ദാന വര്‍ഷാചരണം: ബ്ലാക് മാര്‍ക്കുകള്‍ നീക്കാന്‍ നടപടി

Posted on: September 17, 2017 8:17 pm | Last updated: September 17, 2017 at 8:17 pm

അബുദാബി: ഗതാഗത നിയമലംഘനത്തെ തുടര്‍ന്ന് ഡ്രൈവിങ് ലൈസന്‍സില്‍ പതിഞ്ഞ ബ്ലാക് മാര്‍ക്കുകള്‍ നീക്കാന്‍ സംവിധാനം.
യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പ്രഖ്യാപിച്ച ദാനവര്‍ഷത്തിന്റെ ഭാഗമായാണ് ശിക്ഷയില്‍ ഇളവ് നല്‍കുന്നത്.
ഗതാഗത നിയമലംഘനങ്ങളുടെ തോതനുസരിച്ച് പിഴയും ലൈസന്‍സില്‍ ബ്ലാക് മാര്‍ക്കും പതിക്കുകയാണ് നിലവിലെ ശിക്ഷാരീതി. ഒരു വര്‍ഷത്തിനിടെ 24 ബ്ലാക് മാര്‍ക്ക് തികയുന്നവര്‍ക്ക് ലൈസന്‍സ് നഷ്ടപ്പെടും. ഗതാഗത നിയമം പരിഷ്‌കരിച്ചതോടെ നിയമലംഘനങ്ങള്‍ക്കുള്ള ശിക്ഷ വര്‍ധിപ്പിക്കുകയും ചെയ്തു.

ഈ പശ്ചാതലത്തില്‍ ഗതാഗത വകുപ്പ് നല്‍കുന്ന ഇളവ് പ്രയോജനപ്പെടുത്തി ട്രാഫിക് ഫയല്‍ കുറ്റമറ്റതാക്കാന്‍ പതിനായിരങ്ങള്‍ക്ക് അവസരംലഭിക്കും. പുതിയ ഗതാഗത നിയമം നിലവില്‍ വരുന്നതിന് മുന്‍പ് ലഭിച്ച ബ്ലാക് മാര്‍ക്കുകളാണ് നീക്കംചെയ്യുക. ട്രാഫിക് ഫയലുകള്‍ കുറ്റമറ്റതാക്കി ഡ്രൈവിങ് ലൈസന്‍സുകള്‍ സമയബന്ധിതമായി പുതുക്കാന്‍ ഇതുവഴി സാധിക്കും.
ഇതുവരെ 8.83 ലക്ഷം ഡ്രൈവര്‍മാരുടെ ബ്ലാക് മാര്‍ക്കുകള്‍ നീക്കിനല്‍കിയതായി ട്രാഫിക് വിഭാഗം അറിയിച്ചു.
വ്യക്തിയുടെ ട്രാഫിക് ഫയല്‍ പരിശോധനാ വിധേയമാക്കിയായിരിക്കും ആനുകൂല്യത്തിന് അര്‍ഹനാണോ എന്ന് തീരുമാനിക്കുക.
ബ്ലാക് മാര്‍ക്കുകള്‍ നീക്കി ട്രാഫിക് ഫയല്‍ കുറ്റമറ്റതാക്കിയവര്‍ ഗതാഗത നിയമങ്ങള്‍ പാലിച്ച് വാഹനമോടിക്കാന്‍ ശ്രദ്ധിക്കണമെന്ന് മേജര്‍ സുഹൈല്‍ ഓര്‍മിപ്പിച്ചു.
എമിറേറ്റിലെ റോഡുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് ശിക്ഷയില്‍ ഇളവുനല്‍കുന്നത്. ഇതു മനസ്സിലാക്കി കരുതലോടെ വാഹനമോടിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗുരുതര കുറ്റത്തിന് ഇളവില്ല. ഗുരുതര നിയമലംഘനങ്ങള്‍ക്ക് ലഭിച്ച ബ്ലാക്ക് മാര്‍ക്കുകള്‍ നീക്കം ചെയ്യില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
അമിതവേഗം, ചുവപ്പ് സിഗ്‌നല്‍ മറികടക്കുക, ജീവന് ഭീഷണിയാകുംവിധം വാഹനം ഓടിക്കുക, മദ്യപിച്ചു വാഹനമോടിക്കുക, ഗുരുതര അപകടങ്ങള്‍ക്ക് വഴിവെക്കും വിധം വാഹനം ഓടിക്കുക എന്നിവക്ക് പുറമേ ഈ കേസുകളില്‍ കോടതി ശിക്ഷിച്ചവര്‍ക്കും ഇളവ് ലഭിക്കില്ലെന്ന് അബുദാബി ഗതാഗത വിഭാഗം നിയമലംഘന വകുപ്പ് തലവന്‍ മേജര്‍ സുഹൈല്‍ ഫറജ് അല്‍ഖുബൈസി അറിയിച്ചു.