Connect with us

Gulf

ഉപരോധത്തിനെതിരെ കോടതിയെ സമീപിച്ചു; ബഹ്‌റൈന്‍ അഭിഭാഷകന്‍ ജയിലിലായി

Published

|

Last Updated

ദോഹ: ഖത്വറിനെതിരായ ഉപരോധം നീക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച ബഹ്‌റൈനി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. പ്രമുഖ അഭിഭാഷകന്‍ കൂടിയായ ഈസ ഫറാജ് അഹ്മ അല്‍ ബുറാശിദിനെയാണ് ബഹ്‌റൈനി അധികൃതര്‍ അറസ്റ്റ് ചെയ്തത്. ബഹ്‌റൈന്‍ മന്ത്രിസഭ, വിദേശകാര്യമന്ത്രാലയം, ആഭ്യന്തരമന്ത്രാലയം എന്നിവക്കെതിരെയാണ് ബുറാശിദ് ഹൈ അഡ്മിനിസ്‌ട്രേറ്റീവ്് കോടതിയെ സമീപിച്ചത്.
ഖത്വറിനോട് അനുഭാവം പ്രകടപ്പിക്കുന്നവര്‍ക്ക് അഞ്ചു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന് ബഹ്‌റൈന്‍ പ്രഖ്യാപിച്ചിരുന്നു. ദേശീയ ഐക്യത്തിനും സാമൂഹിക സ്വഭാവത്തിനും കോട്ടംവരുത്തുന്ന വിധത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തുവെന്നാരോപിച്ചാണ് ബുറാശിദിനെ അറസ്റ്റ് ചെയ്തത്. ബഹ്‌റൈന്‍ ആന്റി കറപ്ഷന്‍ ആന്‍ഡ് ഫിനാന്‍ഷ്യല്‍ ആന്‍ഡ് ഇലകട്രോണിക് സെക്യൂരിറ്റി ഏജന്‍സി ഡയറക്ടര്‍ ജനറലാണ് ഇക്കാര്യം അറിയിച്ചത്.
ഖത്വറുമായുള്ള എല്ലാ നയതന്ത്രബന്ധങ്ങളും അവസാനിപ്പിക്കാനുള്ള ജൂണ്‍ അഞ്ചിലെ ബഹ്‌റൈന്‍ മന്ത്രിസഭായോഗത്തിന്റെ ഉത്തരവ് ബഹ്‌റൈനിലെ ജനങ്ങള്‍ ഒന്നടങ്കം അത്ഭുതത്തോടെയാണ് ശ്രവിച്ചതെന്ന് ബുറാശിദ് പ്രതികരിച്ചിരുന്നു.
തീരുമാനം നടപ്പാക്കാന്‍ എല്ലാ മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും മന്ത്രിസഭ നിര്‍ദേശം നല്‍കിയിരുന്നു. ബഹ്‌റൈനി പൗരന്‍മാര്‍ക്ക് ഖത്വറിലേക്ക് പോകുന്നതിനും താമസിക്കുന്നതിനും വിലക്കും ഖത്വരികള്‍ക്ക് ബഹ്‌റൈനില്‍ പ്രവേശിക്കുന്നതിന് നിരോധനവും പ്രഖ്യാപിച്ചിരുന്നു. ബഹ്‌റൈനിലുള്ള ഖത്വരികള്‍ പതിനാല് ദിവസത്തിനകം രാജ്യത്തിനു പുറത്തേക്കുപോകണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. ബഹ്‌റൈന്‍ മന്ത്രിസഭയുടെ ഈ തീരുമാനത്തെയാണ് അഭിഭാഷകന്‍ കോടതിയില്‍ ചോദ്യം ചെയ്തതെന്ന് പ്രാദേശിക അറബിപത്രം അല്‍ അറബ് റിപ്പോര്‍ട്ട് ചെയ്തു. ഇത്തരം തീരുമാനങ്ങളും നടപടിക്രമങ്ങളും ബഹ്‌റൈനി ഭരണഘടനയിലെ വ്യവസ്ഥകളുടെ ലംഘനമാണെന്ന് ബുറാശിദ് വാദിക്കുന്നു. ജി സി സി, അറബ് ലീഗ് രാജ്യങ്ങള്‍ക്കിടയില്‍ സാമ്പത്തിക ഐക്യം പരിപാലിക്കുന്നതിന് പ്രവര്‍ത്തിക്കണമെന്നാണ് ഭരണഘടനയില്‍ വ്യക്തമാക്കുന്നത്. ഭരണഘടനയിലെ ഇതുമായി ബന്ധപ്പെട്ട എല്ലാവകുപ്പുകളും ഖത്വറിനെ നിരോധിക്കുന്നത് വിലക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

Latest