‘അമ്മ’യുടെ നികുതി വെട്ടിപ്പ്; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ മുരളീധരന്‍

Posted on: July 21, 2017 2:55 pm | Last updated: July 21, 2017 at 7:57 pm
കെ.മുരളീധരന്‍

തിരുവനന്തപുരം: താരസംഘടനയായ അമ്മ യുടെ നികുതി വെട്ടിപ്പില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ മുരളീധരന്‍ എംഎല്‍എ. അമ്മ സംഘടനയെ നയിക്കുന്നത് ഇന്നസെന്റും ഇടത് സംഘടനകളുമാണെന്നും അതിനാല്‍ സത്യം പുറത്ത് വരാന്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.

താര സംഘടനയായ അമ്മ വമ്പന്‍ നികുതി വെട്ടിപ്പ് നടത്തിയതായി ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു. താര നിശകള്‍ക്കായി കിട്ടിയ എട്ട് കോടിയിലധികം രൂപയുടെ പ്രതിഫലം ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ പേരില്‍ വകമാറ്റിയാണ് നികുതി വെട്ടിപ്പ് നടത്തിയതെന്നാണ് കണ്ടെത്തിയത്.

അതേസമയം നികുതി വെട്ടിപ്പിനെതിരായ നടപടിക്കെതിരെ ആദായ നികുതി വകുപ്പിന്റെ അപ്പീല്‍ അതോറിറ്റിയെ അമ്മ സമീപിച്ചിരിക്കുകയാണ്. റിക്കവറി അടക്കമുള്ള നടപടിക്കെതിരെ ഇടക്കാല സ്‌റ്റേയും ഹൈക്കോടതിയില്‍നിന്ന് അമ്മ വാങ്ങിയിട്ടുണ്ട്.

എട്ട് കോടിയിലധികം വന്നുവെങ്കിലും കേവലം രണ്ട് കോടി രൂപ മാത്രമാണ് വരവ് വച്ചതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ബാക്കി തുക ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ചുവെന്നാണ് അമ്മയുടെ വിശദീകരണം. എന്നാല്‍ ഇതിന്റെ കണക്കും പൂര്‍ണമായും ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല.