അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയാകും

Posted on: September 2, 2017 9:26 pm | Last updated: September 3, 2017 at 6:52 am

ന്യൂഡല്‍ഹി: ബിജെപി നേതാവ് അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയാകുമെന്ന് സൂചന. കണ്ണന്താനം ഉള്‍പ്പെടെ ഒമ്പത് പുതിയ മന്ത്രിമാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അശ്വനി കുമാര്‍ ചൗബെ, ശിവപ്രതാപ് ശുക്ല, വീരേന്ദ്രകുമാര്‍, അനന്ത്കുമാര്‍ ഹെഗ്‌ഡേ, രാജ്കുമാര്‍ സിംഗ്, ഗജേന്ദ്ര സിംഗ് ശെഖാവത്ത്, സത്യപാല്‍ സിംഗ്, ഹര്‍ദീപ് സിംഗ് പുരി എന്നിവരും നാളെ കണ്ണന്താനത്തോടൊപ്പം സത്യപ്രതിജ്ഞ ചെയ്യും. നിര്‍മലാ സീതാരാമന്‍ ക്യാബിനറ്റ് പദവിയിലേക്ക് വരുമെന്നാണ് വിവരം. മന്ത്രിസഭയില്‍ അരെയൊക്കെ ഉള്‍പ്പെടുത്തണമെന്നത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ആര്‍എസ്എസ് നേതൃത്വവുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് അമിത് ഷാ മോദിയെ കാണാനെത്തിയത്.

കണ്ണന്താനത്തിന് സഹമന്ത്രി സ്ഥാനം ലഭിക്കുമെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം ചണ്ഡീഗഢ് അഡ്മിനിസ്‌ടേറ്ററായി കണ്ണന്താനത്തെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചിരുന്നു. ലഫ്. ഗവര്‍ണറിന് തുല്ല്യമായ പദവിയിലായിരുന്നു നിയമനം.എന്നാല്‍, എതിര്‍പ്പിനെ തുടര്‍ന്ന് ഇത് പിന്‍വലിച്ചു. ഐഎഎസ് ഉപേക്ഷിച്ചാണ് കണ്ണന്താനം രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. 2006ല്‍ ലാന്‍ഡ് റവന്യു കമ്മീഷണറായിരിക്കെ പദവി രാജിവെച്ച അദ്ദേഹം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി. കാഞ്ഞിരപ്പള്ളിയില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എന്നാല്‍, 2001ല്‍ കാലാവധി തികക്കുന്നതിന് മുമ്പ് രാജിവെച്ച് ബിജെപിയില്‍ ചേരുകയായിരുന്നു. നാളെ രാവിലെ 10.30ന് രാഷ്ട്രപതി ഭവനില്‍ വെച്ചാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ.