കൊല്ലത്ത് സദാചാര ഗുണ്ടായിസം; യുവതിയെയും മകന്റെ സഹൃത്തിനെയും കെട്ടിയിട്ട് മര്‍ദിച്ചു

Posted on: June 24, 2017 1:32 pm | Last updated: June 24, 2017 at 9:08 pm

കൊല്ലം: കൊല്ലം ജില്ലയിലെ കടയ്ക്കല്‍ ചിതറയില്‍ സ്ത്രീക്കും മകന്റെ സുഹൃത്തിനും നേരെ സദാചാര ഗുണ്ടാ ആക്രമണം. രാത്രി വീട്ടിലെത്തിയ ചിലര്‍ തങ്ങളെ രണ്ട് പേരെയും മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചതായും വസ്ത്രം വലിച്ചു കീറാന്‍ ശ്രമിച്ചതായും പോലീസില്‍ സ്ത്രീ നല്‍കിയ പരാതിയില്‍ പറയുന്നു.

ജൂണ്‍ 12നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. വീടിന്റെ അടുക്കള വാതില്‍ ചവിട്ടിത്തുറന്നാണ് ഇവര്‍ അകത്തുകയറിയത്. പിന്നീട് തന്നെയും മകന്റെ സുഹൃത്തിനെയും മുറ്റത്തെ തെങ്ങില്‍ രണ്ട് മണിക്കൂറുകളോളം കെട്ടിയിട്ട് മര്‍ദിക്കുകയും വസ്ത്രം വലിച്ചു കീറാന്‍ ശ്രമിക്കുകയും ചെയ്തു. നാലരയോടെ നാട്ടുകാര്‍ എത്തി അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിയാണ് തങ്ങളെ രക്ഷപ്പെടുത്തിയതെന്ന് സ്ത്രീയുടെ പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ അടുത്ത ദിവസം തന്നെ ഇരുവരും പ്രത്യേകം കടയ്ക്കല്‍ പോലീസില്‍ പരാതി നല്‍കി. യുവാവിന്റെ പരാതിയില്‍ ഏഴ് പേര്‍ക്കെതിരെ കേസെടുത്തെങ്കിലും സ്റ്റേഷനില്‍ വിളിച്ചുവരുത്തി ഇവരെ ജാമ്യത്തില്‍ വിട്ടു. സ്ത്രീയുടെ പരാതിയില്‍ നടപടിയുണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. എന്നാല്‍, കേസില്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.