ദിലീപിനെ ചോദ്യം ചെയ്യല്‍ നാല് മണിക്കൂര്‍ പിന്നിട്ടു

Posted on: June 28, 2017 4:56 pm | Last updated: June 28, 2017 at 10:20 pm

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നടന്‍ ദിലീപ്, മാനേജര്‍ അപ്പുണ്ണി, സുഹൃത്ത് നാദിര്‍ഷാ എന്നിവരെ ചോദ്യം ചെയ്യുന്നത് തുടരുന്നു. ആലുവ പോലീസ് ക്ലബില്‍ ഡിജിപി ബി സന്ധ്യ, ആലുവ റൂറല്‍ എസ്പി. എവി ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍.

ചോദ്യം ചെയ്യല്‍ നാല് മണിക്കൂര്‍ പിന്നിട്ടു. ഉച്ചക്ക് 2.30ഓടെയാണ് ഇവര്‍ ആലുവ പോലീസ് ക്ലബില്‍ എത്തിയത്. ദിലീപിനെ ചോദ്യം ചെയ്യുന്നത് പൂര്‍ത്തിയായെന്നാണ് സൂചന. താന്‍ നല്‍കിയ ബ്ലാക്ക്‌മെയില്‍ പരാതിയില്‍ മൊഴിനല്‍കാനാണ് എത്തിയതെന്ന് ദിലീപ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടും പോലീസ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.

ചോദ്യം ചെയ്യലുമായി ദിലീപ് അടക്കമുള്ളവര്‍ സഹകരിക്കുന്നതായി പോലീസ് വ്യക്തമാക്കി. ദിലീപിനെയും നാദിര്‍ഷായെയും വെവേറെ ഇരുത്തിയാണ് ചോദ്യം ചെയ്യല്‍. ദിലീപ് തനിക്ക് അറിയാവുന്ന പലകാര്യങ്ങളും പറഞ്ഞതായാണ് സൂചന.