നടിയെ ആക്രമിച്ച കേസ് അന്വേഷണം ശരിയായ ദിശയില്‍: എഡിജിപി ബി സന്ധ്യ

Posted on: July 4, 2017 1:32 pm | Last updated: July 4, 2017 at 3:33 pm

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം ശരിയായ ദിശയിലാണെന്ന് അന്വേഷണ ചുമതല കൂടിയുള്ള എഡിജിപി ബി സന്ധ്യ. കേസിലെ ഗൂഢാലോചനയാണ് അന്വേഷിക്കുന്നത്. ആവശ്യമെങ്കില്‍ അന്വേഷണ സംഘത്തെ വിപുലീകരിക്കുമെന്നും അവര്‍ പറഞ്ഞു.

നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ വിവരങ്ങള്‍ ഡിജിപി സെന്‍കുമാറിനെ കൃത്യമായി അറിയിച്ചിരുന്നുവെന്ന് സന്ധ്യ നേരത്തെ ഡിജിപി ലോക്‌നാഥ് ബെഹ്‌റക്ക് അയച്ചകത്തില്‍ വ്യക്തമാക്കിയിരുന്നു. ദിലീപിനെ ചോദ്യം ചെയ്യാന്‍ ചോദ്യാവലി ഉണ്ടാക്കിയത് എല്ലാവരും ചേര്‍ന്നാണ്. അന്വേഷണ സംഘത്തലവന്‍ ഐജി ദിനേന്ദ്ര കശ്യപ് കഴിഞ്ഞ 26ന് ഡിജിപിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും കത്തില്‍ പറയുന്നു.

നടിയെ ആക്രമിച്ച കേസ് അന്വേഷണത്തില്‍ ഏകോപനമില്ലെന്നും തുടരന്വേഷണം സംബന്ധിച്ച വിശദാംശങ്ങള്‍ ഉന്നത ഉദ്യോഗസ്ഥര്‍ പോലും അറിയില്ലെന്നും എഡിജിപി ബി സന്ധ്യ ഒറ്റക്കാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്നും സെന്‍കുമാര്‍ ആരോപിച്ചിരുന്നു.

കേസില്‍ കഴിഞ്ഞ ദിവസം ദിലീപിനേയും നാദിര്‍ഷായേയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയും ആലുവ പൊലീസ് ക്ലബ്ബില്‍ 13 മണിക്കൂര്‍ ചോദ്യം ചെയ്തത് സന്ധ്യയുടെ നേതൃത്വത്തില്‍ ആയിരുന്നു.