Connect with us

Editorial

ബഗ്ദാദിമാരുടെ ജനനവും മരണവും

Published

|

Last Updated

ഭീകരസംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി “ഒരിക്കല്‍ കൂടി” കൊല്ലപ്പെട്ടിരിക്കുന്നു. സിറിയന്‍ മനുഷ്യാവകാശ സംഘടനാ മേധാവി റമി അബ്‌ദേലാണ് മരണ വിവരം അറിയിച്ചത്. ഇയാളുടെ മരണം മുമ്പും പലപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മെയ് 28ന് റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ ബഗ്ദാദി കൊല്ലപ്പെട്ടതായി അവര്‍ അവകാശപ്പെട്ടിരുന്നു. റഖയില്‍ വെച്ച് കൊല്ലപ്പെട്ടെന്നാണ് റഷ്യ അറിയിച്ചിരുന്നത്. അന്ന് ഐ എസ് അത് സ്ഥിരീകരിച്ചിരുന്നില്ലെന്നും ഇപ്പോള്‍ സംഘടനയുടെ വക്താക്കള്‍ തന്നെ മരണം സ്ഥിരീകരിച്ചിട്ടുണ്ടെന്നുമാണ് റമി അബ്‌ദേല്‍ പറയുന്നത്. എന്നാല്‍ എങ്ങനെയാണ്, എവിടെ വെച്ചാണ് കൊല്ലപ്പെട്ടതെന്ന് കൃത്യമായി അറിയില്ലെന്നത് ഈ റിപ്പോര്‍ട്ടിന്റെ വിശ്വാസ്യതയെ ബാധിക്കുന്നുണ്ട്.

സിറിയയുടെ കിഴക്കന്‍ പ്രദേശത്ത് ഇറാഖിനോട് ചേര്‍ന്നുകിടക്കുന്ന സ്ഥലത്താണ് ബഗ്ദാദി അവസാനകാലത്ത് ഉണ്ടായിരുന്നതെന്നും അവിടെ വെച്ചാകാം എന്നുമുള്ള അനുമാനം മാത്രമാണുള്ളത്.
മരിച്ചാലും ഇല്ലെങ്കിലും ഇറാഖിലും സിറിയയിലും ക്രൂരമായ ആക്രമണങ്ങളും പീഡന മുറകളും അഴിച്ചുവിടുന്ന ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ തലവന്‍ ആരാണെന്നത് ഇപ്പോഴും ദുരൂഹമാണ്. ഇറാഖിലെ സമാറയില്‍ ജനിച്ചു, ബഗ്ദാദ് സര്‍വകലാശാലയില്‍ നിന്നും ഇസ്‌ലാമിക് വിഷയത്തില്‍ ബിരുദാനന്തര ബിരുദവും പി എച്ച് ഡിയും നേടുകയും 2003ല്‍ അമേരിക്കയുടെ ഇറാഖ് അധിനിവേശ കാലത്ത് ബാഗ്ദാദിലെ ഒരു പള്ളിയില്‍ ഇമാമായി ജോലി ചെയ്തു. തുടര്‍ന്ന് ഇറാഖില്‍ ശക്തിയാര്‍ജിച്ച ഭീകര സംഘടനകളുടെ ഭാഗമായി മാറുകയും ഐ എസിന്റെ മേധാവിയായിരുന്ന അബൂ മുസബ് അല്‍ സര്‍ഖാവി കൊല്ലപ്പെട്ടതോടെ അതിന്റെ തലപ്പത്ത് വരികയുമായിരുന്നുവെന്നാണ് ബഗ്ദാദിയെക്കുറിച്ചു പാശ്ചാത്യ കേന്ദ്രങ്ങളുടെ പരിചയപ്പെടുത്തല്‍.
അതേസമയം മുസ്‌ലിം രാഷ്ട്രങ്ങളില്‍ ആഭ്യന്തര കലാപങ്ങളും അസ്ഥിരതയും സൃഷ്ടിക്കാന്‍ ഇസ്‌റാഈല്‍ ചാരസംഘടനയായ മൊസാദ് അയച്ച ഏജന്റാണ് ബഗ്ദാദിയെന്നാണ,്

