പാക്കിസ്ഥാനില്‍ സ്‌ഫോടനം;രണ്ടിടങ്ങളിലായി 50 മരണം

Posted on: June 23, 2017 8:21 pm | Last updated: June 23, 2017 at 10:07 pm

ഇസ്‌ലാമാബാദ്: തെക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ഖ്വറ്റയിലും വടക്കുപടിഞ്ഞാറന്‍ നഗരമായ പാരാചിനാറിലും കനത്ത സ്‌ഫോടനം. രണ്ടിടങ്ങളിലുമായി 50 ഓളം പേര്‍ കൊല്ലപ്പെട്ടു.

ബലൂചിസ്ഥാന്‍ പ്രവിശ്യാ പോലീസ് മേധാവിയുടെ കാര്യാലയത്തിന് സമീപമുണ്ടായ ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. 19 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം തീവ്രവാദി സംഘടനയായ പാക്കിസ്ഥാന്‍ താലിബാനുമായി ബന്ധമുള്ള ജമാഅത്തുല്‍ അഹ്‌റര്‍ ഏറ്റെടുത്തു. കൊല്ലപ്പെട്ടവരില്‍ ഏഴ്് പോലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിട്ടുണ്ട്. സംഭവത്തെ കുറിച്ച് വ്യക്തമായ അന്വേഷണം ആരംഭിച്ചതായി ബലൂചിസ്ഥാന്‍ പോലീസ് മേധാവി മുഹമ്മദ് അക്ബര്‍ വ്യക്തമാക്കി.
പോലീസ് മേധാവിയുടെ കാര്യലയത്തിലേക്കുള്ള ചെക്‌പോസ്റ്റിന് സമീപത്താണ് സ്‌ഫോടനം നടന്നത്. സ്‌ഫോടകവസ്തുക്കള്‍ നിറച്ചെത്തിയ കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. വാഹനം ചെക്‌പോസ്റ്റില്‍ പോലീസ് തടഞ്ഞ് നിര്‍ത്തിയപ്പോഴായിരുന്നു ആക്രമണം. പോലീസുകാര്‍ക്കും ട്രാഫിക് വാര്‍ഡന്‍മാര്‍ക്കുമാണ് പരുക്കേറ്റത്. ഇവരില്‍ പലരുടെയും നില അതീവ ഗുരുതരമാണ്. മരണ സംഖ്യ വര്‍ധിക്കാനിടയുണ്ടെന്ന് പോലീസ് വക്താവ് അല്‍താഫ് ഹുസൈന്‍ വ്യക്തമാക്കി. 95 കിലോയുടെ സ്‌ഫോടകവസ്തുക്കളായിരുന്നു കാറിലുണ്ടായിരുന്നതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
ബലൂചിസ്ഥാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ഖ്വറ്റയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പോലീസ്, സുരക്ഷാ ഉദ്യോഗസ്ഥരുടെ കാര്യാലയങ്ങള്‍ക്ക് നേരെയും വ്യാപകമായ ആക്രമണങ്ങളാണ് നടക്കാറുള്ളത്. നിരവധി പോലീസ്, സൈനിക ഉദ്യോഗസ്ഥര്‍ ഖ്വറ്റയിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ആഗസ്റ്റിലുണ്ടായ ആക്രമണത്തില്‍ 74 പേരും ഒക്ടോബറിലുണ്ടായ ആക്രമണത്തില്‍ 60 പേരും കൊല്ലപ്പെട്ടിരുന്നു. പാക് താലിബാന്‍, ഇസില്‍, ബലൂച് വിമതര്‍ എന്നിവരുടെ ആക്രമണം ഇവിടെ നടക്കാറുണ്ട്.

പാരാചിനാറിലെ മാര്‍ക്കറ്റില്‍ ഇന്നലെ വൈകുന്നേരം ഉണ്ടായ ഇരട്ട സ്‌ഫോടനങ്ങളില്‍ 26 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് പ്രാദേശിക വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇഫ്താറിനുള്ള വിഭവങ്ങള്‍ വാങ്ങാനെത്തിയവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മൂന്ന് മിനുട്ടുകള്‍ക്കിടെയായിരുന്നു രണ്ട് സ്‌ഫോടനങ്ങളും നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍, പാക് താലിബാനോ ഇസില്‍ തീവ്രവാദികളോയാണ് ആക്രമണം നടത്തിയതെന്ന് സംശയിക്കപ്പെടുന്നുണ്ട്.