Connect with us

Ongoing News

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ-പാക്കിസ്ഥാന്‍ ഫൈനല്‍ പോരാട്ടം

Published

|

Last Updated

ബിര്‍മിംഗ്ഹാം: ഐ സി സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ആഗോള ശ്രദ്ധയാകര്‍ഷിക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ ഫൈനല്‍. രണ്ടാം സെമിയില്‍ ബംഗ്ലാദേശിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ ഫൈനലിലേക്ക് പ്രവേശിച്ചത്. ആദ്യ സെമിയില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാണ് പാക്കിസ്ഥാന്‍ ഫൈനലുറപ്പിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത അമ്പതോവറില്‍ ഏഴ് വിക്കറ്റിന് 264 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 40.1 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സെടുത്ത് അനായാസം ജയം കരസ്ഥമാക്കി.
ഐ സി സി ടൂര്‍ണമെന്റുകളില്‍ 2010ന് ശേഷം ഇന്ത്യ നാലാമത്തെ ഫൈനലിനാണ് യോഗ്യത നേടിയത്.
59 പന്തുകള്‍ ശേഷിക്കെ ഇന്ത്യക്ക് ജയമുറപ്പാക്കിയത് മാന്‍ ഓഫ് ദ മാച്ചായ ഓപണര്‍ രോഹിത് ശര്‍മയുടെ സെഞ്ച്വറിയാണ് (123 നോട്ടൗട്ട്). വിരാട് കോഹ് ലി 96 റണ്‍സുമായി പുറത്താകാതെ നിന്നു. 46 റണ്‍സെടുത്ത ശിഖര്‍ ധവാന്റെ വിക്കറ്റ് മാത്രമാണ് നഷ്ടമായത്.

ബംഗ്ലാദേശ് ക്യാപ്റ്റന്‍ മുര്‍തസയുടെ ഫീല്‍ഡിംഗ്‌

129 പന്തുകളില്‍ 15 ഫോറും ഒരു സിക്‌സറും ഉള്‍പ്പെടുന്നതാണ് രോഹിത് ശര്‍മയുടെ ഇന്നിംഗ്‌സ്. ശിഖര്‍ ധവാന്‍ 34 പന്തിലാണ് 46 റണ്‍സിലെത്തിയത്. ഏഴ് ഫോറും ഒരു സിക്‌സറുമടങ്ങിയ ധവാന്റെ ഇന്നിംഗ്‌സ് ബംഗ്ലാദേശിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നതായി. തുടര്‍ന്നെത്തിയ വിരാട് 78 പന്തുകളില്‍ പതിമൂന്ന് ബൗണ്ടറികളുടെ സഹായത്തോടെ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിനെ വലിയ സ്‌കോറിലേക്കുയര്‍ത്താതെ പിടിച്ച് കെട്ടിയത് ബൗളര്‍മാരുടെ കൂട്ടായ പരിശ്രമമാണ്.
പേസര്‍മാരായ ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംമ്‌റയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ചേഞ്ചിംഗ് ബൗളറായെത്തിയ കേദാര്‍ യാദവ് രണ്ട് വിക്കറ്റെടുത്ത് ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചു നിന്നു. രവീന്ദ്ര ജഡേജക്ക് ഒരു വിക്കറ്റ്. പത്ത് ഓവറില്‍ 54 റണ്‍സ് വഴങ്ങിയ അശ്വിനും നാല് ഓവറില്‍ 34 റണ്‍സ് വിട്ടുകൊടുത്ത ഹര്‍ദിക് പാണ്ഡ്യയും വിക്കറ്റ് വീഴ്ത്തുന്നതിലും പരാജയമായി. അതേ സമയം കോഹ് ലി പരീക്ഷണാര്‍ഥം പന്തേല്‍പ്പിച്ച കേദാര്‍ ജാദവ് ആറ് ഓവറില്‍ 22 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി. എഴുപത് റണ്‍സെടുത്ത ഓപണര്‍ തമീം ഇഖ്ബാലും 61 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ മുഷ്ഫീഖുര്‍ റഹീമും മാത്രമാണ് ബംഗ്ലാ നിരയില്‍ അര്‍ധസെഞ്ച്വറി പ്രകടനം കാഴ്ചവെച്ചത്. ക്യാപ്റ്റന്‍ മശ്‌റഫെ മുര്‍തസ വാലറ്റത്ത് 25 പന്തില്‍ പുറത്താകാതെ നേടിയ 30 റണ്‍സാണ് ടീം സ്‌കോര്‍ 250 കടത്തിയത്.

രോഹിത് ശര്‍മ്മ

ആദ്യ ഓവറിലെ ആറാം പന്തില്‍ ഓപണര്‍ സൗമ്യ സര്‍ക്കാറിനെ (പൂജ്യം) ക്ലീന്‍ ബൗള്‍ഡാക്കി ഭുവനേശ്വര്‍ കുമാറാണ് ബംഗ്ലാദേശിന് ആദ്യ തിരിച്ചടി നല്‍കിയത്.
21 പന്തില്‍ നാല് ഫോറുകളുടെ പിന്‍ബലത്തോടെ 19 റണ്‍സടിച്ച സാബിര്‍ റഹീമിനെ ഭുവനേശ്വറിന്റെ പന്തില്‍ ജഡേജ ക്യാച്ച് ചെയ്തതോടെ ഇന്ത്യയുടെ നിയന്ത്രണത്തിലായി മത്സരം.
തമീം ഇഖ്ബാല്‍, മുഷ്ഫീഖുര്‍ റഹീം എന്നീ ഫോമിലേക്കുയര്‍ന്ന താരങ്ങളെ വീഴ്ത്തിയാണ് കേദാര്‍ ജാദവ് തരംഗമായത്.
ഇന്ത്യ-പാക്കിസ്ഥാന്‍ ഫൈനല്‍ ഞായറാഴ്ച ഓവലില്‍ നടക്കും. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ പാക്കിസ്ഥാനെ തോല്‍പ്പിച്ചിരുന്നു.

 

Latest