നെടുമ്പാശേരിയിൽ വിമാനം റൺവേയിൽ നിന്നു തെന്നിമാറി; ഒഴിവായത് വൻ ദുരന്തം

Posted on: September 5, 2017 5:39 am | Last updated: September 5, 2017 at 11:06 am
SHARE

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി വൻ ദുരന്തം ഒഴിവായി. അബൂദബിയിൽ നിന്ന് കൊച്ചിയിലേക്ക് വന്ന എയർ ഇന്ത്യ എക്സ്പ്രസ്സ് ഐ എക്സ്  452 നമ്പർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ 2.45നായിരുന്നു അപകടം

ലാൻഡിങ്ങിന് ശേഷം ടാക്സി ബേയിൽ നിന്ന് പാർക്കിംഗ് ബേയിലേക്ക് നീങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് റൺവേക്ക് സമീപമുള്ള ഓടയിലേക്ക് തെന്നി മാറുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 102 യാത്രക്കാരും സുരക്ഷിതരാണെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. വിമാനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വിമാന സുരക്ഷാവിഭാഗം ഉദ്യോഗസ്ഥർ എത്തിയശേഷം വിമാനം പാർക്കിംഗ്   ബേയിൽ നിന്ന് മാറ്റും.

കനത്ത മഴ പൈലറ്റിന്റെ കാഴ്ച്ച തടസ്സപ്പെടുത്തിയതാണ് വിമാനം തെന്നിമാറാൻ കാരണമായതെന്ന് എയർ ഇന്ത്യ അധികൃതർ വിശദീകരിച്ചു. സംഭവത്തെക്കുറിച്ച് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷിക്കും.