അമേരിക്കയുടെയും ഇസ്‌റാഈലിന്റെയും പാശ്ചാത്യ രാജ്യങ്ങളുടെയും രഹസ്യങ്ങള്‍ പുറത്തുകൊണ്ടു വന്ന അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സി ജീവനക്കാരന്‍ എഡ്വാര്‍ഡ് സ്‌നോഡന്റെ വെളിപ്പെടുത്തല്‍. ജൂതനായ ബഗ്ദാദിയുടെ യഥാര്‍ഥ പേര് എലിയറ്റ് ഷിമോണ്‍ എന്നാണത്രേ. ഇസ്‌ലാമിക സമൂഹത്തിനെതിരെ ചാരവൃത്തിക്കും മനഃശാസ്ത്രയുദ്ധത്തിനുമായി വിദഗ്ധ പരിശീലനവും അറബി ഭാഷയിലും ഇസ്‌ലാമിക വിഷയങ്ങളിലും അറിവും നല്‍കിയ ശേഷമാണ് മൊസാദ് അയാളെ രംഗത്തിറക്കിയതെന്നും സ്‌നോഡന്‍ രേഖപ്പെടുത്തുന്നു. സ്‌നോഡന്റെ രേഖകള്‍ പരിശോധിച്ച ഇറാനിയന്‍ ഇന്റലിജന്‍സും അറബിക് ഇന്റര്‍നെറ്റ് റേഡിയോ അജ്‌യാലും ന്യൂസ് വെബ്‌സൈറ്റായ ഈജിപ്രസും അത് സ്ഥിരീകരിക്കുകയുണ്ടായി. സിറിയയിലെ ഗോലന്‍ കുന്നില്‍ സമാധാന ശ്രമങ്ങള്‍ക്കായി നിയോഗിക്കപ്പെട്ട യു എന്‍ നിരീക്ഷകര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇസ്‌റാഈല്‍ ഡിഫന്‍സ് ഫോഴ്‌സിന്, 2013 മുതല്‍ ഇസ്‌ലാമിക് സ്‌റ്റേറ്റുമായി നേരിട്ട് ബന്ധമുള്ളതായി വ്യക്തമാക്കുന്നു. ഐ എസിനെ തകര്‍ക്കാനായി ബ്രിട്ടന്റയും ഓസ്‌ട്രേലിയയുടെയും മറ്റും സഹകരണത്തോടെ അമേരിക്ക ഓപറേഷന് തുടക്കം കുറിച്ചപ്പോള്‍ ഇസ്‌റാഈല്‍ അതിന് പിന്തുണ നല്‍കിയില്ലെന്ന് മാത്രമല്ല തെറ്റായ ഒരു നീക്കമായി അതിനെ കുറ്റപ്പെടുത്തുകയാണുണ്ടായത് എന്നതും ശ്രദ്ധേയമാണ്.

ഐ എസില്‍ നിന്ന് പിടികൂടിയ ആയുധങ്ങള്‍ ഇസ്‌റാഈലില്‍ നിര്‍മിച്ചവയാണെന്നും കണ്ടെത്തിയിട്ടുമുണ്ട്.
പശ്ചിമേഷ്യയില്‍ ജൂതനേതൃത്വം വിഭാവനം ചെയ്യുന്നത് നിലവില്‍ ഇസ്‌റാഈലിന്റെ കൈവശമുള്ളതോ, ഫലസ്ഥീന്റെ അവശേഷിച്ച ഭാഗങ്ങളും കൂടി ചേര്‍ന്നതോ ആയ ഒരു രാഷ്ട്രമല്ല, നൈല്‍ നദി മുതല്‍ യൂഫ്രട്ടീസ് വരെ നീണ്ടുകിടക്കുന്ന “ഗ്രേറ്റര്‍ ഇസ്‌റാഈല്‍” ആണ്. സയണിസത്തിന്റെ സ്ഥാപകന്‍ തിയോഡര്‍ ഇത് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. അത്തരമൊരു രാഷ്ട്രം സാധ്യമാകണമെങ്കില്‍ മേല്‍ അതിര്‍ത്തിക്കുള്ളില്‍ വരുന്ന അറബ് രാഷ്ട്രങ്ങളിലും സമൂഹത്തിലും ഛിദ്രതയും കുഴപ്പവും സൃഷ്ടിക്കേണ്ടത് ആവശ്യമാണ്. അമേരിക്കയെ കൂട്ടുപിടിച്ചു ഇറാഖിനെ ഉഴുതുമറിച്ചത് ഇതിന്റെ ഭാഗമായിരുന്നു. അറബ് ലോകത്തെ അസ്ഥിരത അമേരിക്കയുടെ കൂടി ആവശ്യമാണല്ലോ. സിറിയയില്‍ ഐ എസിലൂടെ ഇസ്‌റാഈല്‍ നിര്‍വഹിച്ചു കൊണ്ടിരിക്കുന്നത് അതിന്റെ തുടര്‍ച്ചയാണ്.

തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടുന്നതിന് ഇസ്‌റാഈലിനും അമേരിക്കക്കും അല്‍ബഗ്ദാദിമാരെയും ബിന്‍ലാദന്മാരെയും തീവ്രസലഫിസത്തെയും വേണ്ടതുണ്ട്. ആവശ്യാനുസാരം നിയോസലഫിസത്തിന്റെ ആശയങ്ങള്‍ പകര്‍ന്നു നല്‍കിയ “ഇസ്‌ലാമിക ഭീകരരെ” അവര്‍ പരിശീലിപ്പിച്ചു രംഗത്തിറക്കിക്കൊണ്ടിരിക്കും. ആവശ്യം കഴിഞ്ഞാല്‍ കൊന്നൊടുക്കുകയും ചെയ്യും. ബഗ്ദാദി മരിച്ചെന്ന റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ തീവ്രസലഫിസത്തിന്റെ ഭീകര ആശയങ്ങള്‍ കുടിപ്പിച്ച മറ്റൊരു തീവ്രവാദി നേതാവ് താമസിയാതെ രംഗത്ത് വന്നേക്കാം. ഒരു പക്ഷേ സി ഐ എയുടെയേ, മൊസ്സാദിന്റെയോ ക്യാമ്പില്‍ ഈ സൃഷടിപ്പ് നടക്കുന്നുണ്ടാകണം.

Latest