സോഷ്യല്‍ മീഡിയയില്‍ അപമാനിക്കപ്പട്ട എല്‍ദോക്ക് കൊച്ചി മെട്രോയുടെ ആദരം

2000 രൂപയുട സൗജന്യ യാത്രാ പാസ്സ്
Posted on: July 1, 2017 12:05 pm | Last updated: July 1, 2017 at 12:06 pm
Kmrl with eldho
കെ എംആര്‍ എല്‍. എം ഡി ഏലിയാസ് ജോര്‍ജ് എല്‍ദോക്ക് യാത്രാ പാസ് കൈമാറുന്നു

കൊച്ചി: സാമൂഹിക മാധ്യമങ്ങളിലെ തെറ്റായ പ്രചാരണത്തെ തുടര്‍ന്ന് അപമാനിതനായ അങ്കമാലി സ്വദേശി എല്‍ദോക്ക് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ എം ആര്‍ എല്‍) വക 2000 രൂപയുടെ സൗജന്യ യാത്രാ പാസ് നല്‍കി ആദരിച്ചു. ഭിന്നശേഷിക്കാരനായ എല്‍ദോ മെട്രോയില്‍ യാത്ര ചെയ്യുന്ന ചിത്രം തെറ്റായ അടിക്കുറിപ്പോടെ ചിലര്‍ പ്രചരിപ്പിച്ച സംഭവം വിവാദമായിരുന്നു. മെട്രോയില്‍ ക്ഷീണിതനായി കിടന്ന എല്‍ദോ, മെട്രോയില്‍ മദ്യപിച്ച് ഉറങ്ങുന്നുവെന്നായിരുന്നു പ്രചരിപ്പിക്കപ്പട്ടത്.

പിന്നീട് ഇതിന്റെ സത്യാവസ്ഥ മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവരികയായിരുന്നു. ഇതിനു പിന്നാലെയാണ് എല്‍ദോക്ക് കൊച്ചി മെട്രോയുടെ വക 2000 രൂപയുടെ യാത്രാ പാസ് സ്‌നേഹോപഹാരമായി നല്‍കിയത്. കൊച്ചി മെട്രോയുടെ പാലാരിവട്ടം സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ കെ എംആര്‍ എല്‍. എം ഡി ഏലിയാസ് ജോര്‍ജ് എല്‍ദോക്ക് യാത്രാ പാസ് സമ്മാനിച്ചു. സംഭവ ദിവസം നെഞ്ചുവേദനയെ തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന സഹോദരന്‍ നോമിയെ കാണാന്‍ ഭാര്യക്കും മകന്‍ ബേസിലിനുമൊപ്പം എത്തിയ എല്‍ദോ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്ന അനുജനെ കണ്ട് വിഷമിച്ചതിതെ തുടര്‍ന്ന് ബന്ധുക്കള്‍ നിര്‍ബന്ധിച്ച് വീട്ടിലേക്കു തിരിച്ചയച്ചയക്കുകയായിരുന്നു. ഇങ്ങനെ മടങ്ങുന്നതിനിടയാണ് 11 മണിയോടെ മകന്‍ ബേസിലിന്റെ ആഗ്രഹപ്രകാരം മെട്രോയില്‍ കയറിയത്.