രണ്ട് മക്കളെ വെട്ടിക്കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു

Posted on: July 9, 2017 11:18 pm | Last updated: July 9, 2017 at 11:17 pm

കഴക്കൂട്ടം: പത്തും ആറും വയസുള്ള മക്കളെ വെട്ടിയും കുത്തിയും ക്രൂരമായി കൊലപ്പെടുത്തിയശേഷം പിതാവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം വിതുര സ്വദേശിയും നേരത്തെ കണ്ണമൂല ചെന്നിലോട് കെ വി ആര്‍ എ 35 സ്‌നേഹഭവനില്‍ താമസക്കാരനുമായിരുന്ന ഷിബി(39) ആണ് മക്കളായ ഫെബിന(10 ), ഫെബിന്‍ (ആറ്)എന്നിവരെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.
ഇന്നലെ രാവിലെ വേളി ബോട്ട് ക്ലബ്ബി നടുത്ത് നൂറടി പാലത്തിലെ റയില്‍വേ പാലത്തിന് സമീപം പാളം പരിശോധനക്കെത്തിയ റെയില്‍വേ ഗാങ്ങ്മാന്‍ കൊല്ലം തിരുവനന്തപുരം പാതക്കടുത്തു ഒരു കൈ അറ്റു കിടക്കുന്നതു ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

കഴുത്തിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ നിലയിലായിരുന്നു രണ്ട് കുഞ്ഞുങ്ങളുടെയും മൃതദേഹങ്ങള്‍. മണിക്കൂറുകള്‍ നീണ്ട തിരച്ചിലില്‍ ഫയര്‍ ഫോഴ്‌സിന്റെ മുങ്ങല്‍ വിദഗ്ധരാണ് വേളി കായലിലെ കുളവാഴയില്‍ കുരുങ്ങിയ നിലയില്‍ ഷിബിയുടെ മൃതദേഹം വൈകിട്ട് 4.30ഓടെ കണ്ടെടുത്തത്.

ഷെബിനും ഭാര്യ എസ് എ പി ക്യാമ്പിലെ ഉദ്യോഗസ്ഥയായ ഹന്നയും തമ്മില്‍ കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് മാസങ്ങളായി പിണങ്ങി കഴിയുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടു കൂടി ഷിബിന്‍ വിതുരയില്‍ നിന്ന് ചെന്നിലോടെത്തി കുട്ടികളെ പള്ളിയില്‍ പോകാനായി നിര്‍ബന്ധിച്ച് വീട്ടില്‍ നിന്നിറക്കി കൊണ്ടുപോകുകയായിരുന്നു.