Connect with us

Kerala

കേരളത്തെ മദ്യാലയമാക്കാന്‍ ശ്രമം: ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം: കേരളത്തെ മദ്യാലയമാക്കാനാണ് ഇടതുസര്‍ക്കാരിന്റെ ശ്രമമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. യു ഡി
എഫ് മദ്യനയത്തോടെ ജനങ്ങള്‍ പൊരുത്തപ്പെട്ടു വരുമ്പോഴാണ് ഇരുട്ടടി പോലെ ഇടതുസര്‍ക്കാരിന്റെ തെറ്റായ മദ്യനയം ഇത് മദ്യമുതലാളിമാരുമായി ഇടതുപക്ഷം തെരഞ്ഞെടുപ്പിനുമുമ്പ് ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം ആരോപിച്ചു. സര്‍ക്കാരിന്റെ തെറ്റായ മദ്യനയത്തിനെതിരെയും രൂക്ഷമായ വിലക്കയറ്റം, പകര്‍ച്ചപ്പനി തടയുന്നതില്‍ സര്‍ക്കാരിന്റെ അനാസ്ഥ, മെഡിക്കല്‍ ഫീസ് കുത്തനെ ഉയര്‍ത്തിയത് എന്നിവക്കെതിരെയും സംസ്ഥാന വ്യാപകമായി യു ഡി എഫ് ആഹ്വാനം ചെയ്ത ധര്‍ണ സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണത്തില്‍ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ട സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. മുഖ്യമന്ത്രി പറയുന്നത് മന്ത്രിമാര്‍ കേള്‍ക്കുന്നില്ല. മന്ത്രിമാര്‍ പറയുന്നത് മുഖ്യമന്ത്രിയും കേള്‍ക്കുന്നില്ല. മുഖ്യമന്ത്രി യോഗം വിളിച്ചാല്‍ പോലും മന്ത്രിമാര്‍ പങ്കെടുക്കാത്ത ചരിത്രത്തിലെ അസാധാരണമായ സംഭവങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം വഴിതെറ്റിച്ചതിന്റെ ഒന്നാം പ്രതി മുഖ്യമന്ത്രിയാണ്. അക്രമത്തില്‍ ഗൂഢാലോചനയില്ലെന്ന ആഭ്യന്തരത്തിന്റെ ചുമതലകൂടി വഹിക്കുന്ന മുഖ്യമന്ത്രി പറഞ്ഞതാണ് അന്വേഷണം വഴിതെറ്റാന്‍ കാരണം.
അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ക്ക് ഏകോപനമില്ലെന്ന് ഡി ജി പി തന്നെ സമ്മതിച്ചിരിക്കുന്നു. സ്ത്രീ സുരക്ഷ എന്നുപറഞ്ഞ് അധികാരത്തില്‍ വന്നിട്ട് പ്രമുഖ നടിക്കുപോലും രക്ഷയില്ല. പിന്നെ, സാധാരണക്കാരുടെ കാര്യം പറയേണ്ടതില്ല. സംസ്ഥാനത്ത് 250 പേര്‍ പനിമൂലം മരിച്ചു വീണിട്ടും ആരോഗ്യമന്ത്രിക്ക് അനക്കമില്ല. നിരുത്തരവാദപരമായിട്ടാണ് മന്ത്രിയുടെ പെരുമാറ്റമെന്നും ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിമുന്നിലും മറ്റു ജില്ലകളില്‍ കലക്ടറേറ്റുകള്‍ക്ക് മുന്നിലുമാണ് ധര്‍ണകള്‍ സംഘടിപ്പിച്ചത്.

കൊല്ലം കലക്ടറേറ്റിനുമുന്നില്‍ നടന്ന ധര്‍ണ എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ , ആലപ്പുഴയില്‍ ജനതാദള്‍ (യു) ജനറല്‍ സെക്രട്ടറി ഡോ. വര്‍ഗീസ് ജോര്‍ജ്, പത്തനംതിട്ടയില്‍ മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കോട്ടയത്ത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഇടുക്കിയില്‍ മുന്‍മന്ത്രി അനൂപ് ജേക്കബ്, എറണാകുളത്ത് കെ മുരളീധരന്‍ എം എല്‍ എ , തൃശൂരില്‍ വി ഡി സതീശന്‍ എം എല്‍ എ, പാലക്കാട് മുസ്‌ലിംലീഗ് നേതാവ് കെ പി എ മജീദ്, മലപ്പുറത്ത് മുസ്‌ലീംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി, കോഴിക്കോട് കെ പി സി സി പ്രസിഡന്റ് എം എം ഹസന്‍, വയനാട് ജനതാദള്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കുഞ്ഞാലി, കണ്ണൂരില്‍ പ്രതിപക്ഷ ഉപനേതാവ് ഡോ. എം കെ മുനീര്‍ , കാസര്‍കോട് എ ഐ സി സി സെക്രട്ടറി പി സി വിഷ്ണുനാഥ് എന്നിവര്‍ ധര്‍ണകള്‍ ഉദ്ഘാടനം ചെയ്തു.