കൊലവിളി പ്രസംഗം: ശശികലക്ക് എതിരെ തുറന്നടിച്ച് മുഖ്യമന്ത്രി

Posted on: September 10, 2017 7:08 pm | Last updated: September 11, 2017 at 9:39 am

കൊച്ചി: ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയുടെ വിഷം ചീറ്റുന്ന പ്രഭാഷണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. മൃത്യുഞ്ജയ ഹോമം നടത്തണമെന്ന് പറയാന്‍ കേരളത്തില്‍ ആളുണ്ടായി എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമൂഹത്തെ ഏത് ദിശയിലേക്ക് തിരിച്ചുവിടാനാണ് ഇത്തരക്കാര്‍ ആഗ്രഹിക്കുന്നത് എന്നതിന്റെ തെളിവാണ് മൃത്യുഞ്ജയ മന്ത്രം ഓര്‍മിപ്പിക്കുന്നതിലൂടെ കാണാന്‍ കഴിയുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കണ്ണൂരില്‍ നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

എഴുത്തുകാര്‍ ക്ഷേത്രത്തില്‍ പോയി മൃത്യുഞ്ജയ ഹോമം കഴിപ്പിക്കണമെന്നും ഇല്ലെങ്കില്‍ ഗൗരിമാരെ പോലെ (ഗൗരി ലങ്കേഷ്) നിങ്ങളും ഇരകളാക്കപ്പെടാമെന്നുമാണ് ശശികല ഗീര്‍വാണം മുഴക്കിയത്. പറവൂരില്‍ ഹിന്ദു ഐക്യവേദി രണ്ടു ദിവസം മുമ്പ് സംഘടിപ്പിച്ച പൊതുപരിപാടിയിലായിരുന്നു ശശികലയുടെ ഭീഷണിപ്രസംഗം. പ്രസംഗത്തിനെതിെര വിഡി സതീശന്‍ എംഎല്‍എയുടെ പരാതിയില്‍ എറണാകുളം റൂറല്‍ എസ്പി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.