റ് അടിയന്തര വാഹനങ്ങളുമല്ലാതെ മറ്റൊന്നും കടത്തിവിട്ടിരുന്നില്ല. എന്നാല്‍ ഇന്നും മഴ ശക്തമായതോടെയാണ് ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്.